മലയാളി യുവാക്കള്‍ കൂട്ടത്തോടെ പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലം, മുന്നില്‍ ഇന്ത്യക്കാര്‍ തന്നെ

Friday 24 May 2024 7:57 PM IST

ന്യൂഡല്‍ഹി: ഉപരിപഠനത്തിനോ അല്ലെങ്കില്‍ അത് കഴിഞ്ഞുള്ള തൊഴിലന്വേഷണത്തിലോ മലയാളി യുവാക്കളുടെ ഒന്നാം നമ്പര്‍ ചോയിസ് യു.കെ ആണ്. ഇപ്പോഴിതാ 2023ലെ കണക്കുകള്‍ പുറത്ത് വരുമ്പോള്‍ യുകെയിലേക്ക് കുടിയേറിയവരുടെ പട്ടികയില്‍ മുന്നില്‍ ഇന്ത്യക്കാരാണെന്നാണ് കണക്കുകള്‍ സൂചിപിക്കുന്നത്. 2,50,000 ഇന്ത്യക്കാരാണ് 2023ല്‍ യുകെയിലേക്ക് കുടിയേറിയത്. 1.27 ലക്ഷം പേര്‍ ജോലിക്കായും 1.15 ലക്ഷം പേര്‍ പഠനത്തിനും 9,000 പേര്‍ മറ്റ് ആവശ്യങ്ങള്‍ക്കുമായിട്ടാണ് യുകെയില്‍ എത്തിയത്.

അതേസമയം യുകെയിലേക്കുള്ള മൊത്തം കുടിയേറ്റത്തില്‍ പത്ത് ശതമാനത്തിന്റെ കുറവ് സംഭവിച്ചിട്ടുണ്ട്. ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎന്‍എസ്) കണക്കുകള്‍ പ്രകാരം ഇന്ത്യയ്ക്ക് തൊട്ടു പിന്നാലെ 141,000 കുടിയേറ്റക്കാരുമായി നൈജീരിയ ആണ് രണ്ടാമത്. യുകെയിലേക്ക് കുടിയേറ്റക്കാരെ അയക്കുന്നതില്‍ ചൈനക്കാര്‍ മൂന്നാം സ്ഥാനത്തും പാക്കിസ്ഥാനികള്‍ നാലാം സ്ഥാനത്തുമാണുള്ളത്.

തൊഴില്‍ വിസകളെ സംബന്ധിച്ചിടത്തോളം, 2023-ല്‍ 337,240 തൊഴില്‍ വിസകളും 146,477 ഹെല്‍ത്ത്‌കെയര്‍ വിസകളും അനുവദിച്ചു. ഏകദേശം 114,409 ഗ്രാജ്വേറ്റ് വിസകളും അനുവദിച്ചു, വിദ്യാര്‍ത്ഥികള്‍ക്ക് ബിരുദം നേടിയ ശേഷം ജോലി ചെയ്യാന്‍ അനുവദിക്കുകയും ചെയ്തിട്ടുണ്ട്. യുകെയിലെ ഹോം ഓഫീസ് ഇമിഗ്രേഷന്‍ സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം ഇവരില്‍ 50,503 പേര്‍ ഇന്ത്യക്കാരാണ്.

യുകെയിലേക്ക് കുടിയേറിയവരില്‍ 85 ശതമാനവും യൂറോപ്യന്‍ യൂണിയന് പുറത്ത് നിന്നുള്ളവരാണ്. ചൈനീസ്, പാകിസ്ഥാന്‍, സിംബാബ്വെ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ് ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ അവശേഷിക്കുന്നത്.