കടംവാങ്ങിയ 100 രൂപയുടെപേരിൽ മെഡിക്കൽ സ്റ്റോറിന് മുന്നിൽ പെണ്ണുങ്ങളുടെ കൂട്ടത്തല്ല്, ഡിഐജിയെ വിളിക്കുമെന്നും ഭീഷണി

Friday 24 May 2024 11:41 AM IST

ലക്‌നൗ: ലോകത്ത് പല കാര്യങ്ങളുടെ പേരിൽ മനുഷ്യർ തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടാകാറുണ്ട്. പ്രദേശങ്ങളുടെയോ സാധനങ്ങളുടെയോ പണത്തിന്റെയോ ഒക്കെ പേരിൽ തർക്കമുണ്ടാകാം. എന്നാൽ ചിലപ്പോഴേങ്കിലും നിസാര കാരണങ്ങൾകൊണ്ട് വലിയ തർക്കങ്ങളുണ്ടാകുകയും അത് കൈയാങ്കളിയിൽ കലാശിക്കുകയും ചെയ്യും. ഉത്തർ പ്രദേശിൽ കഴിഞ്ഞ ദിവസം ഒരുകൂട്ടം വനിതകളും ഒരു പുരുഷനും ഇടപെട്ട തമ്മിലടിക്ക് കാരണമായത് 100 രൂപയുടെ പേരിലുള്ള തർക്കമാണ്. ഉത്തർ പ്രദേശിലെ ബാന്ദയിലാണ് സംഭവം.

കടംവാങ്ങിയ 100 രൂപയുടെ പേരിൽ രണ്ട് സ്‌ത്രീകൾ തമ്മിലുണ്ടായ തർക്കം പിന്നീട് വലിയ കൈയാങ്കളിയിലേക്ക് തിരിഞ്ഞു. തലമുടി പിടിച്ച് വലിക്കുകയും മുഖത്തടിക്കുകയും ചെയ്യുന്നതാണ് സംഭവത്തെക്കുറിച്ച് പ്രചരിക്കുന്ന വീഡിയോയിലുള്ളത്. ഇതിനിടെ മറ്റ് സ്‌ത്രീകളും ഒരു പുരുഷനും സംഘർഷത്തിൽ ഇടപെടുന്നുണ്ട്. കൂട്ടത്തിൽ ഒരു സ്‌ത്രീ ഡി.ഐ.ജിയെക്കുറിച്ച് പറഞ്ഞശേഷം സംഭവം ഉന്നതാധികാരികളെ അറിയിക്കുമെന്ന് ഭിഷണിപ്പെടുത്തുന്നുണ്ട്.

ഖർ കെ കലേഷ് എന്ന എക്‌സ് അക്കൗണ്ടിലാണ് സംഭവത്തിന്റെ വീ‌ഡിയോ പ്രചരിച്ചത്. വീഡിയോ വൈറലായതോടെ സംഭവത്തിൽ യുപി പൊലീസ് പ്രതികരിച്ചിട്ടുണ്ട്. 'രണ്ട് വിഭാഗം ആളുകൾ തമ്മിൽ 100 രൂപയുടെ പേരിലുണ്ടായ ത‌ർക്കമാണിത്. സംഭവത്തിലുൾപ്പെട്ട വനിത പ്രശ്‌നം പരിഹരിച്ചതായും നിയമനടപടിയെടുക്കരുതെന്നും അപേക്ഷിച്ചിട്ടുണ്ട്. '

മണിക്കൂറുകൾക്കകം 90,000 പേരാണ് വീഡിയോ കണ്ടത്. '100 രൂപയ്‌ക്ക് വേണ്ടി വഴക്കുണ്ടാക്കിയിട്ട് ഡിഐജിയെയും കളക്‌ടറെയുമെല്ലാം വിളിപ്പിക്കുമെന്ന് പറയുന്നു.' ചിലർ പ്രതികരിക്കുന്നു. 'ഉയർന്ന തലത്തിലുള്ള സ്‌ത്രീ ശാക്തീകരണം' എന്നാണ് മറ്റൊരു രസകരമായ കമന്റ്. വിഷയം വളരെ ഗൗരവമാണെന്നും ഡിഐജി തന്നെ വന്ന് ശരിയാക്കേണ്ടി വരുമെന്നും ചിലർ കളിയാക്കി കമന്റ് ചെയ്യുന്നുണ്ട്.

Advertisement
Advertisement