സാബിത്തിന്റെ ചോദ്യം ചെയ്യൽ തുടരുന്നു; അവയവം സ്വീകരിച്ചവരെക്കുറിച്ചും അന്വേഷണം

Friday 24 May 2024 6:59 AM IST

കൊച്ചി: അവയവക്കടത്ത് കേസിലെ പ്രതി തൃശൂർ സ്വദേശി സാബിത്ത് നാസറിന്റെ ചോദ്യം ചെയ്യൽ തുടരുന്നു. ആലുവ റൂറൽ എസ് പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ ചോദ്യം ചെയ്യുന്നത്. ഇയാളുടെ ഫോൺ വിളിയുടെ വിവരങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. എമിഗ്രേഷൻ വിഭാഗത്തിന്റെ സഹായത്തോടെ സാബിത്തിന്റെ വിദേശ യാത്രയുടെ വിവരങ്ങളും ശേഖരിക്കും.

അവയവക്കടത്തിന് ഇരകളായവരെയും അവയവം സ്വീകരിച്ചവരെയും കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഇരകളുടെ ആരോഗ്യസ്ഥിതി, ഇരകളിൽ എത്രപേർ മടങ്ങി വരാനുണ്ട് എന്നീ കാര്യങ്ങളും അന്വേഷിക്കുന്നുണ്ട്.

പണം നൽകി അവയവം വാങ്ങുന്നത് പോലെ തന്നെ കൊടുക്കുന്നതും ഇന്ത്യൻ നിയമപ്രകാരം കുറ്റമായതിനാൽ ഇരകളാരും പൊലീസുമായി സഹകരിക്കാൻ സാദ്ധ്യതയില്ല. വിശദമായി ചോദ്യം ചെയ്യുന്നതിനായി പതിമൂന്ന് ദിവസത്തേക്കാണ് കോടതി പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്.

നിയമവിരുദ്ധമായി ഇറാനിൽ വച്ച് അവയവം സ്വീകരിച്ചവരിൽ ഇന്ത്യക്കാരുമുണ്ടെന്ന് പൊലീസിന് സൂചനയുണ്ട്. വിസിറ്റിംഗ് വിസയിൽ ഇറാനിലെത്തിയ ഇന്ത്യക്കാരുടെ വിവരങ്ങൾ ശേഖരിച്ച് വിശദമായ അന്വേഷണം നടത്തേണ്ടി വരും.

അന്വേഷണം തൃശൂർ, പാലക്കാട് എന്നിവിടങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം. പാലക്കാട് സ്വദേശി ഷെമീറിനെ മാത്രമാണ് ഇറാനിലെത്തിച്ചതെന്നായിരുന്നു പ്രതി ആദ്യഘട്ടത്തിൽ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്. കൂടുതൽ ചോദ്യം ചെയ്തപ്പോൾ 20 പേരെ ഇരകളാക്കിയെന്ന് വെളിപ്പെടുത്തിയിരുന്നു. ഷെമീറിനെ എത്രയും വേഗം കണ്ടെത്തി മൊഴിയെടുക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. ഷെമീറിന്റെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാണ്.

തൃശൂർ മുല്ലശ്ശേരി പഞ്ചായത്തിൽ ചിലരെ അവയവക്കച്ചവടത്തിനായി ഇരകളാക്കിയെന്ന വിവരം പുറത്തുവന്നതിന് പിന്നാലെയാണ് തൃശൂരിലും അന്വേഷണം നടത്തുന്നത്. എന്നാൽ, ഇതിൽ തനിക്ക് പങ്കില്ലെന്നാണ് സാബിത്തിന്റെ മൊഴി. ഇത് പൊലീസ് വിശ്വസിച്ചിട്ടില്ല.

രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 2019 മുതൽ സാബിത്ത് നാസറും സംഘവും അവയവക്കടത്തിന് ഇറാനിലേക്ക് ആളുകളെ എത്തിച്ചിരുന്നു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ സ്വാധീനിച്ച് വ്യാജ പാസ്‌പോർട്ടും ആധാർ കാർഡും ഉൾപ്പടെ സംഘടിപ്പിച്ചായിരുന്നു പ്രതിയുടെ ഇടപാടുകളെന്ന് പൊലീസ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ഇറാനിലെ സ്വകാര്യ ആശുപത്രികളിലാണ് ശസ്ത്രക്രിയ നടത്തിയിരുന്നത്. സംഘത്തിലെ മറ്റ് ഏജന്‍റുമാർ വഴി അവയവം ആവശ്യമുള്ളവരെ ബന്ധപ്പെടും. ഇവരോട് ഫുൾ പാക്കേജായി 60 ലക്ഷം രൂപയ്ക്ക് മുകളിലാണ് ആവശ്യപ്പെടുക. വൃക്ക നൽകുന്നവര്‍ക്ക് ടിക്കറ്റ്, താമസം മുതൽ ചികിത്സാ ചെലവും പ്രതിഫലമായി പരമാവധി ആറ് ലക്ഷം രൂപ വരെയും നൽകും. വൻതുക ആശുപത്രിയിൽ ചെലവായെന്ന് തെറ്റിദ്ധരിപ്പിച്ച് ബാക്കി തുക മുഴുവൻ ഏജന്‍റിന്‍റെ പോക്കറ്റിലാക്കുകയാണ് പതിവ്.

Advertisement
Advertisement