അഞ്ച് കോടിയുടെ ക്വട്ടേഷൻ, മൃതദേഹം കഷ്‌ണങ്ങളാക്കി ഉപേക്ഷിച്ചു; ബംഗ്ലാദേശ് എംപിയെ കൊന്ന കേസിൽ ഒരാൾ പിടിയിൽ

Friday 24 May 2024 10:49 AM IST

മുംബയ്: ബംഗ്ലാദേശ് എംപി അൻവറുൾ അസിം അനാർ കൊൽക്കത്തയിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഒരാളെ ബംഗാൾ ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് (സിഐഡി) അറസ്റ്റ് ചെയ്‌തു. ബംഗ്ലാദേശ് ഖുൽന ജില്ലയിലെ ബരക്‌പൂർ സ്വദേശിയായ വാടകക്കൊലയാളിയാണ് അറസ്റ്റിലായതെന്ന് സിഐഡി ഉദ്യോഗസ്ഥർ പറഞ്ഞു.

മുംബയിൽ അനധികൃതമായി താമസിച്ചുവരികയായിരുന്നു പ്രതി. ഇയാളെ തൂക്കിലേറ്റണമെന്ന് ആവശ്യപ്പെട്ട് എംപിയുടെ മകൾ മുംതാറിൻ ഫെർദോസ് ഡോറിനും രംഗത്തെത്തി. അൻവറുള്ളിനെ വധിക്കാൻ ക്വട്ടേഷൻ നൽകിയെന്ന് കരുതുന്ന ബംഗ്ലാദേശ് വംശജനായ അമേരിക്കൻ പൗരൻ അക്തറുസ്‌മാന്റെ നിർദേശപ്രകാരമാണ് പ്രതി രണ്ടുമാസം മുമ്പ് കൊൽക്കത്തയിൽ നിന്ന് മുംബയിലെത്തിയത്.

വിമാനത്താവളത്തിന് സമീപമുള്ള ഒരു ഹോട്ടലിലായിരുന്നു ഇയാൾ താമസിച്ചിരുന്നത്. അൻവറുള്ളിനെ വധിക്കാൻ അഞ്ച് കോടി രൂപയുടെ ക്വട്ടേഷനാണ് അക്തറുസ്‌മാൻ കൊലയാളികൾക്ക് നൽകിയത്. ഇതിന്റെ ഒരു വിഹിതം അറസ്റ്റിലായ കൊലയാളിക്ക് കൈമാറിയിരുന്നതായും സിഐഡി അറിയിച്ചു.

കൊൽക്കത്തയിലെ ന്യൂ ടൗൺ ഏരിയയിലെ ഫ്ലാറ്റിലാണ് അൻവറുള്ളിനെ അവസാനമായി കാണുന്നത്. അക്‌തറുസ്‌മാന്റെ ഉടമസ്ഥതയിലുള്ള ഈ ഫ്ലാറ്റ് വാടകയ്‌ക്ക് നൽകിയതാണെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ഹണി ട്രാപ്പിൽ കുടുക്കിയാണോ എംപിയെ ഫ്ലാറ്റിലെത്തിച്ചത് എന്ന സംശയവും അന്വേഷണ സംഘത്തിനുണ്ട്. ഈ ഫ്ലാറ്റിൽ നിന്ന് ഒരു സ്ത്രീയും രണ്ട് പുരുഷന്മാരും രണ്ട് വലിയ പെട്ടികളുമായി മടങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. കൂടുതൽ ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.

കൊല്ലപ്പെട്ട എംപിയുടെ അടുത്ത സുഹൃത്തായിരുന്നു അക്തറുസ്‌മാൻ. ഇവർ ചേർന്ന് സ്വർണക്കടത്ത് നടത്തിയിരുന്നതായി ചില ബംഗ്ലാദേശ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. അവാമി ലീഗ് പാർട്ടിയംഗമാണ് കൊല്ലപ്പെട്ട അൻവറുൾ അസിം അനാർ. മേയ് 13 മുതലാണ് കൊൽക്കത്തയിൽ നിന്ന് അൻവറുള്ളിനെ കാണാതായത്. ഇദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാർത്ത ബംഗ്ലാദേശ് ആഭ്യന്തര മന്ത്രി അസദുസ്‌മാൻ ഖാൻ ആണ് പുറത്തുവിട്ടത്.

മേയ് 12ന് ചികിത്സയ്‌ക്കാണെന്ന് പറഞ്ഞാണ് അൻവറുൾ അസിം ഇന്ത്യയിലെത്തുന്നത്. എന്നാൽ, അൻവറുള്ളിന്റെ മൃതദേഹം ഇതുവരെ കണ്ടെത്താനായില്ല. ശരീരം പല കഷ്‌ണങ്ങളാക്കി പല സ്ഥലങ്ങളിൽ ഉപേക്ഷിച്ചുവെന്നാണ് പൊലീസ് കരുതുന്നത്.