ആക്രിയുടെ മറവിലെ ജി.എസ്.ടി വെട്ടിപ്പ്

Saturday 25 May 2024 12:40 AM IST

വ്യാപാരത്തിൽ തരികിടകൾ പയറ്റുന്നവരെ മനസിലോർത്തുകൊണ്ടാണ് ചിലർ കച്ചവടത്തെ 'കച്ച-കപടം" എന്നു വിളിക്കുന്നത്. ഉപയോഗശൂന്യമെന്നു കണ്ട് വലിച്ചെറിയുന്ന വസ്തുക്കളിൽപ്പോലും കച്ചവട സാദ്ധ്യത കണ്ടെത്തുന്നവരാണ് വ്യാപാര മേഖലയിലെ ബുദ്ധിമാന്മാർ. ആ കച്ചവടത്തിന്റെ ലാഭസാദ്ധ്യതയ്ക്കും മീതെ,​ നികുതി വെട്ടിപ്പിന്റെ കള്ളത്തരത്തിന് പഴുതു കണ്ടെത്തുന്ന വിദ്വാന്മാരെ 'കാപട്യത്തിന്റെ കള്ളരാക്ഷസന്മാർ" എന്നുതന്നെ വിളിക്കണം! അത്തരമൊരു അമ്പരപ്പിക്കുന്ന നികുതി വെട്ടിപ്പിന്റെ വലുപ്പമാണ് സംസ്ഥാനത്തെ വമ്പൻ ആക്രിക്കച്ചവട കേന്ദ്രങ്ങളിൽ കഴിഞ്ഞ ദിവസം ജി.എസ്.ടി ഇന്റലിജൻസ്- എൻഫോഴ്സ്‌മെന്റ് വിഭാഗങ്ങൾ നടത്തിയ മിന്നൽ പരിശോധനയിൽ വെളിച്ചത്തു വന്നത്. ഏഴു ജില്ലകളിലെ 101 കേന്ദ്രങ്ങളിൽ നടത്തിയ റെയ്ഡിൽ കണ്ടെത്തിയത് 209 കോടിയുടെ വെട്ടിപ്പ്!

വിവിധ ജില്ലകളിലായുള്ള 149 'ആക്രി മുതലാളിമാർ" ചേർന്നു രൂപീകരിച്ച ശൃംഖലയിലെ നാല് മുഖ്യന്മാർ വ്യാഴാഴ്ചതന്നെ പിടിയിലായി. ഇവരെ വിശദമായി ചോദ്യംചെയ്യുമ്പോഴേ 'മഞ്ഞുമല"യുടെ യഥാർത്ഥ വലുപ്പം പുറത്തുവരൂ. ജി.എസ്.ടിയിലെ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സംവിധാനം ദുരുപയോഗം ചെയ്തായിരുന്നു തട്ടിപ്പ്. അതായത്,​ ഉത്പന്നം വാങ്ങുന്ന സമയത്ത് അടച്ച നികുതി,​ വില്ക്കുമ്പോൾ ലഭിച്ച നികുതിയിൽ നിന്ന് കുറച്ചാൽ കിട്ടുന്നതാണ് ഇൻപുട്ട് ടാക്സ് ക്രെഡിറ്റ്. നികുതി രേഖകൾ ജി.എസ്.ടി വകുപ്പിന് സമർപ്പിക്കുമ്പോൾ ഇത് റീഫണ്ടായി ലഭിക്കും. അതേസമയം,​ പലരുടെ പേരുകളിലായി വ്യാജ രജിസ്ട്രേഷനുകൾ സൃഷ്ടിച്ച്,​ വ്യാജ രേഖകൾ സമർപ്പിച്ച് അനർഹമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് റീഫണ്ട് കൈപ്പറ്റുന്നതാണ് തട്ടിപ്പ്. 1170 കോടി രൂപയുടെ ആക്രി വ്യാപാരം നടന്നുവെന്നതിന് വ്യാജ രേഖകളുണ്ടാക്കിയായിരുന്നു 209 കോടിയുടെ ചോർത്തൽ!

ചരക്കു സേവന നികുതി സമ്പ്രദായം നിലവിൽ വന്നതോടെ ഈയിനത്തിൽ സർക്കാരിന്റെ നികുതി വരുമാനം വർദ്ധിച്ചതായി കണക്കുകൾ സൂചിപ്പിക്കുമ്പോൾത്തന്നെ,​ അതിലെ പഴുതുകൾ മുതലെടുത്ത് 'കച്ചവടക്കള്ളന്മാർ" കോടികളുടെ നികുതിവെട്ടിപ്പ് നടത്തുന്നുണ്ടെന്ന് വെളിപ്പെടുത്തുന്നതാണ് ഈ സംഭവം.

ജി.എസ്.ടി പ്രാബല്യത്തിൽ വന്നത് 2017 ജൂലായിലാണ്. അതുവരെ വളരെ ഉയർന്നുനിന്ന നികുതികളെല്ലാം പരമാവധി നാലു സ്ളാബുകളിലേക്ക് താഴ്ന്നുവന്നു. ഏറ്റവും കൂടിയത് 28 ശതമാനം. അതിനു മുമ്പ് നികുതി 90 ശതമാനവും 70 ശതമാനവുമൊക്കെ ആയിരുന്നപ്പോൾ സർക്കാരിനു ലഭിച്ചിരുന്നതിനേക്കാൾ കൂടിയ നികുതിത്തുക,​ ജി.എസ്.ടിക്കു ശേഷം കൈവരുന്നു എന്നാണ് കണക്ക്.

നികുതിയായി നല്കേണ്ട തുക ഭീമമായിരിക്കുമ്പോഴാണ് വ്യാപാരികൾ തട്ടിപ്പിനും വെട്ടിപ്പിനും വഴി തേടുന്നതെന്ന് അ‍‌ർത്ഥം. അതേസമയം, പുതിയ സമ്പ്രദായത്തിലും പഴുതു കണ്ടെത്തുന്ന വിരുതന്മാരുടെ തനിനിറമാണ് ഇപ്പോൾ പുറത്തായത്. വ്യാപാരികൾക്ക് സൗകര്യപ്രദമായ ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് സൗകര്യത്തിന് ഇടയ്ക്കിടെ സൂക്ഷ്മമായ ഓഡിറ്റ് സമ്പ്രദായം ഏർപ്പെടുത്തുകയും,​ വെട്ടിപ്പ് നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചേയ്യേണ്ടത് സർക്കാരും ജി.എസ്.ടി വകുപ്പുമാണ്. നികുതി ഘടനയിലും നികുതി പിരിവിലും കാലാനുസൃത മാറ്റം വരുത്തുക മാത്രമല്ല,​ ഖജനാവ് ചോർത്തുന്ന കൊടുംകള്ളന്മാരെ കണ്ടെത്തി കർശന ശിക്ഷ നൽകുകയും വേണം. ഇപ്പോൾ പിടിയിലായവരിൽ നിന്ന് കിട്ടുന്ന സൂചനകളനുസരിച്ച് മുഴുവൻ വെട്ടിപ്പുകാരെയും അറസ്റ്റ് ചെയ്യുകയും,​ നിയമാനുസൃത ശിക്ഷ ഉറപ്പാക്കുകയും വേണം.

Advertisement
Advertisement