സംബാൽപൂരിൽ ജയം തേടി ധർമ്മേന്ദ്ര പ്രധാൻ

Saturday 25 May 2024 12:44 AM IST

ഒഡീഷയിലെ സംബാൽപൂരിൽ ബി.ജെ.ഡിയുടെ ആധിപത്യം തകർക്കാൻ ലക്ഷ്യമിട്ടാണ് നരേന്ദ്രമോദി മന്ത്രിസഭയിലെ പ്രമുഖനും മുതിർന്ന ബി.ജെ.പി നേതാവുമായ ധർമ്മേന്ദ്ര പ്രധാൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. 14 സ്ഥാനാർത്ഥികൾ മത്സരരംഗത്തുണ്ടെങ്കിലും പ്രധാനും ബി.ജെ.ഡി ജനറൽ സെക്രട്ടറി പ്രണബ് പ്രകാശ് ദാസും കോൺഗ്രസ് ടിക്കറ്റിൽ മത്സരിക്കുന്ന മുൻ ബി.ജെ.ഡി എം.പി നാഗേന്ദ്ര പ്രധാനും തമ്മിലാണ് പ്രധാന പോര്. വാജ്‌പേയി സർക്കാരിൽ മന്ത്രിയായിരുന്ന ദേബേന്ദ്ര പ്രധാന്റെ മകനാണ് നിലവിൽ ബിഹാറിൽ നിന്നുള്ള രാജ്യസഭാ എം.പിയായ ധർമ്മേന്ദ്ര പ്രധാൻ. 2018 മുതൽ രാജ്യസഭാംഗമായിരുന്ന അദ്ദേഹം 15 വർഷത്തിന് ശേഷമാണ് ഒരു തിരഞ്ഞെടുപ്പിനെ നേരിടുന്നതും. 2009ൽ പർലഹര നിയമസഭാ മണ്ഡലത്തിൽ നിന്നാണ് അവസാനമായി തിരഞ്ഞെടുപ്പിൽ മത്സരിച്ചത്. പക്ഷേ ജയിച്ചില്ല. ഇപ്പോഴത്തെ എതിരാളി പ്രണബ് ദാസ് തീരദേശ മേഖലയായ ജാജ്പൂർ മണ്ഡലത്തിലെ സിറ്റിംഗ് എം.എൽ.എയും മുൻ ജനതാദൾ സംസ്ഥാന അദ്ധ്യക്ഷൻ അശോക് ദാഷിന്റെ മകനുമാണ്.

ബി.ജെ.ഡിയുമായി സഖ്യമുണ്ടായിരുന്നതിനാൽ ബി.ജെ.പി വിജയ സാദ്ധ്യത കൽപ്പിക്കാതിരുന്ന മണ്ഡലമാണിത്. 1998,1999,2004 വർഷങ്ങളിൽ തുടർച്ചയായി ബി.ജെ.ഡി ജയിച്ചു. 2009ൽ കോൺഗ്രസ് പിടിച്ചെടുത്ത മണ്ഡലം 2014ൽ വീണ്ടും ബി.ജെ.ഡിയെ തുണച്ചു. പക്ഷേ 2019ൽ ആദ്യമായി നിതേഷ് ഗംബാ ദേബിലൂടെ ബി.ജെ.പി വെന്നിക്കൊടി പാറിച്ചു. കേന്ദ്രസർക്കാരിന്റെ വികസനങ്ങൾ ചൂണ്ടിക്കാട്ടി സാംബാൽപൂരിൽ ആദ്യ ജയം തേടുകയാണ് പ്രധാൻ. കേന്ദ്ര സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ ഒഡീഷയിലെ ജനങ്ങൾ സന്തുഷ്ടരാണെന്ന് അദ്ദേഹം പറയുന്നു. മൂന്ന് തവണ ജാജ്പൂർ എം.എൽ.എയായിരുന്ന മുഖ്യമന്ത്രി നവീൻ പട്‌നായിക്കിന്റെ വികസന നേട്ടങ്ങളുയർത്തി വോട്ടു തേടുന്നു.

ഹിരാക്കുഡ് റിസർവോയറിന്റെ വൃഷ്ടിപ്രദേശം ഉൾക്കൊള്ളുന്ന സാംബാൽപൂർ മേഖല കൈത്തറി വ്യവസായത്തിന് പേരുകേട്ടതാണ്. അതേസമയം, ജനസംഖ്യയുടെ ഭൂരിഭാഗവും കൃഷിയെ ആശ്രയിച്ച് ജീവിക്കുന്നവർ.

Advertisement
Advertisement