ഒളിമങ്ങാതെ ഈ ഒളിവോർമ്മകൾ

Sunday 26 May 2024 3:00 AM IST

വേദിയുടെ പ്രകാശവിതാനത്തിലേക്ക് ഒരിക്കൽപ്പോലും രംഗത്തു വരാതെ ഒരു നാടകത്തെ മുന്നോട്ടു നയിക്കുക എന്ന അസാധാരണമായ വൈഭവം!- മലയാള നാടക, സിനിമാ രംഗത്തെ അതുല്യ പ്രതിഭയായിരുന്ന അന്തരിച്ച തോപ്പിൽഭാസി,​ സംവിധാനത്തിൽ കാട്ടിയ ആ വിരുത് ഒരിക്കൽകൂടി നാടകപ്രേമികൾക്ക് അനുഭവവേദ്യമാവുകയാണ്; 'ഒളിവിലെ ഓർമ്മകളി"ലൂടെ.

തിരശ്ശീല ഉയരുമ്പോൾ ഇരുട്ടിലൂടെ ഒരാൾ നടന്നു നീങ്ങുന്നത്, ചുണ്ടിലെരിയുന്ന ബീഡി പൊഴിക്കുന്ന മിന്നിമിന്നിയുള്ള വെട്ടത്തിലൂടെ പ്രേക്ഷകന് ബോദ്ധ്യമാകും. അത് തോപ്പിൽഭാസി തന്നെ. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രചാരണാർത്ഥമുള്ള സ്റ്റഡി ക്ളാസ് എടുക്കാൻ ഏഴര പതിറ്റാണ്ടു മുമ്പ് നടത്തിയ രാത്രിനടത്തത്തിന്റെ പ്രതീകാത്മകമായ അവതരണം. പിന്നീട് ഒരു ഘട്ടത്തിലും തോപ്പിൽഭാസി കഥാപാത്രമായി ആ നാടകത്തിന്റെ വേദിയിലെത്തുന്നില്ല. പക്ഷെ , മറ്റു കഥാപാത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ആദ്യവസാനം പ്രേക്ഷകന് അനുഭവപ്പെടുകയും ചെയ്യും. രചയിതാവും സംവിധായകനുമായല്ല, മറിച്ച് കഥാപാത്രമായി.

ഒരു സന്ധ്യയിൽ വള്ളികുന്നം ഗ്രാമത്തിൽ വട്ടയ്ക്കാടിനു സമീപം സി.കെ. കുഞ്ഞുരാമന്റെ വീട്ടുവരാന്തയിൽ നിവർത്തിയിട്ട ചിക്കുപായയിലിരുന്നാണ് തോപ്പിൽഭാസിയും പുതുപ്പള്ളി രാഘവനുമടക്കമുള്ള കമ്യൂണിസ്റ്റ് നേതാക്കൾ മറ്റു സഖാക്കളുമായി പാർട്ടി പരിപാടികൾ ചർച്ച ചെയ്തത്. അന്ന് യോഗം തുടങ്ങും മുമ്പ് ഒരു ഏഴുവയസുകാരി ഒരു പൊട്ട മണ്ണെണ്ണവിളക്ക് കൊളുത്തിവച്ചു- പേർ ഭാർഗവി. ആ ഭാർഗവി ഉൾപ്പെടെ ആറു മക്കളും ഭാര്യയുമായി ജീവൻ കാക്കാൻ കു‌ഞ്ഞുരാമൻ ഒളിവിൽപ്പോയി. ഒളിവുകാലത്ത് മക്കളെല്ലാം കൈവിട്ടുപോയി.

കുഞ്ഞുങ്ങളെ തേടിയലഞ്ഞ ആ പിതാവ് ആയിരംതെങ്ങ് കടപ്പുറത്ത്, രോഗാതുരയായി മകൾ ഭാർഗവിയെ കണ്ടെത്തി. കൊച്ചനുജൻ അവളുടെ മുഖത്തെ ഈച്ചയെ ആട്ടിയകറ്റുന്നു. ആ കുട്ടിയുമായി അമ്മയെ കാണാനുള്ള യാത്രയിൽ ഭാർഗവി മരിച്ചു. അവളുടെ കുഴിമാടത്തിൽ കരിക്ക് ചെത്തിവയ്ക്കും മുമ്പാണ് കുഞ്ഞുരാമൻ പൊലീസിന്റെ വലയിലാവുന്നത്. ഇതുപോലെ വേദനിപ്പിക്കുന്ന എത്ര സന്ദർഭങ്ങൾ...

കണ്ണഞ്ചിക്കുന്ന സെറ്രുകളുടെയോ വാരിവിതറിയിട്ടുള്ള ലൈറ്റുകളുടെയോ ധാരാളിത്തമില്ലാതെയാണ് കായംകുളം കെ.പി.എ.സിക്കു വേണ്ടി മൂന്നു പതിറ്റാണ്ടു മുമ്പ് 'ഒളിവിലെ ഓർമ്മകൾ" നാടകം തോപ്പിൽഭാസി ചിട്ടപ്പെടുത്തിയത്. ശൂരനാട് സമരത്തിന്റെ മുന്നണിപ്പോരാളികളിൽ ഒരാളായിരുന്ന സി.കെ. കുഞ്ഞുരാമൻ എന്ന സാധാരണക്കാരനായ സഖാവിന്റെ ജീവിതത്തിലെ ദൈന്യവും സഹനവും പോരാട്ടവീര്യവും മുന്നിൽ നിറുത്തി, ശൂരനാട് സമരനായകരിലൂടെ ഒരുകാലഘട്ടത്തിന്റെ കഥ പറഞ്ഞ നാടകം.

ആദ്യാവതരണത്തിൽ പരമുനായർ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രദീപ് തോപ്പിലാണ് രണ്ടാംവരവിൽ സി.കെ. കുഞ്ഞുരാമനാവുന്നത്. തോപ്പിൽ ഭാസിയുടെ സഹോദരനും ജീവിതം മുഴുവൻ കെ.പി.എ.സിക്കു വേണ്ടി ഉഴിഞ്ഞുവച്ച നടനുമായിരുന്ന അന്തരിച്ച തോപ്പിൽകൃഷ്ണപിള്ളയുടെ മകൻ. അതുകൊണ്ടു തന്നെ പല തലമുറകളുടെ സംഗമം കൂടിയാണ് ഇപ്പോൾ 'ഒളിവിലെ ഓർമ്മകൾ". കറുമ്പി എന്ന മറ്റൊരു പ്രധാന കഥാപാത്രത്തെ ആദ്യഘട്ടത്തിൽ അവിസ്മരണീയമാക്കിയ താമരക്കുളം മണി ഇപ്പോഴും അതേ കഥാപാത്രമായി അരങ്ങിൽ ജീവിക്കുന്നതും തലമുറക്കൂട്ടായ്മയിലെ മറ്റൊരു കൗതുകം. മറ്റ് അഭിനേതാക്കളെല്ലാം പുതിയവർ.

Advertisement
Advertisement