പൊലീസ് ജീപ്പ് തകർത്ത ശേഷം ഒളിവിൽപ്പോയ പ്രതി പിടിയിൽ

Saturday 25 May 2024 1:32 AM IST

കോവളം: പൊലീസ് ജീപ്പ് കല്ലെറിഞ്ഞു തകർത്ത ശേഷം ഒളിവിൽപ്പോയ പ്രതിയെ കോവളം പൊലീസ് പിടികൂടി. മുട്ടയ്ക്കാട് കൈലിപ്പാറ കോളനി സ്വദേശി കണ്ണൻ എന്ന ഗോകുലാണ് (22) പിടിയിലായത്.

ഓപ്പറേഷൻ ആഗിന്റെ ഭാഗമായി ഗുണ്ടാ ലിസ്റ്റിൽപ്പെട്ടവരെ കണ്ടെത്തി കരുതൽ തടങ്കലിൽ ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം കോവളം പൊലീസ് ഇയാളെത്തേടി വീട്ടിലെത്തിയത്. പൊലീസിനെ കത്തി കാട്ടി ഭീഷണിപ്പെടുത്തിയ ഇയാൾ ജീപ്പിനുനേരെ കല്ലെറിഞ്ഞ ശേഷം ഓടി രക്ഷപ്പെട്ടു. ഇന്നലെ രാവിലെ 10ഓടെ കോവളം എസ്.ഐ പ്രദീപിന്റെ നേതൃത്വത്തിലുള്ള സംഘം കൈപ്പാലി പ്രദേശം മുഴുവൻ തെരച്ചിൽ നടത്തി പ്രദേശത്തെ സ്വകാര്യ റിസോർട്ടിന് സമീപത്തെ വീട്ടിലെ ബാത്ത്റൂമിൽ ഒളിച്ചിരുന്ന പ്രതിയെ പിടികൂടുകയായിരുന്നു. പൊലീസിനുനേരെ മാരകായുധം കാട്ടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും സംഘം കീഴ്പ്പെടുത്തി. ഇയാൾക്കെതിരെ തിരുവല്ലം, നേമം, വിഴിഞ്ഞം എന്നിവിടങ്ങളിലും വിവിധ കേസുകൾ ഉള്ളതായും പ്രതിയെ കോടതിയിൽ ഹാജരാക്കിയതായും കോവളം പൊലീസ് പറഞ്ഞു.

Advertisement
Advertisement