സമയത്തിന്റെ വിലയെത്ര?​

Sunday 26 May 2024 3:00 AM IST

ഒരു ഉദ്യോഗാർത്ഥിക്ക് ഒരു കോർപ്പറേറ്റ് സ്ഥാപനത്തിൽ ജോലിക്കുള്ള ഇന്റർവ്യൂവിന് ക്ഷണം കിട്ടുന്നു. ഇന്റർവ്യൂ നടക്കുന്ന നഗരത്തിലെത്തുവാൻ വിമാനം മാറിക്കയറണം. അയാൾ ആദ്യത്തെ വിമാനത്തിൽ ഇടയ്ക്കുള്ള എയർപോട്ടിൽ ഇറങ്ങി. അടുത്ത വിമാനം പുറപ്പെടാൻ അരമണിക്കൂർ ഇടവേളയുണ്ട്. വിമാനത്താവളത്തിലെ ഒരു ഭക്ഷണശാലയിൽനിന്ന് അല്പം ഭക്ഷണം കഴിച്ചു. വെയിറ്റർ ബില്ല് നല്കി. ബിൽ തുക മുന്നൂറ് രൂപയായി. ഇതു കണ്ടപ്പോൾ അയാൾ കാഷ്യറോട് ക്ഷോഭിച്ചു: ഇത് വളരെ കൂടുതലാണ്; ഞാൻ അത്രയ്‌ക്കൊന്നും കഴിച്ചില്ലല്ലോ!

അയാളുടെ ദേഷ്യം കണ്ടപ്പോൾ കാഷ്യർ അമ്പതു രൂപ കുറച്ചു. ഇരുന്നൂറ് രൂപയിൽ കൂടുതൽ ഈടാക്കരുതെന്നായി അയാളുടെ വാദം. നിവൃത്തിയില്ലാതെ കാഷ്യർ സമ്മതിച്ചു. തർക്കിച്ചു ജയിച്ചതിന്റെ അഹങ്കാരാഭിമാനങ്ങളോടെ പുഞ്ചിരിച്ചുകൊണ്ട് അയാൾ വിമാനം പുറപ്പെടുന്ന ഗേറ്റിലേക്കു നടന്നു. അവിടെയെത്തിയപ്പോൾ ഗേറ്റ് അടഞ്ഞിരുന്നു. രണ്ട് മിനിട്ടു മുമ്പ് വിമാനം പുറപ്പെട്ടിരുന്നു. തന്റെ
ലക്ഷ്യം മറന്ന് നിസാര ലാഭത്തിനു വേണ്ടി വിലപേശി നിന്നതുകാരണം വലിയ ശമ്പളമുള്ള ഒരു ജോലിക്കുള്ള അവസരം അയാൾക്ക് കൈവിട്ടുപോയി. പൊയ്‌പ്പോകുന്ന സമയത്തെക്കുറിച്ച് ബോധമുള്ളവർക്കു മാത്രമേ ജീവിതത്തിൽ വിജയം നേടാൻ കഴിയൂ.

സമയമാണ് മനുഷ്യന്റെ ഏറ്റവും വിലയേറിയ സമ്പത്ത്. നഷ്ടപ്പെട്ട സമയം ഒരിക്കലും തിരിച്ചുകിട്ടില്ല. കോടിക്കണക്കിനു രൂപ നഷ്ടമായാലും അത് വീണ്ടും നേടാൻ കഴിഞ്ഞെന്നിരിക്കും. പക്ഷേ,​ നഷ്ടമാകുന്ന ഒരു നിമിഷം പോലും വീണ്ടെടുക്കാൻ നമുക്കു പറ്റില്ല. സമയത്തിന്റെ മൂല്യം തിരിച്ചറിയുക അത്ര എളുപ്പമല്ല. അനുഭവത്തിലൂടെ മാത്രമേ അതു സാധിക്കൂ. പരീക്ഷയിൽ തോറ്റുപോയ ഒരു വിദ്യാർത്ഥിയോടു ചോദിച്ചാൽ ഒരു വർഷത്തിന്റെ വിലയറിയാം. പ്രസവസമയം തികയുന്നതിന് ഒരുമാസം മുമ്പുതന്നെ ചാപിള്ളയെ പ്രസവിച്ച സ്ത്രീയോടു ചോദിച്ചാൽ ഒരു മാസത്തിന്റെ വിലയറിയാം. പരസ്‌പരം കാണാൻ കാത്തിരിക്കുന്ന ദമ്പതികളോടു ചോദിച്ചാൽ ഒരു മണിക്കൂറിന്റെ വിലയറിയാം. വൈകിയെത്തിയതു കാരണം ട്രെയിൻ കിട്ടാതിരുന്ന യാത്രക്കാരനോടു ചോദിച്ചാൽ ഒരു മിനിട്ടിന്റെ വിലയറിയാം.

വാഹനാപകടത്തിൽ നിന്ന് രക്ഷപ്പെട്ട ഒരാളോടു ചോദിച്ചാൽ ഒരു സെക്കൻഡിന്റെ വിലയറിയാം!

സമയത്തിന്റെ മൂല്യം ശരിയായി മനസിലാക്കാൻ കഴിഞ്ഞാൽ നമ്മൾ ഓരോ നിമിഷത്തെയും അമൂല്യനിധി പോലെ സൂക്ഷിച്ചു ചെലവഴിക്കും. ഇപ്പോൾ സമയം അനുകൂലമല്ലെന്ന് ചിലർ പരാതി പറയാറുണ്ട്. സമയം എപ്പോഴും അനുകൂലം തന്നെയാണ്. നമ്മൾ സമയത്തോട് അനുകൂലിക്കുന്നില്ല എന്നേയുള്ളൂ. അനുകൂലവും പ്രതികൂലവും നമ്മൾ തന്നെയാണ് സൃഷ്ടിക്കുന്നത്. അതറിയാതെയാണ് മനുഷ്യൻ സാഹചര്യങ്ങൾക്ക് അടിമപ്പെടുന്നത്. നല്ലകാലം വരട്ടെ എന്നു പറഞ്ഞിരുന്നാൽ നല്ലതു പലതും കൈവിട്ടുപോകും. നല്ല കാര്യത്തിന് നേരം നോക്കിയിരിക്കരുത്. നല്ലതാണെങ്കിൽ ഉടനെ ചെയ്യണം. ഈശ്വരനോട് അടുക്കാനും സമൂഹത്തിന് നന്മ ചെയ്യാനുമുള്ള അപൂർവമായ അവസരമാണ് മനുഷ്യജന്മം. അതു മനസിലാക്കി ഓരോ നിമിഷവും വിവേകപൂർവം വിനിയോഗിക്കുക.

Advertisement
Advertisement