തീരദേശ റോഡിൽ മണൽക്കെണി

Saturday 25 May 2024 1:52 AM IST

ഹരിപ്പാട്: തൃക്കുന്നപ്പുഴ വലിയഴീക്കൽ തീരദേശ റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്ര വാഹനക്കാർ സൂക്ഷിക്കണം. കൂറ്റൻ തിരമാലയിൽ റോഡിലേക്ക് അടിച്ചുകയറിയ മണൽ വില്ലനായി മുന്നിലുണ്ട്. അടിഞ്ഞുകൂടിയ മണൽ മണ്ണ് ജെ.സി.ബി ഉപയോഗിച്ച് റോഡിന്റെ ഇരുവശങ്ങളിലായി കൂന കൂട്ടിവയ്ക്കുകയാണ് പതിവ്. യന്ത്രം ഉപയോഗിച്ച് റോഡിലെ മണൽ പൂർണമായി നീക്കുക ദുഷ്ക്കരമാണ്. എത്രമാറ്റിയാലും ചെറിയൊരു കനത്തിൽ കുറെ മണൽ റോഡിൽ ശേഷിക്കും. മാത്രമല്ല,​ കൂട്ടിവച്ച മണൽ ദിവസം കഴിയുമ്പോൾ റോഡിലേക്ക് ഇടിഞ്ഞിറങ്ങുന്നതോടെ കനം കൂടും.

വലിയഴീക്കൽ അഴീക്കോടൻ നഗർ,കള്ളിക്കാട്, ആറാട്ടുപുഴ ബസ്‌സ്റ്റാൻഡ് തെക്ക്, എം.ഇ.എസ് ജംഗ്ഷൻ, കാർത്തിക ജംഗ്ഷൻ തെക്ക്, തൃക്കുന്നപ്പുഴ പഞ്ചായത്തിലെ മൂത്തേരിൽ ഗസ്റ്റ് ഹൗസ് ജംഗ്ഷൻ, പ്രണവംനഗർ എന്നിവിടങ്ങളിലാണ് മണൽ ഗുരുതര ഭീഷണി ഉയർത്തുന്നത്.

ഇരുചക്ര വാഹനങ്ങളാണ് കൂടൂതലും അപകടത്തിൽപ്പെടുന്നത്. കഴിഞ്ഞ ദിവസം ആറാട്ടുപുഴ സ്വദേശിനിയായ ഷഹന എന്ന അദ്ധ്യാപികയുടെ സ്കൂട്ടർ നിയന്ത്രണം തെറ്റി മറിഞ്ഞുണ്ടായ അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റിരുന്നു.

പതിയെ പോയാലും അപകടം പതിവ്

1. കരിമണലായതിനാൽ രാത്രിയിൽ കാണാൻ കഴിയില്ല. വലിയ വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോഴാണ് റോഡരികിലെ മണ്ണിലേക്ക് കയറി വാഹനം നിയന്ത്രണം വിടുന്നത്. സാധാരണ വേഗതയിൽ ഓടിച്ചാലും വാഹനം മണലിൽ കയറിയാൽ അപകടം ഉറപ്പ്

2.കടലാക്രമണത്തിൽ റോഡിൽ അടിഞ്ഞുകൂടുന്ന മണൽ റോഡിലേക്ക് ഇറങ്ങി വരാത്ത വിധം നീക്കണമെന്ന് ആവശ്യപ്പെടാറുണ്ടെങ്കിലും റോഡിന്റെ തൊട്ടരികിൽ കുട്ടിവച്ച് പ്രശ്നത്തിന് താത്കാലിക പരിഹാരം കാണുന്നതാണ് അപകടങ്ങൾക്ക് കാരണം

3.വലിയഴിക്കൽ പാലം യാഥാർത്ഥ്യമായതോടെ വിനോദ സഞ്ചാരികൾ അടക്കം തൃക്കുന്നപ്പുഴ വലിയഴീക്കൽ റൂട്ടിൽ യാത്രക്കാരുടെ തിരക്ക് വർദ്ധിക്കാനാണ് സാദ്ധ്യത. ഇതോടെ അപകടങ്ങളുടെ എണ്ണവും വർദ്ധിക്കും

കടൽകയറ്റത്തിൽ റോഡിൽ അടിഞ്ഞ മണ്ണ് മഴയിൽ റോഡിലേക്ക് തന്നെ ഒലിച്ചിറങ്ങുന്നു. ഇത് ഇരുചക്ര വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതിന് കാരണമാകുന്നു.

-ഹരികൃഷ്ണൻ,​ പ്രദേശവാസി

സ്കൂൾ തുറക്കാറായി. സ്കൂൾ കുട്ടികൾ ഉൾപ്പടെ സൈക്കിളിലും മറ്റും യാത്ര ചെയ്യുമ്പോൾ അപകട സാദ്ധ്യത കൂടുതലാണ്. വീതി വളരെ കുറവായ തീരദേശ റോഡിൽ വലിയ വാഹനങ്ങൾ വരുമ്പോൾ മണലിൽ കയറി അപകടം സംഭവിക്കാൻ സാദ്ധ്യത ഏറെയാണ്

- സജീവ് കുമാർ,​ പ്രദേശവാസി

Advertisement
Advertisement