സൈനികസേവന വിവാദം മറികടക്കാൻ അഗ്‌നിപഥിൽ പരിഷ്‌കാര സർവേ

Friday 24 May 2024 1:05 AM IST

ന്യൂഡൽഹി: സൈനികസേവനത്തിന്റെ കാലയളവ് നാലു വർഷമാക്കിയുള്ള 'അഗ്‌നിപഥ്" പദ്ധതിയെക്കുറിച്ച് വിലയിരുത്താൻ സൈന്യം ആഭ്യന്തര സർവേ നടത്തുന്നു. സർവേയുടെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങളെക്കുറിച്ച് സർക്കാരിന് ശുപാർശ നൽകും.

തിരഞ്ഞെടുപ്പിൽ കോൺഗ്രസ് അടക്കം അഗ്‌നിപഥ് പദ്ധതി വിവാദമാക്കുകയും തങ്ങൾ അധികാരത്തിൽ വന്നാൽ പഴയ രീതി പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്‌ത സാഹചര്യത്തിലാണിത്.

സൈന്യത്തിന്റെ വിവിധ റെജിമെന്റുകളിലെ റിക്രൂട്ടിംഗ് ജീവനക്കാർ, ട്രെയിനിംഗ് ജീവനക്കാർ, അഗ്നിവീറുകൾ, യൂണിറ്റ്-സബ് യൂണിറ്റ് കമാൻഡർമാർ എന്നിവരിലാണ് സർവ്വേ നടത്തുന്നത്. ഓരോ ഗ്രൂപ്പിനും നൽകിയ നിർദ്ദിഷ്ട ചോദ്യങ്ങൾക്കുള്ള മറുപടികൾ ഏകീകരിച്ച് മൂല്യനിർണയത്തിനുശേഷം ഏകോപിക്കും.

ശേഖരിക്കുന്ന വിവരങ്ങൾ

1. സൈന്യത്തിൽ ചേരുന്നതിന്റെ പ്രാഥമിക കാരണങ്ങൾ, അപേക്ഷകരുടെ ഗുണനിലവാരം, സ്ഥിരം റിക്രൂട്ട്‌മെന്റിനോടുള്ള സമീപനം?

2.ഓൺലൈനായി നടത്തുന്ന പ്രവേശന പരീക്ഷയോട് നഗര-ഗ്രാമ പ്രദേശങ്ങളിൽ നിന്നുള്ള അപേക്ഷകരുടെ പ്രതികരണം, അഗ്‌നിപഥ് സേനാ റിക്രൂട്ട്‌മെന്റ് ചെലുത്തിയ സ്വാധീനം,

3. അഗ്‌നിവീറുകളുടെയും നേരത്തെ റിക്രൂട്ട് ചെയ്ത സൈനികരുടെയും ശാരീരിക നിലവാരം, പരിശീലനത്തിന്റെ നിലവാരം, പരിശീലന ഘട്ടങ്ങളിലെ പ്രതികരണം?

4. അഗ്‌നിവീറുകളുടെ പെരുമാറ്റവും ഇടപഴകലുകളും, ഇവർ സൈന്യത്തിന് ബാദ്ധ്യതയാണോ?

5. അഗ്‌നിവീറുകൾക്ക് സൈന്യത്തിന് പുറമെയുള്ള കരിയർ ആഗ്രഹങ്ങൾ, നാലുവർഷം പൂർത്തിയാക്കിയവർ സൈന്യത്തിൽ തിരികെ വരുമോ?

6. അഗ്‌നിവീറുകൾ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സൈന്യത്തിലേക്ക് സ്വാഗതം ചെയ്യുമോ?


അഗ്‌നിപഥ് ഇതുവരെ

2022 ജൂണിൽ ആരംഭിച്ച പദ്ധതിപ്രകാരം കരസേനയിൽ രണ്ടു ബാച്ചുകളിലായി 40,000 പേർ പരിശീലനം പൂർത്തിയാക്കി. 20,000 പേരുടെ മൂന്നാം ബാച്ച് 2023 നവംബറിൽ പരിശീലനം ആരംഭിച്ചു. നാവികസേനയിൽ മൂന്നു ബാച്ചുകളിലായി 7,385 പേർ പരിശീലനം പൂർത്തിയാക്കി. വ്യോമസേനയിൽ 4,955 അഗ്നിവീർ വായു ട്രെയിനികൾ പരിശീലനം പൂർത്തിയാക്കി.

ആവശ്യമെങ്കിൽ അഗ്നിപഥ് പദ്ധതിയിൽ മാറ്റം വരുത്താൻ സർക്കാർ തയ്യാറാണ്. അഗ്നിവീരന്മാരായി ചേരുന്നത് യുവാക്കളുടെ ഭാവിയെ ബാധിക്കില്ല.

-പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്

Advertisement
Advertisement