റെയ്‌സിക്ക് മഷാദിൽ അന്ത്യവിശ്രമം

Friday 24 May 2024 7:38 AM IST

ടെഹ്‌റാൻ: ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയ്ക്ക് ഇനി ജന്മനാട്ടിൽ അന്ത്യവിശ്രമം. ഇന്നലെ വിശുദ്ധ നഗരമായ മഷാദിൽ നടന്ന സംസ്കാരച്ചടങ്ങുകൾക്ക് പതിനായിരങ്ങൾ സാക്ഷിയായി. രാവിലെ കിഴക്കൻ നഗരമായ ബീർജാന്ദിൽ നിന്ന് തുടങ്ങിയ വിലാപയാത്ര കാണാൻ തെരുവുകളിൽ റെയ്‌സിയുടെ ചിത്രവും ഇറാന്റെ ദേശീയ പതാകയുമായി ആയിരങ്ങൾ തടിച്ചുകൂടി. തുടർന്ന് വിമാനമാർഗം മൃതദേഹം മഷാദിൽ എത്തിച്ചു. മഷാദിലെ വീഥികളിൽ ജനങ്ങൾ തിങ്ങിനിറഞ്ഞു. ഇവിടെ ഗാർഡ് ഒഫ് ഓണർ അടക്കം ബഹുമതികൾ നൽകിയ ശേഷം പ്രശസ്തമായ ഇമാം റെസ പള്ളിയിൽ മൃതദേഹം സംസ്കരിച്ചു. റെയ്‌സിക്കൊപ്പം അപകടത്തിൽ മരിച്ച വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാന്റെ സംസ്കാരം തെക്കൻ ഇറാനിലെ ഷാ അബ്ദുൾ അസീം പള്ളിയിൽ നടന്നു.ഞായറാഴ്ച വൈകിട്ടാണ് കനത്ത മൂടൽ മഞ്ഞിൽ പെട്ട് റെയ്സിയും സംഘവും സഞ്ചരിച്ചിരുന്ന കോപ്റ്റർ ഈസ്റ്റ് അസർബൈജാനിലെ പർവത പ്രദേശത്ത് തകർന്നു വീണത്. പിന്നാലെ ഇടക്കാല പ്രസിഡന്റായി ഫസ്റ്റ് വൈസ് പ്രസിഡന്റ് മുഹമ്മദ് മൊഖ്‌ബറിനെ നിയമിച്ചിരുന്നു. ജൂൺ 28ന് രാജ്യത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടക്കും.

Advertisement
Advertisement