കേരളത്തിൽ എൻ.ഡി.എ അക്കൗണ്ട് തുറക്കും: തുഷാർ

Friday 24 May 2024 12:17 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എൻ.ഡി.എ കേരളത്തിൽ അക്കൗണ്ട് തുറക്കുമെന്ന് ബി.ഡി.ജെ.എസ് അദ്ധ്യക്ഷനും എൻ.ഡി.എ കേരള ഘടകം കൺവീനറുമായ തുഷാർ വെള്ളാപ്പള്ളി പറഞ്ഞു. ലോകത്തിലെ ഒന്നാമത്തെ ശക്തിയായി ഭാരതം മാറാൻ നരേന്ദ്രമോദിയുടെ തുടർഭരണം അനിവാര്യമാണെന്നും ബി.ഡി.ജെ.എസ് പ്രദേശ് കേരള സെൽ ഈസ്റ്റ് ഡൽഹിയിൽ സംഘടിപ്പിച്ച സമ്മേളനം ഉദ്ഘാടനം ചെയ്യവെ അദ്ദേഹം പറഞ്ഞു.

ഈ തിരഞ്ഞെടുപ്പ് കേരളത്തെ അഴിമതിയിൽനിന്നും അക്രമത്തിൽനിന്നും രക്ഷിക്കാനുള്ളതാണ്. പട്ടികജാതി, പട്ടിക വർഗ, ഒ.ബി.സി വിഭാഗങ്ങളുടെ സീറ്റ് സംവരണം തട്ടിയെടുത്ത് മുസ്‌ലിം സമുദായത്തിനു നൽകാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. കർണാടകയിലും തെലങ്കാനയിലും കോൺഗ്രസ് പട്ടികജാതി, പട്ടിക വർഗ, ഒ.ബി.സി വിഭാഗങ്ങളുടെ ക്വോട്ട കുറച്ചാണ് മുസ്‌ലിം സംവരണം നൽകിയത്.സംവരണ വ്യവസ്ഥകൾ മാറ്റാൻ എൻ.ഡി.എ ഒരിക്കലും ഭരണഘടന ഭേദഗതി ആഗ്രഹിച്ചിട്ടില്ല. രാമക്ഷേത്രം എൻ.ഡി.എയ്‌ക്ക് വിശ്വാസത്തിന്റെ ഭാഗവും കോൺഗ്രസിന് തിരഞ്ഞടുപ്പ് വിഷയവുമാണ്. കോൺഗ്രസ് വർഷങ്ങളായി ക്ഷേത്രനിർമ്മാണത്തെ തടസ്സപ്പെടുത്തി. വോട്ടു പ്രതീക്ഷകളെ ബാധിക്കുമെന്ന് പേടിച്ച് പ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ വന്നില്ല. ഇതെല്ലാം രാമ ഭക്തർ കാണുന്നുണ്ടെന്ന്. തുഷാർ പറഞ്ഞു

ബി.ഡി.ജെ.എസ് സംസ്ഥാന ജനറൽ സെക്രട്ടറി സന്തോഷ് അരയാക്കണ്ടി അദ്ധ്യക്ഷത വഹിച്ചു ഉപാദ്ധ്യക്ഷൻ അഡ്വ. സിനിൽ മുണ്ടപ്പള്ളി മുഖ്യപ്രഭാഷണവും ട്രഷറർ

അനിരുദ്ധ് കാർത്തിയൻ

മുഖ്യ സന്ദേശവും നൽകി. ടി.എസ്. അനിൽ, സി.ഡി. സുനിൽ, ആർ.കെ. ജഗദീഷ്, പ്രസന്നൻപിള്ള, എ.കെ. ബാലകൃഷ്ണൻ, വേണുഗോപാൽ എന്നിവരും സംസാരിച്ചു.

Advertisement
Advertisement