അഡ്വ. ജയശങ്കറിന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

Saturday 25 May 2024 1:02 AM IST

കൊച്ചി: കെ.എം. സച്ചിൻദേവ് എം.എൽ.എയെ ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയിൽ തിരുവനന്തപുരം മ്യൂസിയം പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ രാഷ്ട്രീയ നിരീക്ഷകൻ അഡ്വ.എ. ജയശങ്കറിന്റെ അറസ്റ്റ് ഒരു മാസത്തേക്ക് തടഞ്ഞ് ഹൈക്കോടതി. അതേസമയം പൊലീസ് അന്വേഷണം തുടരാമെന്നും കോടതി വ്യക്തമാക്കി.

തനിക്കെതിരേ രജിസ്റ്റർ ചെയ്ത കേസിലെ തുടർ നടപടികൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജയശങ്കർ സമർപ്പിച്ച ഹർജിയിലാണ് നടപടി. എഫ്.ഐ.ആറിൽ ആരോപിക്കപ്പെടുന്ന കുറ്റം പട്ടികജാതി/പട്ടികവർഗ പീഡന നിരോധന നിയമത്തിന്റെ പരിധിയിൽ വരില്ലെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും ഹർജിയിൽ അഡ്വ. ജയശങ്ക‌ർ ചൂണ്ടിക്കാട്ടി.സച്ചിൻദേവും ഭാര്യ തിരുവനന്തപുരം മേയറായ ആര്യാ രാജേന്ദ്രനും കാറിൽ യാത്ര ചെയ്യുമ്പോൾ കെ.എസ്.ആർ.ടി.സി ബസ് ഡ്രൈവറുമായി തർക്കമുണ്ടായിരുന്നു.അഡ്വ. ജയശങ്കർ തന്റെ യുട്യൂബ് ചാനൽ പരിപാടിയിൽ ഇത് പരാമർശിച്ച് അപമാനിച്ചെന്നാണ് കേസ്.

സംസ്ഥാനത്ത് പെൻഷൻ നൽകാൻ പോലും വകയില്ലാത്തപ്പോൾ മുഖ്യമന്ത്രിയും കുടുംബവും വിദേശയാത്ര പോയതിനെക്കുറിച്ചാണ് ചാനലിൽ താൻ സംസാരിച്ചതെന്നും, ഭരണകക്ഷിക്കെതിരെ നിരന്തരം പ്രതികരിക്കുന്ന തന്നെ നിശബ്ദനാക്കാനാണ് ഇപ്പോഴത്തെ കേസെന്നും ഹർജിയിൽ ആരോപിക്കുന്നു.