ജീവിത നിലവാരവും നമ്മുടെ നഗരങ്ങളും

Saturday 25 May 2024 12:36 AM IST

ഇന്ത്യയിൽ മികച്ച ജീവിത നിലവാരം പുലർത്തുന്ന നഗരങ്ങളുടെ പട്ടികയിൽ കേരളത്തിൽ നിന്നുള്ള ഏഴ് നഗരങ്ങൾ ഉൾപ്പെട്ടത് അഭിമാനകരമാണ്. 163 രാജ്യങ്ങളിലായി ആയിരം നഗരങ്ങളെ പഠന വിധേയമാക്കി ഓക്‌സ്‌ഫഡ് ഇക്കണോമിക്സ് ഗ്ലോബൽ സ്റ്റഡീസ് ഇൻഡക്സ് പുറത്തുവിട്ട പട്ടികയിലാണ് കേരളത്തിന്റെ ഭാവി വികസനത്തിന് ഉത്തേജകമാകുന്ന ഈ വിവരം. ജീവിത നിലവാരം അഥവാ ക്വാളിറ്റി ഒഫ് ലൈഫ് വിഭാഗത്തിൽ ഡൽഹി, ബംഗളൂരു, മുംബയ്, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളെല്ലാം കേരളത്തിനു പിന്നിലാണ്. ജീവിതനിലവാര സൂചികയിൽ ഏറ്റവും മുന്നിൽ തിരുവനന്തപുരമാണ്. 748 ആണ് തലസ്ഥാന നഗരിയുടെ റാങ്കിംഗ്. രണ്ടാം സ്ഥാനത്ത് 753 റാങ്കുമായി കോട്ടയം. മൂന്നാം സ്ഥാനത്ത് 757 റാങ്കുമായി തൃശൂരുണ്ട്. കൊല്ലം 758, കൊച്ചി 765, കണ്ണൂർ 768 കോഴിക്കോട് 783 ഇങ്ങനെയാണ് മറ്റു നഗരങ്ങളുടെ റാങ്ക്.

ഓവറോൾ റാങ്കിംഗിൽ ഇന്ത്യയിൽ ജീവിക്കാൻ ഏറ്റവും നല്ല നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത് ഡൽഹിയെയാണ്. 350 ആണ് ഡൽഹിയുടെ റാങ്ക്. രണ്ടാം സ്ഥാനത്ത് ബംഗളുരുവും മൂന്നാമത് മുംബയും നാലാമത് ചെന്നൈയുമാണ്. ഓവറോൾ റാങ്കിംഗിൽ അഞ്ചാം സ്ഥാനത്തെത്തി കൊച്ചി,​ സംസ്ഥാനത്തെ ഒന്നാം നമ്പർ പദവി നേടിയിരിക്കുകയാണ്. ലോകത്തെ ഏറ്റവും മികച്ച നഗരമായി തിരഞ്ഞെടുത്തിരിക്കുന്നത് ന്യൂയോർക്കിനെയാണെങ്കിലും ജീവിതനിലവാരം കൂടിയ നഗരം ഫ്രാൻസിലെ ഗ്രനോബിളാണ്.

ഇന്ത്യയുടെ ഓവറോൾ റാങ്കിംഗിൽ ഡൽഹിക്കു പിന്നിൽ രണ്ടാമത് ബംഗളൂരുവും മൂന്നാമത് മുംബയും നാലാം സ്ഥാനത്ത് ചെന്നൈയുമാണ്. സാമ്പത്തികം, മനുഷ്യവിഭവശേഷി, ജീവിത നിലവാരം, പരിസ്ഥിതി, ഭരണം എന്നിങ്ങനെ അഞ്ച് മാനദണ്ഡങ്ങളാണ് പരിഗണിച്ചത്.

