റിവേഴ്സെടുത്ത കാർ യുവാവിന്റെ പിന്നിലിടിച്ചു, വലിച്ചിഴച്ച് മുന്നോട്ടുപോയി; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്

Friday 24 May 2024 11:14 AM IST

ലഖ്നൗ: കാറപകടത്തിൽ ഗ്യാസ് ഏജൻസി ജീവനക്കാരന് ഗുരുതര പരിക്ക്. ഉത്തർപ്രദേശിലെ ത്സാൻസി നഗരത്തിലെ പ്രേംഗഞ്ച് കോളനിക്ക് സമീപത്തുളള ചെറിയ റോഡിലാണ് അപകടം സംഭവിച്ചത്. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ യുവാവിന്റെ പിറകിലായി റിവേഴ്സ് എടുത്ത് വന്ന കാർ ഇടിക്കുകയായിരുന്നു. ശേഷം യുവാവിനെ വലിച്ചിഴച്ച് കാർ മുന്നോട്ട് പോയി. സംഭവം കണ്ട നാട്ടുകാർ നിലവിളിച്ച് ഓടികൂടിയതിനെ തുടർന്നാണ് ഡ്രൈവർ കാർ നിർത്തിയത്.

കാറിനടിയിൽ കുടുങ്ങിയ യുവാവിനെ നാട്ടുകാർ അടുത്തുളള ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. യുവാവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലാണെന്നാണ് ലഭിക്കുന്ന വിവരം. കാർ ഡ്രൈവറുടെ അശ്രദ്ധ മൂലമാണ് അപകടം സംഭവിച്ചതെന്നാണ് നാട്ടുകാർ പൊലീസിനോട് പറഞ്ഞത്. ‌ഡ്രൈവറിനെതിരെ കേസെടുക്കണമെന്നും യുവാവിന്റെ ചികിത്സയ്ക്കാവശ്യമായ പണം നൽകണമെന്നുമാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.

പൂനെയിൽ ആഡംബര കാറിടിച്ച് രണ്ട് പേർ മരിച്ച സംഭവത്തിൽ പുതിയ ട്വിസ്റ്റ്

പൂനെയിൽ ആഡംബര കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് എഞ്ചിനീയർമാർ മരിച്ച സംഭവത്തിൽ കാറോടിച്ചത് ഡ്രൈവറാണെന്ന് ആരോപണ വിധേയനായ 17കാരൻ. കഴിഞ്ഞ ‌ഞായറാഴ്ച പുലർച്ചയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്.17കാരൻ വേഗതയിലോടിച്ച കാറിടിച്ച് ബിർസിംഗ്പൂർ സ്വദേശി അനീഷ് അവാഡിയ, ജബൽപൂർ സ്വദേശിനി അശ്വനി കോഷ്ത എന്നിവരാണ് മരിച്ചത്. സംഭവത്തെ തുടർന്ന് കാർ ‌ ‌ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് താൻ ആണെന്ന് ഡ്രൈവർ സമ്മതിച്ചതായാണ് വിവരം.

കാറോടിച്ച പതിനേഴുകാരനെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും 15 മണിക്കൂറിനുള്ളിൽ പ്രതിക്ക് ജാമ്യം അനുവദിച്ചത് വലിയ വിമർശനത്തിനിടയാക്കിയിരുന്നു. ഇത് വലിയ വിവാദത്തിലായതോടെ ജാമ്യം റദ്ദാക്കുകയും ചെയ്തിരുന്നു.

Advertisement
Advertisement