194 പേരുടെ ജീവൻ രക്ഷിച്ച പ്രാവ് !

Friday 24 May 2024 7:37 AM IST

പാരീസ്: വർഷം 1918 ഒക്ടോബർ 3. ഒന്നാം ലോകമഹായുദ്ധം നടക്കുന്ന സമയം. ഫ്രാൻസിൽ വച്ച് ഫ്രഞ്ച് - അമേരിക്കൻ സംയുക്ത സൈന്യവും ശത്രുവായ ജർമനിയും തമ്മിൽ ഘോരമായ യുദ്ധം നടക്കുകയാണ്.

മേജർ ചാൾസ് വൈറ്റ് വിറ്റിൽസെയുടെ നേതൃത്വത്തിലുള്ള അമേരിക്കൻ സൈന്യം ഇതിനിടെ ഒരു മലനിരയിൽ ഒറ്റപ്പെടുകയുണ്ടായി. ഭക്ഷണവും വെള്ളവുമില്ലാതെ അവർ അവിടെ വലഞ്ഞു. ബറ്റാലിയനിൽ 550 സൈനികർ ഉണ്ടായിരുന്നു. ചുറ്റും ശത്രുക്കളായ ജർമൻ സൈന്യത്തിന്റെ താവളമായിരുന്നു. രക്ഷപ്പെടാൻ ശ്രമിക്കവെ കുറേ പേരെ ജർമൻ സൈന്യം പിടികൂടി. ചിലർ വെടിയേറ്റും മറ്റ് ചിലർ ചികിത്സകിട്ടാതെയും മരിച്ചു വീണു. ബറ്റാലിയനിൽ അപ്പോൾ ശേഷിച്ചത് ആകെ 194 സൈനികർ മാത്രം. രക്ഷപ്പെടാനുള്ള എല്ലാ പഴുതുകളും അടഞ്ഞതോടെ എങ്ങനെയെങ്കിലും തങ്ങൾ ഇവിടെ കുടുങ്ങിയ കാര്യം ഫ്രഞ്ച് സേനയെ അറിയിക്കാൻ മേജർ ചാൾസ് തീരുമാനിച്ചു. ഇതിനായി ഉപയോഗിച്ചത് പ്രാവുകളെയാണ്. ഫ്രഞ്ച് സേനയ്‌ക്കായി അയച്ച സന്ദേശവുമായി പറന്ന രണ്ട് പ്രാവുകളും ജർമൻ സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചു വീണു. മൂന്നാമതായി പറന്നത് ' ഷെർ എമി ' എന്ന പ്രാവാണ്.

തന്റെ ഇടത്തേ കാലിൽ കെട്ടിവച്ചിരുന്ന അമേരിക്കൻ ബറ്റാലിയന്റെ സന്ദേശവുമായി ഫ്രഞ്ച് ക്യാമ്പ് ലക്ഷ്യമാക്കി എമി പറന്നു. ജർമൻ പട്ടാളം എമിക്ക് നേരെ വെടിവയ്‌ക്കാൻ തുടങ്ങി. പറന്ന് അധികം എത്തുന്നതിന് മുമ്പ് തന്നെ എമിക്ക് വെടിയേറ്റു. എന്നാൽ എമി തന്റെ മുറിവുമായി വീണ്ടും പറന്നു. അങ്ങനെ വെറും 25 മിനിറ്റ് കൊണ്ട് 40 കിലോമീറ്റർ ദൂരം താണ്ടി എമി തന്നെ ഏൽപിച്ച ദൗത്യം പൂർത്തിയാക്കി. എമിയുടെ ഇടപെടൽ കാരണം 194 പേരെയും രക്ഷിക്കാനായി. ഇതിനിടെ എമിയുടെ ഒരു കണ്ണിന്റെ കാ‌ഴ്‌ച നഷ്‌ടമായിക്കഴിഞ്ഞിരുന്നു. അവളുടെ ഒരു കാലും ഒടിഞ്ഞു. ആർമി ഓഫീസർമാർ എമിക്ക് ഒരു ചെറിയ മരക്കാൽ ഘടിപ്പിച്ച് നൽകി. ' ഷെർ എമി ' എന്ന പേര് ധീരയായ ഈ പ്രാവിന് നൽകിയത് ഫ്രഞ്ച് ആർമിയാണ്. ' പ്രിയപ്പെട്ട സുഹൃത്ത് ' എന്നാണ് ഈ വാക്കിനർത്ഥം. പരിക്കിൽ നിന്നും മോചിതയായതോടെ എമിയെ അമേരിക്കയിലേക്ക് മടക്കി അയച്ചു. 1919 ജൂൺ 13ന് ന്യൂജഴ്സിയിൽ വച്ചാണ് എമി മരിച്ചത്. ഒന്നാം ലോകമഹായുദ്ധകാലത്ത് 12 സുപ്രധാന ദൗത്യങ്ങൾ പൂർത്തിയാക്കിയ എമിയുടെ ശരീരം ഇപ്പോൾ സ്‌മിത്ത്സോണിയൻ ഇൻസ്റ്റിറ്റ്യൂഷനിൽ സ്‌റ്റഫ് ചെയ്‌ത് സൂക്ഷിച്ചിട്ടുണ്ട്.

Advertisement
Advertisement