ജഡ്ജിയുടെ നായയെ മോഷ്ടിച്ചു, 24പേര്‍ക്കെതിരെ കേസെടുത്തു

Thursday 23 May 2024 11:41 PM IST

ലക്‌നൗ: ഉത്തര്‍പ്രദേശിലെ ബറേലിയില്‍ ജഡ്ജിയുടെ വീട്ടില്‍ നിന്നും നായയെ മോഷ്ടിച്ചതായി പരാതി. തങ്ങളുടെ വളര്‍ത്തുമൃഗത്തെ അയല്‍വാസിയായ ഡമ്പി അഹമ്മദ് മോഷ്ടിച്ചതായി ജഡ്ജിയുടെ കുടുംബം ആരോപിച്ചു. സംഭവത്തില്‍ 24 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു.

ജഡ്ജിയെ നിലവില്‍ ഹര്‍ദോയിയിലാണ് നിയമിച്ചിരിക്കുന്നത്, അദ്ദേഹത്തിന്റെ കുടുംബം ബറേലിയിലെ സണ്‍സിറ്റിയിലാണ് താമസിക്കുന്നത്. ജഡ്ജിയുടെ കുടുംബവും അഹമ്മദിന്റെ കുടുംബവും ഏതാനും ദിവസം മുമ്പ് തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇതേ പ്രദേശത്ത് താമസിക്കുന്ന ഡമ്പി അഹമ്മദിന്റെ മകന്‍ ഖാദര്‍ ഖാന്‍ ജഡ്ജിയുടെ കുടുംബാംഗങ്ങളെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നതായും പരാതിയിലുണ്ട്. മേയ് 16 ന് രാത്രി ഡമ്പി അഹമ്മദിന്റെ ഭാര്യ ജഡ്ജിയുടെ വസതിയില്‍ എത്തി അവരുമായി സംസാരിക്കാന്‍ ആവശ്യപ്പെട്ടു. അഹമ്മദിന്റെ ഭാര്യയെ മകളോടൊപ്പം നായ ആക്രമിച്ചതില്‍ കുടുംബത്തോട് ദേഷ്യമുണ്ടായിരുന്നു.

സംഭവത്തെക്കുറിച്ച് ജഡ്ജിയെ അറിയിക്കുകയും അദ്ദേഹം ലക്നൗവില്‍ നിന്ന് ബറേലി പൊലീസിനെ വിളിക്കുകയും സംഭവത്തിന്റെ മുഴുവന്‍ വിവരങ്ങളും പോലീസിനെ ഫോണിലൂടെ അറിയിക്കുകയും ചെയ്ത് പരാതി നല്‍കി. തുടര്‍ന്ന് ഏരിയാ ഓഫീസര്‍ അനിത ചൗഹാന്‍ നിയമനടപടി സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ജഡ്ജിയുടെ നായയെ തിരയാന്‍ പുറപ്പെടുകയും ചെയ്തു.