നന്ദിഗ്രാമിൽ ബി.ജെ.പി പ്രവർത്തക കൊല്ലപ്പെട്ടു

Friday 24 May 2024 12:21 AM IST

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാമിൽ ബി.ജെ.പി പ്രവർത്തക കൊല്ലപ്പെട്ടു. സോനാചുര ഗ്രാമത്തിലെ ബി.ജെ.പി പ്രവർത്തകയായ രതിബാല അർഹി (38) ആണ് കൊല്ലപ്പെട്ടത്. സംഭവത്തെ തുടർന്ന് നന്ദിഗ്രാമിൽ വ്യാപക പ്രതിഷേധം. കൊലപാതകത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസാണെന്ന് ആരോപണം. ബംഗാളിലെ നന്ദിഗ്രാം ഉൾപ്പെടുന്ന തംലൂക്കിൽ ആറാം ഘട്ടത്തിൽ വോട്ടെടുപ്പ് നടക്കാനിരിക്കെയാണ് സംഭവം.

ബി.ജെ.പി പ്രവർത്തകർ റോഡുകൾ ഉപരോധിക്കുകയും ടയറുകൾ കത്തിച്ച് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. നന്ദിഗ്രാമിൽ ബി.ജെ.പി 12 മണിക്കൂർ ബന്ദും പ്രഖ്യാപിച്ചു. മോട്ടോർ ബൈക്കിലെത്തിയ ആയുധധാരികളായ അജ്ഞാത സംഘമാണ് ബുധനാഴ്ച രാത്രി ബി.ജെ.പി പ്രവർത്തകയെ കൊന്നതെന്ന് പൊലീസ് പറയുന്നു. തൃണമൂൽ കോൺഗ്രസ് സംഘമാണ് തങ്ങളുടെ പ്രവർത്തകയെ കൊന്നതെന്നും നിരവധിപ്പേർക്ക് അക്രമങ്ങളിൽ പരിക്കുണ്ടെന്നും ബി.ജെ.പി ജില്ലാ ജനറൽ സെക്രട്ടറി മേഘ്നാഥ് പോൾ പറഞ്ഞു. പരിക്കേറ്റവരിൽ ഒരാളുടെ നില ഗുരുതരമാണെന്നും ആദ്ദേഹം പറഞ്ഞു. അതേസമയം, തങ്ങൾക്കെതിരായ ആരോപണങ്ങൾ തൃണമൂൽ കോൺഗ്രസ് നേതാക്കൾ തള്ളി. സംഭവത്തിൽ പൊലീസ് അന്വേഷണം ആരഭിച്ചു.