ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് ; നിനോ മാത്യുവിന്റെ വധശിക്ഷയിൽ ഇളവ് നൽകാൻ നിർണായകമായത് മിറ്റിഗേഷൻ റിപ്പോർട്ട്
കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ മുഖ്യപ്രതി നിനോ മാത്യുവിന്‍റെ വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തുള്ള ഹൈക്കോടതി വിധിയില്‍ നിര്‍ണായകമായത് മിറ്റിഗേഷൻ റിപ്പോര്‍ട്ട്. ഒന്നാം പ്രതി നിനോ മാത്യുവിന്‍റെ ജയിലിലെ മിറ്റിഗേഷൻ റിപ്പോർട്ട് കൂടി പരിഗണിച്ചാണ് കോടതി പ്രതിയുടെ വധശിക്ഷ ജീവപര്യന്തമാക്കിയത്. നിനോ മാത്യു ജയിലിൽ സഹതടവുകാരോട് നന്നായി പെരുമാറുന്നതും ഇയാൾക്ക് നേരത്തെ ക്രിമിനൽ പശ്ചാത്തലം ഇല്ലെന്നതും ഭാവിയിൽ മാനസാന്തരത്തിനുള്ള സാദ്ധ്യതയായി കോടതി കണക്കിലെടുത്തു.
നിനോ ജയിലിൽ അനുസരണയോടെയാണ് കഴിയുന്നത്. ജോലികൾ കൃത്യമായി ചെയ്യുന്നു. വൃദ്ധമാതാപിതാക്കളും മകളും ജയിലിൽ പതിവായി സന്ദർശിക്കുന്നുണ്ട്. ഇവരോട് നല്ല ബന്ധമാണ്. നിനോയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന കാര്യം പ്രത്യേകം കണക്കിലെടുക്കുകയാണ്. ശിക്ഷ കഴിഞ്ഞിറങ്ങിയാൽ സമൂഹവുമായി പൊരുത്തപ്പെട്ടു ജീവിക്കുമെന്നാണ് കോടതി നിയോഗിച്ച സന്നദ്ധസംഘടന തയാറാക്കിയ മിറ്റിഗേഷൻ റിപ്പോർട്ടിൽ പറയുന്നത്.
ഒരുമിക്കുകയെന്ന ഒരേ ലക്ഷ്യത്തോടെ പ്രതികളായ നിനോമാത്യുവും അനുശാന്തിയും നടത്തിയ കുറ്റകരമായ ഗൂഢാലോചന സംശയാതീതമായി തെളിഞ്ഞിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇതിലേക്ക് സൂചന നൽകുന്ന വാട്സാപ് ചാറ്റുകളും മറ്റും മൊബൈൽ ഫോണുകളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.
മോഷണശ്രമമാണ് കൊലയ്ക്ക് പിന്നിലെന്ന് വരുത്താൻ നിനോ മാത്യു ശ്രമിച്ചെന്നും കോടതി വിലയിരുത്തി. സ്വസ്തികയെയും ഓമനയെയും കൊലപ്പെടുത്തിയശേഷം ആഭരണങ്ങൾ കവരുകയും മുളകുപൊടി വിതറുകയും ചെയ്തത് ഇതിനായിരുന്നു. അതേസമയം, വധശിക്ഷ ജീവപര്യന്തമാക്കി ഇളവ് ചെയ്തെങ്കിലും ക്രൂരമായ ഇരട്ടക്കൊലപാതകം തെളിഞ്ഞതിനാൽ പ്രതി 25 വർഷം തുടർച്ചയായി ആനുകൂല്യങ്ങൾ ഇല്ലാതെ ജയില്‍ ശിക്ഷ അനുഭവിക്കണം.
2014 ഏപ്രിൽ 16നാണ് ആറ്റിങ്ങലിലെ വീട്ടിൽ കയറി നിനോ മാത്യു മൂന്നരവയസ്സുകാരി സ്വാസ്തികയെയും അറുപത് വയസ്സുള്ള ഓമനയെയും വെട്ടിക്കൊലപ്പെടുത്തിയത്. രണ്ടാം പ്രതി അനുശാന്തിയുടെ അപ്പീൽ തള്ളിയ ഹൈക്കോടതി വിചാരണ കോടതി വിധിച്ച ഇരട്ടജീവപര്യന്തം ശരിവെച്ചു. ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാര്‍, ജോണ്‍സണ്‍ ജോണ്‍ എന്നിവരുടെ ബെഞ്ചാണ് ഇരട്ടജീവപര്യന്തം ശരിവെച്ചത്. ഇതിനിടെ ഒന്നാം പ്രതിക്ക് വധശീക്ഷ ഒഴിവാക്കിയതിനെതിരെ സുപ്രീംകോടതിയെ സമീപിക്കുന്നത് സംസ്ഥാന സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുമെന്ന് പ്രോസിക്യൂഷൻ അഭിഭാഷകൻ അറിയിച്ചു.