വെള്ളക്കെട്ടിൽ അലയടിച്ച് പ്രതിഷേധം മാലിന്യം നിറഞ്ഞ് വീടുകൾ , വാഹനങ്ങൾ ചെളിയിൽ മുങ്ങി

Friday 24 May 2024 1:03 AM IST

തൃശൂർ: കഴിഞ്ഞ ദിവസത്തെ മഴയിൽ നഗരം മുങ്ങാനിടയായതിൽ കോർപറേഷൻ ഭരണസമിതിക്കെതിരെ വ്യാപക പ്രതിഷേധം. കോർപറേഷൻ പരിധിയിലെ ഭൂരിഭാഗം പ്രദേശങ്ങളും വെള്ളക്കെട്ടിലായിരുന്നു. വെള്ളം ഉയർന്നുപൊങ്ങി ജനങ്ങൾ ആശങ്കയിലായ സമയത്ത് മേയറും കൂട്ടരും തിരുവനന്തപുരത്തായിരുന്നു. ഇത് പ്രതിഷേധത്തിന് ആക്കം കൂട്ടി. മഴക്കാല ശുചീകരണത്തിന് കോർപറേഷൻ മാതൃകയാകുമെന്ന് പ്രഖ്യാപിച്ച മേയറുടെ വാക്ക് വെറുംവാക്കായെന്ന് ആരോപിച്ചാണ് വിവിധ പ്രദേശങ്ങളിൽ വൻപ്രതിഷേധം ഉയർന്നത്.
കോർപറേഷൻ ഓഫീസിലേക്ക് കോൺഗ്രസും ബി.ജെ.പിയും സമരവുമായെത്തി. മഴക്കാല ശുചീകരണം കോർപറേഷനിൽ പൂർത്തിയാക്കിയിട്ടില്ല. ഇന്നലെ രാവിലെ വെള്ളക്കെട്ട് ഒഴിഞ്ഞെങ്കിലും നിരവധി വീടുകൾ ഇപ്പോഴും ദുരിതത്തിലാണ്. ജില്ലയിൽ ചാലക്കുടി, ഗുരുവായൂർ എന്നിവിടങ്ങളിലും രൂക്ഷമായ വെള്ളക്കെട്ട് അനുഭവപ്പെട്ടിരുന്നു.

കോടികളുടെ നഷ്ടം

തിങ്കളാഴ്ച രാത്രിയിൽ പെയ്ത മഴയിൽ കോടികളുടെ നഷ്ടമാണ് ഉണ്ടായത്. ഐ.സി.യുവിൽ അടക്കം വെള്ളകയറിയ അശ്വിനി ആശുപത്രിയിൽ മാത്രം നാലുകോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ആശുപത്രി അധികൃതർ പറയുന്നു. വീടുകളിലെ മാലിന്യം നീക്കാനുള്ള നടപടികളും ഏറെ ശ്രമകരമാണ്. കാറുകളും ബൈക്കുകളും അടക്കം നിരവധി വാഹനങ്ങളും വെള്ളത്തിൽ അകപ്പെട്ടിരുന്നു.

അടിയന്തിര ഇടപെടലുമായി കളക്ടർ
വെള്ളക്കെട്ടുമായി ബന്ധപ്പെട്ട് അടിയന്തര ഇടപെടലുമായി കളക്ടർ വി.ആർ. കൃഷ്ണ തേജ. ഇന്നലെ രാവിലെ തന്നെ കോർപറേഷൻ സെക്രട്ടറിയെ വിളിച്ച് വിശദീകരണം തേടി. വെള്ളം കയറാനുണ്ടായ സാഹചര്യം പരിശോധിക്കുമെന്ന് കളക്ടർ പറഞ്ഞു. കഴിഞ്ഞ ദിവസം മഴക്കാല മുന്നൊരുക്കവും മണ്ണിടിച്ചിലും സംബന്ധിച്ച് യോഗം ചേർന്നിരുന്നു. ഇതിൽ നിരീക്ഷണം വേണമെന്ന നിർദ്ദേശവും ഉണ്ടായിരുന്നു.

കളവാഴയെറിഞ്ഞ് കോൺഗ്രസ് പ്രതിഷേധം
നഗരത്തിലെ വെള്ളക്കെട്ടിനെതിരെ കോർപറേഷനിലേക്ക് മാർച്ച് നടത്തി കോൺഗ്രസ്. കുളവാഴയുമായി കൗൺസിലർമാർ ഉൾപ്പെടെയുള്ള പ്രവർത്തകർ കോർപറേഷനിലേക്ക് നടത്തിയ മാർച്ച് കവാടത്തിന് മുന്നിൽ പൊലീസ് തടഞ്ഞു. ഇതോടെ പ്രവർത്തകർ കുളവാഴകൾ കോർപറേഷൻ ഓഫീസിലേക്ക് എറിഞ്ഞു. രാജൻ ജെ. പല്ലൻ,​ ഇ.വി. സുനിൽ രാജ്, എ.കെ. സുരേഷ്, ശ്രീലാൽ, എൻ.എ. ഗോപകുമാർ, ലാലി ജയിംസ്, ലീല, സിന്ധു ആന്റോ ചാക്കോള, ജയപ്രകാശ്, റെജി ജോയ്, മേഴ്‌സി അജി, ആൻസി ജേക്കബ്ബ് , ശ്യാമള മുരളിധരൻ, നിമ്മി റപ്പായി, സനോജ് പോൾ, വിനേഷ് തയ്യിൽ, കെ. രാമനാഥൻ എന്നിവർ നേതൃത്വം നൽകി.

തോടുകളിൽ കുളവാഴകളും ചെളിയും നിറഞ്ഞ് വെള്ളം ഒഴുകിപ്പോകാത്ത സ്ഥിതിയാണ്. മഴക്കാല പൂർവ ശുചീകരണം ഫലപ്രദമല്ലാത്താണ് വെള്ളക്കെട്ടിന് കാരണം.

- രാജൻ പല്ലൻ,​ കോൺഗ്രസ്

മേയറുടെ ചേംബറിന് മുന്നിലിരുന്ന് ബി.ജെ.പി

തൃശൂർ നഗരത്തിലെ വെള്ളക്കെട്ട് കോർപറേഷന്റെ സംഭാവനയാണെന്ന് ആരോപിച്ച് ബി.ജെ.പി കൗൺസിലർമാർ പ്രതിഷേധിച്ചു. കോർപറേഷനുള്ളിൽ മേയറുടെ ചേംബറിന് മുൻപിലായിരുന്നു പ്രതിഷേധം. ബി.ജെ.പി പാർലമെന്ററി പാർട്ടി ലീഡർ വിനോദ് പൊള്ളാഞ്ചേരി, കൗൺസിലർമാരായ ഡോ. വി ആതിര, നിജി.കെ.ജി, രാധിക തുടങ്ങിയവർ പ്രതിഷേധത്തിന് നേതൃത്വം നൽകി.

മഴക്കാല ശുചീകരണംനടത്തണമെന്ന് ആവശ്യപ്പെട്ട് കൗൺസിലർമാർ മേയർക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നടപടി ഉണ്ടായില്ല.

- വിനോദ് പൊള്ളാഞ്ചേരി,​ ബി.ജെ.പി

Advertisement
Advertisement