ഇറച്ചി വെട്ടുന്ന കത്തി കൊണ്ട് നെഞ്ചിലും വയറ്റിലും കുത്തി, ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച പ്രതിയെ വെറുതെ വിട്ടു

Friday 24 May 2024 7:15 PM IST

തിരുവനന്തപുരം: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സബ് കോടതി ശിക്ഷിച്ച പ്രതിയെ വെറുതെ വിട്ടു. നെയ്യാറ്റിന്‍കര സബ് കോടതി ഏഴ് വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിച്ച പ്രതിയെയാണ് അഡീഷണല്‍ ജില്ലാ ജഡ്ജി വെറുതെ വിട്ടത്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ഭാര്യയെ കൊലപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇറച്ചിവെട്ടുകാരനായ ജാഫര്‍ ജോലിക്ക് ഉപയോഗിക്കുന്ന കത്തി കൊണ്ട് വെട്ടിയന്നായിരുന്നു കേസ്. വെട്ടുകയും നെഞ്ചിലും വയറിലും കുത്തുകയും ചെയ്തിരുന്നു. ജാഫറിന്റെ ആക്രമണത്തില്‍ ഭാര്യക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

നിലവിളി കേട്ട് ഓടിയെത്തിയ ബന്ധുക്കളും സമീപവാസികളും ചേര്‍ന്നാണ് ഇവരെ ആശുപത്രിയില്‍ എത്തിച്ചത്. തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം ജീവന്‍ രക്ഷപ്പെടുകയായിരുന്നു. സംഭവത്തില്‍ ഭാര്യ പരാതി നല്‍കുകയും കേസ് കോടതിക്ക് മുന്നില്‍ എത്തുകയും ചെയ്തു.

പിന്നീട് നടന്ന വിചാരണയില്‍ 2023ല്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സബ് കോടതി പ്രതിയെ ഏഴ് വര്‍ഷം തടവിന് ശിക്ഷിക്കുകയും ചെയ്തു. ഈ വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീലില്‍ ആണ് പ്രതിയെ വെറുതെ വിട്ടു കൊണ്ട് 22/05/2024ന് ജില്ലാ കോടതി ഉത്തരവിട്ടത്. പ്രതിക്ക് വേണ്ടി പ്രമുഖ ക്രിമിനല്‍ അഭിഭാഷകനായ അഫ്‌സല്‍ ഖാന്‍ ഹാജരായി.

Advertisement
Advertisement