നിറഞ്ഞൊഴുകി മണിമലയാറും, പുല്ലകയാറും..... ജലനിരപ്പുയരുന്നു, ആശങ്കയും

Saturday 25 May 2024 12:13 AM IST

മുണ്ടക്കയം : ഒരാഴ്ചയായി തുടരുന്ന കനത്ത മഴയിൽ കിഴക്കൻ മേഖലയിലെ പ്രധാന ജലസ്രോതസുകളായ മണിമലയാറും, പുല്ലകയാറും, അഴുതയാറും ജലസമൃദ്ധമായി. വാഗമൺ മലനിരകളിലും ഏലപ്പാറ, കുട്ടിക്കാനം ഭാഗങ്ങളിലും ശക്തമായ മഴ പെയ്താൽ മണിമലയാറ്റിലെ ജലനിരപ്പ് പൊടുന്നനെ ഉയരും. ഇത് പലപ്പോഴും അപകടങ്ങൾക്കും വഴിവയ്ക്കാറുണ്ട്. ഓരോ മഴക്കാലത്തും നിരവധി ജീവനുകളാണ് പൊലിയുന്നത്. നദിയിലെ കയങ്ങളിലും , ചെക്ക് ഡാമുകളിലും ക്രമാതീതമായി മണൽ വന്നടിഞ്ഞതോടെ പുഴയുടെ സംഭരണശേഷി ഇല്ലാതായി. ഇത് വെള്ളപ്പൊക്കത്തിന് ഇടയാക്കുമെന്നാണ് ആശങ്ക. അഴുതയാറും സമാനമായി മണൽമൂടിയ അവസ്ഥയിലാണ്. 2021 ഒക്ടോബർ 16 നുണ്ടായ മിന്നൽ പ്രളയത്തിൽ കൂട്ടിക്കൽ, കൊക്കയാർ, മുണ്ടക്കയം പഞ്ചായത്തുകളിലായി നഷ്ടമായത് നിരവധിപ്പേരുടെ ജീവനുകളാണ്. മുമ്പുണ്ടായ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഏത് സാഹചര്യവും നേരിടാൻ അടിയന്തര ക്രമീകരണങ്ങൾ വിവിധ വകുപ്പുകളുടെ നേതൃത്വത്തിൽ ആരംഭിച്ചു.

കുടിവെള്ള പദ്ധതികൾ പുന:രാരംഭിച്ചു

കടുത്ത വേനലിൽ മാസങ്ങളായി വറ്റിവരണ്ടുകിടന്ന നദികളിൽ ജലനിരപ്പ് ഉയർന്നതോടെ കുടിവെള്ളക്ഷാമത്തിനും പരിഹാരമായി. പുഴകളെ ആശ്രയിച്ച് പ്രവർത്തിച്ച് കൊണ്ടിരുന്ന കുടിവെള്ള പദ്ധതികളുടെ പ്രവർത്തനം നിലച്ചിരിക്കുകയായിരുന്നു. നദികൾ ജലസമൃദ്ധമായതോടെ ഇവയുടെ പ്രവർത്തനവും പുന:രാരംഭിച്ചു.

''മണിമലയാറ്റിൽ ജലനിരപ്പുയരുമ്പോൾ ഭീതിയാണ്. നദികളിലെ തടസങ്ങൾ നീക്കി വെള്ളം സുഗമമായി ഒഴുകിപ്പോകാൻ സംവിധാനം ഒരുക്കാത്തത് വെള്ളപ്പൊക്കത്തിനിടയാക്കും.

രാജപ്പൻ, മുണ്ടക്കയം

Advertisement
Advertisement