ഐ.ടി സ്ഥാപനത്തിന്റെ പേരിൽ നിക്ഷേപ തട്ടിപ്പ്: 3 പേർക്കെതിരെ കേസ്

Friday 24 May 2024 1:37 AM IST

തളിപ്പറമ്പ്: ഐ.ടി സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ ഡിവിഡന്റോടെ വൻ തുക തിരികെ നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയെടുത്തുവെന്ന പരാതിയിൽ ഐ.ടി വ്യവസായി രാജേഷ് നമ്പ്യാർ ഉൾപ്പെടെ മൂന്നുപേർക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. കാക്കാഞ്ചാൽ ശാന്തി നഗറിലെ കല്യാണി നിവാസിൽ എ.പി ശിവദാസന്റെ പരാതിയിലാണ് കേസ്.

രാജേഷ് നമ്പ്യാർക്ക് പുറമെ വിഘ്നേഷ് നമ്പ്യാർ, ജിതിൻ പ്രകാശ് എന്നിവരും കേസിൽ പ്രതികളാണ്. ഇവർ തുടങ്ങാൻ പോകുന്ന അംഷി ടെക്‌നോളജി എന്ന ഐ.ടി. സ്ഥാപനത്തിൽ പണം നിക്ഷേപിച്ചാൽ വൻ തുക ലഭിക്കുമെന്ന് വാഗ്ദാനം ചെയ്തായിരുന്നു തട്ടിപ്പ്. ശിവദാസൻ 2021 നവംബർ 11നും 2022 മാർച്ച് 21നുമായി 25 ലക്ഷം രൂപ പ്രതികളുടെ അക്കൗണ്ടിൽ നിക്ഷേപിച്ചു. എന്നാൽ പണം കൈപ്പറ്റിയെങ്കിലും സ്ഥാപനം തുടങ്ങുകയോ പണം തിരിച്ച് നൽകുകയോ ചെയ്തിട്ടില്ലെന്നാണ് പരാതി. കൊച്ചി കലൂരിലാണ് സ്ഥാപനത്തിന്റെ രജിസ്‌ട്രേഡ് ഓഫീസ്. ധർമ്മശാലയിലും തുടക്കത്തിൽ ഓഫീസുണ്ടായിരുന്നു. കണ്ണൂർ, കാസർകോട് ജില്ലകളിലെ നിരവധി പേരും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് സൂചന.

Advertisement
Advertisement