യു.ഡി.എഫിനെ വെള്ളംകുടിപ്പിച്ച ബാർകോഴ കോലാഹലം

Saturday 25 May 2024 1:59 AM IST

തിരുവനന്തപുരം: 2011ലെ യു.ഡി.എഫ് സർക്കാരിലെ ധനമന്ത്രി കെ.എം. മാണിയുടെയും എക്സൈസ് മന്ത്രി കെ. ബാബുവിന്റെയും രാജിയിലെത്തിച്ചത് ബാർകോഴ ആരോപണമാണ്.

ബാറുടമകളുടെ സംഘടനാ നേതാവായിരുന്ന ബിജുരമേശ് 2014 നവംബർ ഒന്നിന് വെളിപ്പെടുത്തിയതിങ്ങനെ: പൂട്ടിയ 418 ബാറുകൾ തുറക്കാൻ കെ.എം.മാണി ബാറുടമകളിൽ നിന്ന് ഒരു കോടി കോഴ വാങ്ങി. തുടർന്നങ്ങോട്ട് മാസങ്ങളോളം നീണ്ട പ്രക്ഷോഭം. 2015 മാർച്ച് 13ന് നിയമസഭയിൽ മാണിയുടെ ബഡ്ജറ്റ് അവതരണം തടസപ്പെടുത്താനുള്ള പ്രതിപക്ഷ ശ്രമം. കൂട്ടയടി. ഇരുപക്ഷത്തെയും അംഗങ്ങൾ കേസിൽപ്പെട്ടു.

മന്ത്രിമാരായ കെ.എം.മാണി, കെ.ബാബു, വി.എസ്.ശിവകുമാർ എന്നിവർക്കെതിരെ മജിസ്ട്രേട്ട് കോടതിയിൽ ബിജുരമേശ് നൽകിയ രഹസ്യമൊഴി ഇതിലും വലിയ കോലാഹലം സൃഷ്ടിച്ചു. ബാർ ലൈസൻസ് ഫീസ് കുറയ്ക്കാൻ ബാറുടമകൾ 10 കോടി പിരിച്ചു നൽകിയെന്നായിരുന്നു മൊഴി. ഇതോടെ അന്വേഷണം വിജിലൻസിനു വിട്ടു. തെളിവില്ലെന്ന റിപ്പോർട്ട് വിജിലൻസ് നൽകിയെങ്കിലും 2015 ഒക്ടോബറിൽ തുടരന്വേഷണത്തിന് തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവിട്ടു.

പ്രതിപക്ഷം ഇതിനിടെ സർക്കാരിനും മാണിക്കുമെതിരെ സമരം കൂടുതൽ കടുപ്പിച്ചു. ഗത്യന്തരമില്ലാതെ നവംബർ 10ന് കെ.എം.മാണി രാജിവച്ചു. പിന്നീട് കേസ് ഹൈക്കോടതി വരെയെത്തി.

കെ.ബാബുവിനെതിരെ കേസ് രജിസ്റ്റർ ചെയ്യണമെന്ന് തൃശൂർ വിജിലൻസ് കോടതി വിധിച്ചതോടെ 2016 ജനുവരി 23ന് രാജിവച്ചു. തൊട്ടു പിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് കനത്ത തോൽവി. അന്ന് ഇടതുപക്ഷം വളഞ്ഞിട്ടാക്രമിച്ച കെ.എം.മാണിയുടെ കേരള കോൺഗ്രസ് ഇന്ന് അവർക്കൊപ്പമാണ്.

Advertisement
Advertisement