കേജ്‌രിവാളിനെതിരെ മലിവാൾ; ബിഭവിനെ സംരക്ഷിക്കുന്നു

Friday 24 May 2024 12:15 AM IST

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനും​ ആംആദ്മി പാർട്ടിക്കുമെതിരെ രൂക്ഷമായ ആക്രമണമഴിച്ചുവിട്ട് പാർട്ടിയുടെ രാജ്യസഭാ എം.പി സ്വാതി മലിവാൾ. 13ന് കേജ്‌രിവാളിന്റെ വസതിയിൽ പേഴ്സണൽ സെക്രട്ടറി ബിഭവ്കുമാറിന്റെ ആക്രമണത്തിനിരയായെന്ന പരാതിയിലുറച്ചു നിന്ന മലിവാൾ,​ ഇക്കാര്യത്തിൽ നുണപരിശോധനയ്‌ക്ക് തയ്യാറെന്ന് വ്യക്തമാക്കി. ബിഭവിനെ കേജ്‌രിവാൾ സംരക്ഷിക്കുന്നുവെന്ന് ഇന്നലെ വാർത്താഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ മലിവാൾ ആരോപിച്ചു. സംഭവം നടക്കുമ്പോൾ മുഖ്യമന്ത്രി വസതിയിലുണ്ടായിരുന്നു. താൻ നിലവിളിച്ചിട്ടും സഹായത്തിനായി ആരുമെത്തിയില്ല. ബിഭവ് തൊഴിക്കുകയും മുഖത്തടിക്കുകയും ചെയ്‌തു. ഇതെല്ലാം നടന്നിട്ടും ഇതുവരെ കേജ്‌രിവാൾ തന്നെ വിളിച്ചിട്ടില്ല. വ്യക്തിപരമായി അധിക്ഷേപിക്കാൻ പാർട്ടിയിലെ എല്ലാവർക്കും നിർദ്ദേശം നൽകിയിരിക്കുകയാണെന്നും ആരോപിച്ചു.

സമ്മർദ്ദത്തിലാക്കി ഒരു ശക്തിക്കും രാജ്യസഭാ എം.പി സ്ഥാനത്തുനിന്ന് തന്നെ രാജിവയ്പ്പിക്കാനാകില്ല. ഒരു പദവിയോടും ആഗ്രഹം തോന്നിയിട്ടില്ല. എൻജിനിയറിംഗ് ജോലി ഉപേക്ഷിച്ചാണ് ആംആദ്മി പാർട്ടിയിലേക്കെത്തിയത്. അന്ന് തികച്ചും വ്യത്യസ്‌തമായ അന്തരീക്ഷമാണ് പാർട്ടിയിലുണ്ടായിരുന്നത്. ഇപ്പോൾ അഹങ്കാരം കടന്നുകൂടിയിരിക്കുന്നു. ആക്രമണത്തിനിരയാകുന്ന,​ തീർത്തും ഒറ്റപ്പെടുന്ന,​ വ്യക്തിഹത്യയ്‌ക്ക് ഇരയാകുന്ന സാഹചര്യമുണ്ടാകുമെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ലെന്ന് മലിവാൾ പറഞ്ഞു.

മാതാപിതാക്കളെ

വെറുതെവിടണം

വൃദ്ധരും അസുഖബാധിതരുമായ തന്റെ മാതാപിതാക്കളെ വെറുതെവിടണമെന്ന് കേജ്‌രിവാൾ ഇന്നലെ ആവശ്യപ്പെട്ടു. എക്‌സ് അക്കൗണ്ട് മുഖേനയായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദിയോടുള്ള അഭ്യർത്ഥന. ദൈവം എല്ലാം കാണുന്നുണ്ട്. താനുമായുള്ള പ്രശ്‌നത്തിൽ മാതാപിതാക്കളെ ബുദ്ധിമുട്ടിക്കരുതെന്നും വീഡിയോ സന്ദേശത്തിൽ പറഞ്ഞു. മാതാപിതാക്കളെ ചോദ്യംചെയ്യാൻ ഡൽഹി പൊലീസ് ശ്രമിക്കുന്നുവെന്ന് കേജ്‌രിവാൾ വ്യക്തമാക്കിയിരുന്നു. ഇന്നലെ മൊഴിയെടുക്കൽ ഉണ്ടാകുമെന്നായിരുന്നു റിപ്പോർട്ടുകൾ.

 മലിവാളിന് സുരക്ഷ ഏ‌ർപ്പെടുത്തണമെന്ന് മുൻഭർത്താവ്

മലിവാളിന് ആംആദ്മി പാർട്ടിയുടെ ഭീഷണിയുണ്ടെന്ന് മുൻഭർത്താവ് നവീൻ ജയ്‌ഹിന്ദ് ആരോപിച്ചു. സുരക്ഷ ഏ‌ർപ്പെടുത്തണം. സംഭവത്തിൽ ഹൈക്കോടതി ജഡ്‌ജിയുടെ മേൽനോട്ടത്തിലായിരിക്കണം അന്വേഷണം. അതിക്രമത്തിന്റെ സൂത്രധാരൻ കേജ്‌രിവാളാണെന്നും കൂട്ടിച്ചേർത്തു.

Advertisement
Advertisement