പാറശാലയിൽ വാഹനങ്ങൾക്ക് മുകളിൽ കൂറ്റൻ മരം കടപുഴകി

Saturday 25 May 2024 1:32 AM IST

പാറശാല: ഇന്നലെ രാവിലെ വീശിയടിച്ച ശക്തിയേറിയ കാറ്റിൽ പാറശാല ഗാന്ധിപാർക്കിനു സമീപത്തെ മുക്കോലയ്ക്കൽ റോഡിന് കുറുകെ നിന്ന കൂറ്റൻ പുന്നമരം കടപുഴകി വാഹനങ്ങൾക്ക് നാശം. റോഡിൽ പാർക്ക് ചെയ്തിരുന്ന രണ്ട് ഓട്ടോറിക്ഷകൾക്കും ഒരു കാറിനും ഇലക്ട്രിക് ലൈനുകൾക്കും മുകളിലൂടെയാണ് മരം വീണത്.

വീഴ്ചയിൽ വാഹനങ്ങൾക്ക്‌ കേടുപാടുകൾ സംഭവിക്കുകയും രണ്ട് ഇലക്ട്രിക് പോസ്റ്റുകൾ നിലംപതിക്കുകയും ചെയ്തു. പാറശാല ഫയർഫോഴ്സും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരും സ്ഥലത്തെത്തി മരത്തിന്റെ ചില്ലകൾ മുറിച്ചുമാറ്റിയ ശേഷമാണ് ഇതുവഴിയുള്ള ഗതാഗതം പുനഃസ്ഥാപിച്ചത്.

കൃഷിയും നശിച്ചു

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയിലും ശക്തിയേറിയ കാറ്റിലും പാറശാലയിലും സമീപ പ്രദേശങ്ങളിലുമായി വ്യാപകമായി മരങ്ങൾ കടപുഴകുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ കൃഷിയിടങ്ങളിൽ മിക്കവയും വെള്ളംകയറിയ നിലയിലാണ്.ചെറുവാരക്കോണം അബ്സ് മെമ്മോറിയൽ ചർച്ചിന്‌ മുൻഭാഗത്ത് നിന്നിരുന്ന കൂറ്റൻ വേപ്പ്,കാരാളി മുള്ളുവിള,ധനുവച്ചപുരം, മഞ്ചവിളാകം,പരശുവയ്ക്കൽ എന്നിവിടങ്ങളിൽ നിന്നിരുന്ന മരങ്ങളും കടപുഴകി.

നെടുവാൻവിള,കരുമാനൂർ,മുറിയത്തോട്ടം,പാങ്കോട്ടുകോണം,മുള്ളുവിള,മഞ്ചവിളാകം തുടങ്ങിയ താഴ്ന്ന പ്രദേശങ്ങളിൽ കൃഷിചെയ്തിരുന്ന ആയിരക്കണക്കിന് വാഴകളാണ് കാറ്റിൽ ഒടിഞ്ഞുവീണത്. കൂടാതെ മരിച്ചീനി, പച്ചക്കറികൾ,ഇഞ്ചി,പൈനാപ്പിൾ എന്നിവ കൃഷി ചെയ്തിരുന്ന ഏലകളിലും വെള്ളം കയറി വ്യാപക കൃഷിനാശമാണ് സംഭവിച്ചത്. നെയ്യാറ്റിൻകര തഹസീൽദാരും, കൃഷിവകുപ്പ് ഉദ്യോഗസ്ഥരും ​തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥരും ഉൾപ്പെടെയുള്ളവർ കൃഷിനാശം സംഭവിച്ച മേഖലകളിലെത്തി നാശനഷ്ടങ്ങൾ വിലയിരുത്തി.

Advertisement
Advertisement