അഖിൽ കൊലപാതകം;പ്രതികളെ തെളിവെടുപ്പിനെത്തിച്ചു

Friday 24 May 2024 1:35 AM IST

തിരുവനന്തപുരം: കരമന ഇടഗ്രാമം സ്വദേശി അഖിലിനെ ഹോളോബ്രിക്സും കമ്പും കൊണ്ടടിച്ച് ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.നാട്ടുകാരുടെ രോക്ഷ പ്രകടനത്തിനിടെയായിരുന്നു തെളിവെടുപ്പ്.ഇക്കഴിഞ്ഞ 10നാണ് ഇടഗ്രാമത്തെ വീടിനു സമീപം വച്ച് അഖിൽ കൊല്ലപ്പെട്ടത്. പ്രതികളായ വിനിഷ് രാജ്, അഖിൽ അപ്പു, സുമേഷ്, അനീഷ്, കിരൺ കൃഷ്ണൻ, അരുൺ ബാബു, ഇവരെ ഒളിവിൽ പോകാൻ സഹായിച്ച ഹരിലാൽ, അഭിലാഷ് എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. വൻ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ എത്തിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് 12 ഓടെ അഖിലിന്റെ വീടിനോടു ചേർന്ന് കൊലപാതകം നടത്തിയ സ്ഥലത്ത് പ്രതികളെയും കൊണ്ട് പൊലീസെത്തിയതോടെ സമീപവാസികളും അഖിലിന്റെ വീട്ടുകാരുമെല്ലാം ബഹളമായി. പ്രതികളെ കണ്ടതോടെ അഖിലിന്റെ കുടുംബാംഗങ്ങളുടെ നിലവിളിയുയർന്നു. ഒപ്പം ശാപവചനങ്ങളും. നാട്ടുകാരാകട്ടെ രോക്ഷപ്രകടനങ്ങളുമായി പ്രതികൾക്ക് നേരെ പാഞ്ഞടുത്തു.ഇവർക്ക് നേരെ കല്ലും മറ്റും വലിച്ചെറിയാനും ശ്രമമുണ്ടായി. പ്രതികൾക്ക് വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട അഖിലിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.

തെളിവെടുപ്പിനിടെ സംഘർഷ സാദ്ധ്യതയുണ്ടാകുമെന്ന് രഹസ്യാന്വേഷണ വിഭാഗം നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു.

അരമണിക്കൂറിനുള്ളിൽ തെളിവെടുപ്പ് പൂർത്തിയാക്കി പ്രതികളെയും കൊണ്ട് പൊലീസ് മടങ്ങി.

തിങ്കളാഴ്ചയാണ് പ്രതികളെ കരമന പൊലീസ് കസ്റ്റഡിയിൽ വാങ്ങിയത്. തെളിവെടുപ്പ് പൂർത്തിയാക്കിയതോടെ ഇവരെ കോടതിയിൽ ഹാജരാക്കി ജയിലിലേക്ക് മാറ്റി.

Advertisement
Advertisement