ബൂത്ത് തല വോട്ടുകണക്ക് പുറത്തുവിടാൻ ബാദ്ധ്യതയില്ല

Friday 24 May 2024 12:18 AM IST

ന്യൂഡൽഹി : ബൂത്തു തിരിച്ചുള്ള വോട്ടുകണക്ക് പുറത്തുവിടാൻ നിയമപരമായ ബാദ്ധ്യതയില്ലെന്നും, അത് വോട്ടർമാർക്ക് ആശയക്കുഴപ്പമുണ്ടാക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ സുപ്രീംകോടതിയിൽ.

പോസ്റ്റൽ ബാലറ്റ് കൂടി ചേരുമ്പോഴാണ് യഥാർത്ഥ കണക്കാകുന്നത്. ഓരോ ബൂത്തിലെയും വോട്ടിന്റെ കണക്ക് ആദ്യം പുറത്തുവിട്ടാൽ, പിന്നീട് പോസ്റ്റൽ വോട്ടിന്റെ വിവരങ്ങൾ കൂടി ചേർക്കുമ്പോൾ ആശയക്കുഴപ്പമുണ്ടാകും. വോട്ടുവ്യത്യാസം എന്തുകൊണ്ടാണെന്ന് വോട്ടർമാർക്ക് മനസിലാകണമെന്നില്ല. ഇത് നിക്ഷിപ്‌ത താത്പര്യക്കാർ ദുരുപയോഗപ്പെടുത്തും. തിരഞ്ഞെടുപ്പ് നടപടികളെ സംശയത്തിലാക്കും. വോട്ടിംഗ് യന്ത്രത്തെ കുറിച്ച് ദുഷ്പ്രചാരണം നടക്കുന്നുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

വോട്ടെടുപ്പ് പൂർത്തിയാക്കി 48 മണിക്കൂറിനകം വോട്ടുകണക്ക് പുറത്തുവിടണമെന്ന അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിന്റെ പൊതുതാത്പര്യഹർജിയിലാണ് മറുപടി സമർപ്പിച്ചത്.

തിരഞ്ഞെടുപ്പ് കമ്മിഷനെ സംശയനിഴലിൽ നിറുത്താൻ വ്യാജപ്രചാരണം നടക്കുകയാണ്. ശുദ്ധമായ കൈകളോടെയല്ല സംഘടന സുപ്രീംകോടതിയെ സമീപിച്ചത്. ബൂത്തുതിരിച്ചുള്ള വോട്ടുകണക്ക് പുറത്തുവിടണമെന്ന് ആവശ്യപ്പെടാൻ ഹർജിക്കാർക്ക് നിയമപരമായ അവകാശമില്ലെന്നും കമ്മിഷൻ വ്യക്തമാക്കി. ഹർജി ഇന്ന് സുപ്രീംകോടതി പരിഗണിച്ചേക്കും.

48 മണിക്കൂറിനകം വോട്ടുകണക്ക് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കാൻ എന്താണ് ബുദ്ധിമുട്ടെന്ന് കമ്മിഷനോട് നേരത്തെ സുപ്രീംകോടതി ചോദിച്ചിരുന്നു. വോട്ടെടുപ്പ് കഴിഞ്ഞ് വൈകുന്നേരം തന്നെ കണക്കുകൾ പോളിംഗ് ഓഫീസർ സമർപ്പിക്കുന്നില്ലേയെന്ന് ആരാഞ്ഞ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, റിട്ടേണിംഗ് ഓഫീസർക്ക് അന്നുതന്നെ കൃത്യമായ വിവരങ്ങൾ ലഭ്യമാകുമല്ലോയെന്നും ആരാഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യ രണ്ടുഘട്ടങ്ങളിൽ വോട്ടുശതമാനം പുറത്തുവിടുന്നതിൽ കാലതാമസമുണ്ടായെന്നാണ് ഹർജിക്കാരുടെ പരാതി.

Advertisement
Advertisement