വെള്ളപ്പൊക്ക ഭീഷണി ഉയർത്തി മലയൻ കനാൽ-കരിപ്പുഴ തോട്

Saturday 25 May 2024 1:43 AM IST

കായംകുളം: മഴക്കാലം എത്തിയതോടെ ആശങ്കയിൽ കായംകുളം ,കൃഷ്ണപുരം നിവാസികൾ.തോരാമഴയിൽ മലയൻ കനാലും കരിപ്പുഴ തോടും മാലിന്യങ്ങൾ നിറഞ്ഞ് വെള്ളപ്പൊക്ക ഭീഷണിയിലാണ്. മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി ആഴംകൂട്ടി ശുചീകരണം നടക്കാത്തതാണ് വെള്ളപ്പൊക്കത്തിന് കാരണം. കരിപ്പുഴ തോട് മാലിന്യ കൂമ്പാരമാണ്. കായംകുളം നഗരസഭയിലൂടെയും കൃഷ്ണപുരം ഗ്രാമപഞ്ചായത്തിലൂടെയും ഒഴുകി കായംകുളം കായലിൽ ചേരുന്ന മലയൻ കനാൽ ഒഴുക്ക് നിലച്ച് മരങ്ങളുംകുറ്റിച്ചെടികളും വളർന്ന് നാശോന്മുഖമാവുകയാണ്. പുള്ളിക്കണക്ക് ഭാഗത്താണ് മരങ്ങളും കുറ്റിച്ചെടികളും വളർന്ന് പായലുകളാൽ മൂടി കടക്കുന്നത്. ചെട്ടികുളങ്ങര, ഭരണിക്കാവ് ഗ്രാമപഞ്ചായത്തുകളിലെ ചെറിയ തോടുകൾ ഒഴുകി വളഞ്ഞനടയ്ക്കാവിൽ സംഗമിച്ച് രണ്ടാംകുറ്റിയിൽ എത്തുമ്പോഴേക്കും തോട് കനാലായി രൂപാന്തരം പ്രാപിക്കും.

കൃഷ്ണപുരത്തിന്റെയും നഗരസഭയുടെയും ഭാഗമായി ഒഴുകി മുക്കടയ്ക്ക് സമീപമെത്തുമ്പോൾ കൃഷ്ണപുരത്ത് നിന്നെത്തുന്ന ആറുകടമ്പത്തോടുമായി ചേർന്ന് നിറഞ്ഞൊഴുകി കൃഷ്ണപുരം തോടായി മാറും.തുടർന്ന് കായംകുളം കായലിൽ ചേരും. ജലസമൃദ്ധമായി ഒഴുകിയിരുന്ന മലയൻ കനാലിനെ ആഴംകൂട്ടി നവീകരിക്കാനുള്ള പദ്ധതികളില്ല. പേരിന് മാത്രം ശുചീകരണം നടത്തുകയാണ് പതിവ്.

.........

#ഇടംപിടിക്കാതെ 'ഇനി ഞാൻ ഒഴുകട്ടെ പദ്ധതി "
സർക്കാരിന്റെ ഇനി ഞാൻ ഒഴുകട്ടെ പദ്ധതിയിലും ഇവിടെ ഇടം പിടിക്കാനായില്ല. ഏറെക്കാലമായി മലയൻ കനാൽ നവീകരണവും ശുചീകരണവും വേണമെന്ന ആവശ്യം ഉയരുന്നുണ്ട്. മഴക്കാലം എത്തിയിട്ടും മലയൻ കനാലിന്റെ ഒഴുക്ക് സുഗമമാക്കാനുള്ള പദ്ധതികൾ അധികൃതർ നടപ്പാക്കിയിട്ടില്ല. എല്ലാ മഴക്കാലത്തും ഇത് മൂലം തീരാദുരിതമാണ് കരകളിൽ താമസിക്കുവന്നവർ അനുഭവിക്കുന്നത്. നടപടി സ്വീകരിക്കാത്തതിനാൽ സമീപവാസികൾ പ്രതിഷേധത്തിലാണ്. കനാലിലെ നീരൊഴുക്ക് സുഗമമാക്കിയാൽ തീരങ്ങളിലെ വെള്ളപ്പൊക്ക ഭീഷണി ഒരുപരിധിവരെ ഒഴിവാക്കാനാകും.

Advertisement
Advertisement