പന്നൂൻ വധ ഗൂഢാലോചന: നിഖിൽ ഗുപ്‌തയ്ക്ക് തിരിച്ചടി

Friday 24 May 2024 7:36 AM IST

പ്രാഗ്: ഖാലിസ്ഥാൻ ഭീകരൻ ഗുർപത്‌വന്ത് സിംഗ് പന്നൂനിനെ വധിക്കാൻ ഗൂഢാലോചന നടത്തിയ സംഭവത്തിൽ കുറ്റാരോപിതനായ ഇന്ത്യൻ പൗരൻ നിഖിൽ ഗുപ്തയ്ക്ക് (52) തിരിച്ചടി. തന്നെ യു.എസിന് കൈമാറരുതെന്ന് കാട്ടി ചെക്ക് റിപ്പബ്ലിക്കിലെ ഭരണഘടനാ കോടതിയിൽ നിഖിൽ സമർപ്പിച്ച അപ്പീൽ തള്ളി. നീതിന്യായ മന്ത്രി അനുമതി നൽകുന്നതോടെ നിഖിലിനെ യു.എസിന് കൈമാറും. നിഖിലിനെ യു.എസിന് കൈമാറാൻ പ്രാഗ് ഹൈക്കോടതി നേരത്തെ അനുമതി നൽകിയിരുന്നു.

നിരോധിത സംഘടനയായ സിഖ്സ് ഫോർ ജസ്റ്റിസിന്റെ സ്ഥാപകനായ പന്നൂനിനെ യു.എസിൽ വച്ച് വധിക്കാൻ ഒരു ഇന്ത്യൻ ഉദ്യോഗസ്ഥന്റെ അറിവോടെ നടന്ന ശ്രമം തകർത്തെന്നാണ് യു.എസ് വാദം. ഗൂഢാലോചനയിൽ പങ്കാളിയായ നിഖിലിനെ യു.എസിന്റെ ആവശ്യപ്രകാരം കഴിഞ്ഞ ജൂണിൽ ചെക്ക് റിപ്പബ്ലിക്കിൽ വച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. നിഖിൽ നിലവിൽ പ്രാഗിലെ ജയിലിലാണ്. 20 വർഷം വരെ ജയിൽ ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണ് നിഖിലിനെതിരെ യു.എസ് ചുമത്തിയിട്ടുള്ളത്.

Advertisement
Advertisement