പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; രാഹുലിനെ സഹായിച്ച പൊലീസുകാരന്റെ മുൻകൂർ ജാമ്യാപേക്ഷ മാറ്റിവച്ചു

Friday 24 May 2024 12:55 PM IST

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിൽ പ്രതി രാഹുലിനെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥൻ ശരത്‌ലാലിന്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി ഈ മാസം 31ലേക്ക് മാറ്റി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത് മാറ്റിയത്. പൊലീസ് റിപ്പോർട്ടിനായാണ് ഹർജി മാറ്റിയത്.

രാഹുലിനെ സഹായിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് പന്തീരാങ്കാവ് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായ ശരത്‌ലാലിനെ നേരത്തേ സസ്‌പെൻഡ് ചെയ്‌തിരുന്നു. കേസിൽ പെൺകുട്ടി കോഴിക്കോട് ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റിന് മുന്നിൽ കഴിഞ്ഞ ദിവസം രഹസ്യമൊഴി നൽകിയിരുന്നു.

കഴിഞ്ഞ ദിവസങ്ങളിൽ രാഹുൽ ഫോൺ വഴി ബന്ധപ്പെടാൻ ശ്രമിച്ചതായും പെൺകുട്ടിയുടെ പിതാവ് പറഞ്ഞു. പ്രതിയെ തിരികെയെത്തിക്കാനുള്ള ശ്രമം തുടരുകയാണ്. രാഹുൽ പി ഗോപാലന്റെ അമ്മ ഉഷ കുമാരിയും സഹോദരിയും മുൻകൂർ ജാമ്യം തേടിയതായി റിപ്പോർട്ടുകളുണ്ട്. ഇരുവരും കോഴിക്കോട് ജില്ലാ കോടതിയിലാണ് ജാമ്യാപേക്ഷ നൽകിയത്.

രാഹുലിന്റെ അമ്മയ്ക്കും സഹോദരിക്കുമെതിരെ സ്ത്രീധന പീഡനക്കുറ്റം ചുമത്തുമെന്ന രീതിയിലുള്ള റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് മുൻകൂർ ജാമ്യം തേടി കോടതിയെ സമീപിച്ചത്. ഉഷ കുമാരി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണെന്നും വിവരമുണ്ട്. ഉഷയോടും മകളോടും ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് കാണിച്ച് അന്വേഷണ സംഘം നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഇവർ ഹാജരായിരുന്നില്ല.

അതേസമയം, രാഹുലിനെ കണ്ടെത്താനായി ഇന്റർപോളിന്റെ സഹായത്തോടെ ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. രാഹുൽ ജർമനിയിലേക്ക് കടന്നെന്ന് പരാതിക്കാരിയുടെ കുടുംബം ആരോപിച്ചിരുന്നു. കൂടാതെ രാഹുൽ ജർമനിയിലെത്തിയെന്ന് സുഹൃത്ത് രാജേഷും മൊഴി നൽകിയിട്ടുണ്ട്. ബംഗളൂരു വഴി വിദേശ രാജ്യത്തേക്ക് പോയതായി സ്‌പെഷൽ ബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. രാഹുലിന് രാജ്യം വിടാനുള്ള ബുദ്ധി ഉപദേശിച്ചത് പൊലീസ് ഉദ്യോഗസ്ഥനായ ശരത്‌ലാലാണ്.

പൊലീസിന്റെ കൈയിൽപ്പെടാതെ ബംഗളൂരുവിൽ എത്താനുള്ള മാർഗങ്ങൾ ഈ പൊലീസുകാരനാണ് രാഹുലിന് പറഞ്ഞുകൊടുത്തത്. രാജേഷിനും ശരത്‌ലാൽ സഹായങ്ങൾ നൽകിയിരുന്നു. നവവധുവും കുടുംബവും പരാതി നൽകാനെത്തിയപ്പോൾ പൊലീസുകാർ പ്രതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചെന്ന് ആരോപണമുയർന്നിരുന്നു. സംഭവത്തിൽ മൂന്ന് പൊലീസുകാർക്ക് മെമ്മോ നൽകിയിരുന്നു. കൂടാതെ എസ് എച്ച് ഒയെ സസ്‌പെൻഡ് ചെയ്‌തിരുന്നു.

രാഹുൽ ജർമൻ പൗരനാണെന്ന ഉഷ കുമാരിയുടെ വാദം പൊലീസ് നേരത്തെ തള്ളിയിരുന്നു. ഇയാൾ ഇപ്പോഴും ഇന്ത്യൻ പാസ്‌‌പോർട്ട് തന്നെയാണ് ഉപയോഗിക്കുന്നത്. രാഹുലിന്റെ ബാങ്ക് അക്കൗണ്ടും നേരത്തേ മരവിപ്പിച്ചിരുന്നു. ഇയാളുടെ വിദേശത്തുള്ള അക്കൗണ്ട് മരവിപ്പിക്കാനുള്ള ശ്രമവും തുടങ്ങിയെന്നാണ് വിവരം.

മേയ് അ​ഞ്ചി​ന് ​ഗു​രു​വാ​യൂ​രി​ൽ വച്ചായിരുന്നു രാഹുലിന്റെയും കൊച്ചി സ്വദേശിനിയുടെയും​ ​വി​വാ​ഹം.​ ​പ​തി​നൊ​ന്നി​നാണ് യുവതിയെ പ്രതി ക്രൂരമായി മർദിച്ചത്. രാഹുൽ കോട്ടയം സ്വദേശിയാണ്. കോഴിക്കോട് താമസിക്കാൻ തുടങ്ങിയിട്ട് അധികനാളായിട്ടില്ലെന്നാണ് വിവരം.

Advertisement
Advertisement