ബൈബിളിലേയ്ക്ക് എളുപ്പത്തിലെത്താൻ വീട്ടമ്മയുടെ തിരുവചന സൂചിക

Saturday 25 May 2024 1:51 AM IST

മുഹമ്മ: ദൈവവചന സങ്കീത്തനമായ ബൈബിളിലേക്ക് അനായാസം പ്രവേശിക്കാൻ വിശുദ്ധ

ഗ്രന്ഥ തിരുവചന സൂചികയുമായി ഒരുവീട്ടമ്മ. മുഹമ്മ പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്റായ കൊച്ചുത്രേസ്യ ജെയിംസിന്റെതാണ് ഈ പുസ്തകം. ബൈബിൾ വായനയും പഠനവും പ്രാർത്ഥനയും വളരെ വേഗത്തിലാക്കുക എന്ന ലക്ഷ്യമാണ് കൊച്ചു ത്രേസ്യ ജെയിംസിനെ ഇത്തരമൊരു രചനയിൽ കൊണ്ടെത്തിച്ചത്. അമേരിക്കയിൽ മകൾ മെറിയുടെ വീട്ടിൽ വച്ച് ഒമ്പത് വർഷത്തിന് മുമ്പുള്ള ഒരു പ്രഭാതത്തിലാണ് ഇത്തരമൊരു ആശയം കൊച്ചു ത്രേസ്യയുടെ മനസിലുദിച്ചത്. അന്നു തന്നെ പുസ്തക രചനയ്ക്കാവശ്യമായ കുറിപ്പുകൾ തയ്യാറാക്കാൻ തുടങ്ങി. നാട്ടിൽ വന്നും അത് തുടർന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് പുസ്തകരചനയിലേയ്ക്ക് കടക്കാനായത്.

കൈയെഴുത്ത് പ്രതി പലരെയും കാണിച്ചെങ്കിലും ആരും പ്രോത്സാഹിപ്പിച്ചില്ല.

അങ്ങനെയിരിക്കെയാണ് യോഗ്യാവീട്ടിൽ കുടുംബ യോഗത്തിന്റെ ഒത്തുചേരൽ നടന്നത്. അവിടെ കൈയെഴുത്ത് പ്രതി കണ്ടവരെല്ലാം അകമഴിഞ്ഞ് പ്രോത്സാഹിപ്പിച്ചു. പിന്നീട് ഒരു മാസം കൊണ്ട് രചന പൂർത്തിയാക്കി. ഡോ.സി.തൈജസ അവതാരികയെഴുതി. ഫാ.കുര്യാക്കോസ് താന്നിക്കൽ പുസ്തകം പ്രകാശനം ചെയ്തു.

മുഹമ്മ പഞ്ചായത്ത് വൈസ് പ്രസിഡന്റായും രണ്ടു തവണ അംഗമായും ആര്യാട് ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സനായും പ്രവർത്തിച്ചിട്ടുള്ള കൊച്ചു ത്രേസ്യയുടെ ഭർത്താവ് അഡ്വ.ജെയിംസ് ചാക്കോയാണ്. അഡ്വ.ജോസ് ജെയിംസ്,

പവൻ ജെയിംസ്, മെറി (യു.എസ്.എ) എന്നിവർ മക്കളാണ്.

നൂറുപേജുള്ള

കൈപ്പുസ്‌തകം

30,​000ത്തോളം വാചകങ്ങളിൽ 72 ഓളം പുസ്തകങ്ങളിൽ എഴുതപ്പെട്ട ദൈവ സന്ദേശമാണ് ബൈബിൾ. കെ.സി.ബി.സി അംഗീകരിച്ച ഇതിന്റെ മലയാള പരിഭാഷയുടെ ചെറുതും വലുതുമായ ബൈബിളിനെ ആസ്പദമാക്കിയാണ് കൊച്ചുത്രേസ്യ പുസ്തക പ്രവേശിക രചിച്ചിരിക്കുന്നത്. 1981ൽ തയ്യാറാക്കിയ ബൈബിൾ വിവർത്തനത്തിൽ,​ ഓരോ വിഷയത്തിനും വിവർത്തകൻ കൊടുത്തിരിക്കുന്ന പ്രധാന തലവാചകങ്ങളും ചെറുവിശദീകരണങ്ങളും ഏതുപേജിലാണെന്ന് എളുപ്പത്തിൽ കണ്ടുപിടിക്കാൻ സഹായിക്കുന്ന നൂറുപേജുള്ള കൈപ്പുസ്തകമാണിത്.

Advertisement
Advertisement