വാരാണസിയിൽ വൻഭൂരിപക്ഷം ലക്ഷ്യമിട്ട് ബി.ജെ.പി

Friday 24 May 2024 12:18 AM IST

ന്യൂഡൽഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പിലെ പ്രധാനപ്പെട്ട മണ്ഡലമാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരാണസി. ഇതുവരെ 250ൽ അധികം റാലികൾ പൂർത്തിയാക്കിയ മോദിയുടെ അവസാനഘട്ട തിരഞ്ഞെടുപ്പ് പര്യടനം വാരാണസി കേന്ദ്രീകരിച്ചാകും. മോദിയുടെ ഭൂരിപക്ഷം ഏഴ് ലക്ഷത്തിന് മുകളിലെത്തിക്കാൻ ബി.ജെ.പിയും അതിനു തടയിടാൻ സ്ഥാനാർത്ഥി അജയ് റായിയെ മുൻനിറുത്തി കോൺഗ്രസും ശ്രമിക്കുന്നുണ്ട്.

മോദി 25ന് ആറാം ഘട്ട വോട്ടെടുപ്പ് പൂർത്തിയായശേഷം വാരാണസിയിലേക്ക് പോകും. ജൂൺ ഒന്നു വരെ അവിടെ ക്യാമ്പ് ചെയ്‌ത് പ്രചാരണത്തിന് നേതൃത്വം നൽകുമെന്ന് ബി.ജെ.പി വൃത്തങ്ങൾ അറിയിച്ചു. വാരാണസിയിൽ പ്രചാരണത്തിനിടെ മോദിയുടെ നേതൃത്വത്തിൽ പ്രത്യേക ബി.ജെ.പി യോഗവും ചേരും. ഇതിന്റെ ഭാഗമായി വനിതാ വോട്ടർമാരുടെ യോഗം അദ്ദേഹം നടത്തി. 1,909 ബൂത്തുകളിൽ നിന്ന് 10 സ്ത്രീകൾ വീതമാണ് പങ്കെടുത്തത്. അതേസമയം, കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ മോദി രണ്ട് തവണ വാരാണസിയിൽ സന്ദർശനം നടത്തി.

7 ലക്ഷം ഭൂരിപക്ഷം

നരേന്ദ്ര മോദിയുടെ ഭൂരിപക്ഷം ഉയർത്താൻ ലക്ഷ്യമിട്ടുള്ള പ്രവർത്തനത്തിലാണ് ബി.ജെ.പി പ്രവർത്തകർ. ഇതിനായി മുതിർന്ന നേതാക്കളുടെ 50 അംഗ ടീമിനെ സജ്ജമാക്കി. ആകെ പോൾ ചെയ്യുന്ന വോട്ടിന്റെ 80 ശതമാനത്തിലധികം മോദിക്ക് ലഭിച്ചിരിക്കണമെന്ന് കർശന നിർദ്ദേശമുണ്ട്. പത്തു ലക്ഷത്തിലധികം വോട്ടും ഏഴു ലക്ഷത്തിന്റെ ഭൂരിപക്ഷവും എന്നതാണ് ബി.ജെ.പി പ്രവർത്തകർക്ക് നൽകിയ ലക്ഷ്യം. 2014ൽ 3.71 ലക്ഷവും 2019ൽ 4.80 ലക്ഷവുമായിരുന്നു മോദിയുടെ ഭൂരിപക്ഷം.

വാരണാസിയിൽ ജോലി ചെയ്യുകയും പഠിക്കുകയും ചെയ്യുന്ന തമിഴ്നാട്,ആന്ധ്ര,കേരളം,കർണാടക തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള ദക്ഷിണേന്ത്യൻ വോട്ടർമാരെ ബി.ജെ.പി പ്രത്യേകം പരിഗണിക്കുന്നു. കാശി വിശ്വനാഥ ക്ഷേത്ര ഇടനാഴി,റിംഗ് റോഡുകൾ,കാൻസർ ആശുപത്രി,ക്രിക്കറ്റ് സ്റ്റേഡിയം,ശുചിത്വം എന്നിവയാണ് മണ്ഡലത്തിൽ മോദിയുടെ വികസന നേട്ടങ്ങളായി ബി.ജെ.പി ഉയർത്തുന്നത്.

ഭൂരിപക്ഷം കുറയ്‌ക്കാൻ

പ്രതിപക്ഷം


പ്രധാനമന്ത്രിയുടെ മണ്ഡലത്തിൽ മത്സരിക്കാൻ പത്രിക നൽകാനെത്തിയവരുടെ തിക്കും തിരക്കും വാർത്തയായിരുന്നു. മോദിക്കെതിരെ മൂന്നാം തവണ മത്സരിക്കുന്ന യു.പി പി.സി.സി അദ്ധ്യക്ഷൻ അജയ് റായാണ് പ്രധാന എതിരാളി. മറ്റൊരു സ്ഥാനാർത്ഥി ബി.എസ്.പിയുടെ അതാർ ജമാൽ ലാരി. മുൻ ആർ.എസ്.എസുകാരനായ റായ് 2007ൽ വാരാണസി ടിക്കറ്റ് നിഷേധിച്ചതിനെ തുടർന്ന് ബി.ജെ.പി വിട്ട് സമാജ്‌വാദി പാർട്ടിയിലും 2012ൽ കോൺഗ്രസിലും എത്തിയയാളാണ്.

Advertisement
Advertisement