ഛത്തീസ്ഗഢിൽ ഏറ്റുമുട്ടൽ; 7 മാവോയിസ്റ്റുകളെ വധിച്ചു

Friday 24 May 2024 1:01 AM IST

റായ്പൂർ: ഛത്തീസ്ഗഢിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ ഏഴ് മാവോയിസ്റ്റുകളെ വധിച്ചു.

നാരായൺപൂർ- ബിജാപൂർ അതിർത്തിയിലെ വനത്തിൽ ഇന്നലെയാണ് ഏറ്റുമുട്ടലുണ്ടായത്. രാവിലെ 11ന് മാവോയിസ്റ്ര് വിരുദ്ധ ഓപ്പറേഷനിടെ സേനയ്ക്കു നേരെ വെടിവയ്‌പുണ്ടാകുകയായിരുന്നു. മാവോയിസ്റ്റ് യൂണിഫോം ധരിച്ചവരാണ് കൊല്ലപ്പെട്ടതെന്ന് അധികൃതർ അറിയിച്ചു. ഏഴ് തോക്കുകളുൾപ്പെടെ ആയുധങ്ങൾ കണ്ടെടുത്തു. വനത്തിൽ മാവോയിസ്റ്ര് സാന്നിദ്ധ്യമുണ്ടെന്ന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ റിസർവ് ഗാർഡ്, സ്‌പെഷ്യൽ ടാസ്‌ക് ഫോഴ്സ് സംസ്ഥാന പൊലീസ് എന്നിവരുടെ സംയുക്ത സംഘം ഓപ്പറേഷൻ നടത്തുകയായിരുന്നു. മേഖലയിൽ ഓപ്പറേഷൻ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു. ഈ വർഷം ഇതുവരെ 12 മാവോയിസ്റ്റുകളെയാണ് ഛത്തീസ്ഗഢിൽ വധിച്ചത്. കഴിഞ്ഞ 10ന് ബിജാപൂർ മേഖലയിൽ 12 മാവോയിസ്റ്റുകളെ വധിച്ചു.

ഏപ്രിൽ 30 ന് നാരായൺപൂർ, കാങ്കർ ജില്ലകളുടെ അതിർത്തിയിലുള്ള വനത്തിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് സ്ത്രീകൾ ഉൾപ്പെടെ പത്ത് മാവോയിസ്റ്റുകളെ വധിച്ചു. ഏപ്രിൽ 16 ന് കാങ്കർ ജില്ലയിൽ നടന്ന വെടിവയ്പിൽ 29 മാവോയിറ്റുകളെ വധിച്ചു.

Advertisement
Advertisement