എം പിയുടെ മൃതദേഹത്തോടും ക്രൂരത; തൊലിമാറ്റി കഷ്ണങ്ങളാക്കി മഞ്ഞൾപ്പൊടി പുരട്ടിവച്ചു: കശാപ്പുകാരൻ പിടിയിൽ

Friday 24 May 2024 3:06 PM IST

ന്യൂഡൽഹി: ബംഗ്ലാദേശ് എം പി അൻവറുൾ അസിം അനാറിനെ ( 56) കൊൽക്കത്തയിലെ ഫ്ലാറ്റിൽ കൊലപ്പെടുത്തിയ കേസിൽ കുടുതൽ വിവരങ്ങൾ പുറത്ത്. അൻവറുളിന്റെ മൃതദേഹത്തിൽ നിന്ന് തൊലിയെടുത്തുമാറ്റിയതും ചെറിയ കഷ്ണങ്ങളാക്കി വെട്ടിമുറിച്ചതും കശാപ്പുകാരനാണെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസമാണ് പശ്ചിമബംഗാൾ സിഐഡി (ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ്) ജിഹാദ് ഹവലാദർ (24) എന്നറിയപ്പെടുന്ന കശാപ്പുകാരനെ അറസ്റ്റ് ചെയ്തത്.

ഇയാളെ കൃത്യം ചെയ്യാൻ മുംബയിൽ നിന്ന് പ്രതികൾ വിളിച്ചുവരുത്തുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. ബംഗ്ലാദേശ് കുൽന സ്വദേശിയായ ജിഹാദ് ഹവലാദർ മുംബയിൽ അനധികൃത കുടിയേറ്റക്കാരനായി താമസിച്ചുവരികയായിരുന്നു. എം പിയുടെ കൊലപാതകത്തിന് രണ്ട് മാസം മുൻപ് ഇയാൽ കൊൽക്കത്തയിൽ എത്തിയിരുന്നുവെന്നും ബംഗ്ലാദേശ് വംശജനായ അമേരിക്കൻ പൗരൻ അക്തറുസ്സമാൻ എന്നയാളുടെ നിർദേശപ്രകാരമാണ് താൻ പ്രവർത്തിച്ചതെന്നും പിടിയിലായ ജിഹാദ് ഹവലാദർ പറഞ്ഞതായി പൊലീസ് വ്യക്തമാക്കി.

എം പിയുടെ ശരീര ഭാഗങ്ങളും എല്ലുകളും ചെറിയ കഷ്ണങ്ങളാക്കി മുറിച്ചാണ് മൃതദേഹം പ്രതികൾ ഉപേക്ഷിച്ചത്. കൂടാതെ അസ്ഥികളിൽ നിന്ന് മാംസം വേർതിരിക്കുകയും മഞ്ഞൾപ്പൊടി ഇട്ടുവയ്ക്കുകയും ചെയ്തിരുന്നതായാണ് കണ്ടെത്തൽ. ജിഹാദ് ഹവലാദറും മറ്റ് നാല് ബംഗ്ലാദേശ് സ്വദേശികളും ചേർന്നാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

എംപിയെ ഫ്ളാറ്റിലെത്തിച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തിൽ നിന്ന് തൊലി മാറ്റുകയായിരുന്നു. പിന്നീട് മൃതദേഹം പല കഷ്ണങ്ങളാക്കി പാക്ക് ചെയ്ത് കൊൽക്കത്തയുടെ പല ഭാഗത്ത് ഉപേക്ഷിക്കുകയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. എളുപ്പത്തിൽ ദ്രവിക്കുന്നത് ഒഴിവാക്കാനാണ് മഞ്ഞൾപ്പൊടി വിതറിയതെന്നും പൊലീസ് പറയുന്നു. അറസ്റ്റ് ചെയ്യപ്പെട്ട പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം പൊലീസ് കസ്റ്റഡിയിൽ വാങ്ങി എംപിയുടെ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുക്കാനുള്ള നടപടികളിലേക്ക് കടക്കുമെന്നാണ് റിപ്പോർട്ട്.

ബംഗ്ലാദേശിലെ ഭരണകക്ഷിയായ അവാമി ലീഗ് പാർട്ടിയുടെ മുതിർന്ന നേതാവായ അൻവറുൾ അസിം മൂന്ന് തവണയായി എം പിയാണ്. ബംഗ്ലാദേശിൽ കുറ്റകൃത്യങ്ങൾക്ക് കുപ്രസിദ്ധമായ ജനയ്ദ - 4 മണ്ഡലത്തിന്റെ എം പി ആയിരുന്നു അദ്ദേഹം. ചികിത്സയ്‌ക്കായി ഈ മാസം 12നാണ് കൊൽക്കത്തയിൽ എത്തിയത്.

മേയ് 18നാണ് എംപിയെ കാണാനില്ലെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ ഡിഐഡി പരിശോധിച്ചുവരികകയാണ്. ഒരു പുരുഷനും സ്ത്രീക്കുമൊപ്പം അൻവാറുൾ അനാർ ഫ്ളാറ്റിലേക്ക് പ്രവേശിക്കുന്നത് ദൃശ്യങ്ങളിലുള്ളതായി അധികൃതർ വ്യക്തമാക്കി. എം പിക്കൊപ്പം ഫ്ളാറ്റിൽ പ്രവേശിച്ചവർ പിന്നീട് പുറത്തുവരുന്നതും വീണ്ടും തിരികെയെത്തുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. പിന്നീട് റൂമിന് വെളിയിലെത്തിയ ഇരുവരുടെയും കെെകളിൽ സ്യൂട്ട്കേസുകൾ ഉണ്ടായിരുന്നു.

Advertisement
Advertisement