ജീവിത നിലവാരത്തിൽ ഇന്ത്യയിൽ ഒന്നാമതെത്തിയത് തിരുവനന്തപുരത്തിന് നിരവധി സാദ്ധ്യതകൾക്ക് വഴി തുറക്കുന്നതാണ്, അതോടൊപ്പം ഈ സ്ഥാനം നിലനിറുത്തുന്നതിനും കൂടുതൽ മുന്നേറുന്നതിനും വേണ്ട ചിന്തകൾക്ക് നഗരാസൂത്രകരും സർക്കാരും പ്രാധാന്യം നൽകേണ്ടതുണ്ട്. ഗ്രാമീണഭംഗിയും ആസ്വദിക്കാനാവുന്ന വിധത്തിൽ നിലനിൽക്കുന്നു എന്നതാണ് നഗരത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. വാഹനങ്ങളുടെ ബാഹുല്യം കൂടിയിട്ടുണ്ടെങ്കിലും മണിക്കൂറുകൾ നീളുന്ന ഗതാഗത തടസം ഈ നഗരത്തിന് അന്യമാണ്. വിഴിഞ്ഞം പദ്ധതി യാഥാർത്ഥ്യമാവുകയും ലൈറ്റ് മെട്രോ പദ്ധതി നടപ്പാവുകയും കൂടി ചെയ്യുമ്പോൾ തിരുവനന്തപുരം നഗരം വലിയ മാനങ്ങൾ കൈവരിക്കുമെന്നതിൽ സംശയിക്കേണ്ടതില്ല. കോൺക്രീറ്റ് കാട് പോലെ തോന്നുന്നതല്ല കേരളത്തിലെ ഒരു നഗരവും. അതേസമയം സൗകര്യങ്ങളുടെ കാര്യത്തിലും ശാന്തമായ ജീവിതത്തിന്റെ കാര്യത്തിലും നമ്മുടെ നഗരങ്ങൾ ഇന്ത്യയിലെ മറ്റേതു നഗരത്തിനും പിന്നിലല്ല.

സ്ത്രീകൾക്കും കുട്ടികൾക്കും നേരെ അതിക്രമങ്ങളില്ലാത്ത നഗരങ്ങളാണ് ഏറ്റവും നല്ല നഗരങ്ങൾ. അക്കാര്യത്തിൽ രാജ്യതലസ്ഥാനമാണെങ്കിലും ഡൽഹി ഒട്ടും സുരക്ഷിതമല്ല. എന്നാൽ അധോലോകങ്ങളുടെ നിരവധി ഗ്രൂപ്പുകളുള്ള മുംബയ് തികച്ചും വ്യത്യസ്തമാണ്. അർദ്ധരാത്രി കഴിഞ്ഞും ഏതൊരു പെൺകുട്ടിക്കും താരതമ്യേന പേടി കൂടാതെ നടന്നുപോകാൻ കഴിയുന്ന നഗരമാണ് മുംബയ്. അത് ആ നഗരത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. കേരളത്തിലെ നഗരങ്ങൾ ജീവിതനിലവാരം കൂടുന്നതിനൊപ്പം ക്രൈം റേറ്റ് ഏറ്റവും കുറഞ്ഞ നഗരങ്ങളായും മാറേണ്ടതുണ്ട്. ക്രമസമാധാനപാലകർ ഇതിനായി ദീർഘകാല പദ്ധതികൾ ആവിഷ്ക്കരിക്കണം. മാലിന്യ നിർമ്മാർജ്ജനത്തിൽ നാം ഇന്ന് വളരെ പിന്നിലാണ്. അത് മാറാൻ സർക്കാരും സംഘടനകളും പൗരന്മാരും കൈകോർത്തുനിന്ന് തീവ്രപരിശ്രമങ്ങൾ മുന്നോട്ട് കൊണ്ടുപോകേണ്ടതുണ്ട്. രാജ്യത്ത് ജീവിതനിലവാരം കൂടിയ നഗരങ്ങളിൽ അധികവും കേരളത്തിലാണെന്നത് ടൂറിസം രംഗത്തിന്റെ വളർച്ചയ്ക്കും മുതൽക്കൂട്ടായി മാറുന്ന വസ്തുതയാണ്.

Advertisement
Advertisement