 താക്കീതുമായി ദേവഗൗഡ പ്രജ്വൽ ഉടൻ കീഴടങ്ങണം,​ ക്ഷമ പരീക്ഷിക്കരുത്

Friday 24 May 2024 1:02 AM IST

ന്യൂഡൽഹി: ലൈംഗികാതിക്രമ ആരോപണം നേരിടുന്ന കർണാടക ഹാസനിലെ എം.പിയും

എൻ.ഡി.എ സ്ഥാനാർത്ഥിയുമായ പ്രജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി മുൻ പ്രധാനമന്ത്രിയും ജെ.ഡി (എസ്) അദ്ധ്യക്ഷനുമായ എച്ച്.ഡി.ദേവഗൗഡ. തന്റെ ക്ഷമ പരീക്ഷിക്കരുതെന്നും രാജ്യത്ത് ഉടൻ തിരികെയെത്തണമെന്നും തുറന്നകത്തിൽ ദേവഗൗഡ ആവശ്യപ്പെട്ടു. വിഷയത്തിൽ ദേശീയതലത്തിൽ പ്രതിഷേധം മുറുകുന്ന സാഹചര്യത്തിലാണ് കൊച്ചുമകൻ കൂടിയായ പ്രജ്വലിനെതിരെ ദേവഗൗഡ രംഗത്തെത്തിയത്.

'തിരികെയെത്തി പൊലീസിന് മുന്നിൽ കീഴടങ്ങണം. നിയമത്തിന് സ്വയം വിട്ടുകൊടുക്കണം. ഇല്ലെങ്കിൽ കുടുംബത്തിന്റെ കോപമേൽക്കാൻ തയ്യാറായിക്കൊള്ളൂ. ഇല്ലെങ്കിൽ സമ്പൂർണമായ ഒറ്രപ്പെടലായിരിക്കും ഫലം. തന്റെ ക്ഷമ പരീക്ഷിക്കരുത്. പ്രജ്വൽ ഏൽപ്പിച്ച മാനസികാഘാതത്തിൽ നിന്ന് കരകയറാൻ കുടുംബത്തിനും പാർട്ടിക്കും പ്രവർത്തകർക്കും സമയമെടുത്തു. തെറ്രുകാരനാണെന്ന് കണ്ടെത്തിയാൽ നിയമത്തിലെ കടുത്ത ശിക്ഷ തന്നെ നൽകണം". മകനും മുൻമുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിക്കും ഇതേ അഭിപ്രായമാണെന്നും ദേവഗൗഡ പറഞ്ഞു.

പീഡനദൃശ്യങ്ങൾ പ്രചരിച്ചതിന് പിന്നാലെ പ്രജ്വലിനെ പാർട്ടിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.

പാസ്‌പോർട്ട് റദ്ദാക്കാൻ നടപടി

പ്രജ്വലിന്റെ നയതന്ത്ര പാസ്‌പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് വീണ്ടും കത്തയച്ചു. ഇക്കാര്യത്തിൽ മാദ്ധ്യമപ്രവർത്തകർ കേന്ദ്രമന്ത്രി പ്രൾഹാദ് ജോഷിയുടെ പ്രതികരണം തേടിയപ്പോൾ, പാസ്‌പോർട്ട് റദ്ദാക്കാനുള്ള നടപടികൾ ആരംഭിച്ചതായി പ്രതികരിച്ചു. കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. വിദേശരാജ്യങ്ങളിലേക്ക് കടന്നവരെ തിരികെയെത്തിക്കാൻ പ്രത്യേക നടപടിക്രമങ്ങളുണ്ടെന്നും വ്യക്തമാക്കി. പ്രജ്വൽ ജർമ്മനിയിലേക്ക് കടന്നുവെന്നാണ് വിവരം. രാജ്യം വിട്ടത് നയതന്ത്ര പാസ്പോർട്ട് ഉപയോഗിച്ചാണെന്ന് വിദേശകാര്യമന്ത്രാലയം നേരത്തെ സ്ഥിരീകരിച്ചിരുന്നു.

Advertisement
Advertisement