25 കോടിയുടെ കോഴ: കെ. സുധാകരൻ
തിരുവനന്തപുരം: ബാറുടമകളിൽ നിന്ന് 25 കോടി പിരിച്ചാണ് പുതിയ മദ്യംനയം നടപ്പാക്കുന്നതെന്നും മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണമെന്നും കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ. 900 ബാറുകളിൽനിന്ന് 2.5ലക്ഷം രൂപ വച്ചാണ് പിരിക്കുന്നത്. തിരഞ്ഞെടുപ്പിനു മുമ്പും വലിയൊരു തുക സമാഹരിച്ചതായി കേൾക്കുന്നു. കുടിശികയാണ് ഇപ്പോൾ പിരിക്കുന്നത്. ഐ.ടി പാർക്കുകളിൽ മദ്യം വില്ക്കുക, ബാർ സമയപരിധി കൂട്ടുക, ഡ്രൈഡേ പിൻവലിക്കുക തുടങ്ങി ബാറുടമകൾക്ക് ശതകോടികൾ ലാഭം കിട്ടുന്ന നടപടികൾക്കാണ് നീക്കം.
ഡൽഹി മോഡൽ ബാർകോഴ: കെ. സുരേന്ദ്രൻ
കേരളത്തിൽ ഡൽഹി മോഡൽ ബാർകോഴയാണ് നടക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ അറിവോടെയാണ് എല്ലാം നടക്കുന്നത്. കേജ്രിവാളിന്റെ അവസ്ഥ വരുംമുമ്പ് പിണറായി വിജയൻ രാജിവയ്ക്കണം. സർക്കാരിന്റെ നയങ്ങൾ തീരുമാനിക്കുന്നത് ബാർ മുതലാളിമാരാണെന്ന് വ്യക്തമായിരിക്കുകയാണ്. കേരളത്തിന്റെ സാമൂഹ്യജീവിതം തകർക്കുന്ന ബാർകോഴയ്ക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം ഉയരും.
എക്സൈസ് മന്ത്രി രാജിവയ്ക്കണം: വി. മുരളീധരൻ
മദ്യനയം മാറ്റാൻ കൈക്കൂലി നൽകണമെന്ന ബാർ ഉടമയുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നതെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കോടികൾ പിരിച്ചിട്ടുണ്ടെന്നാണ് ബാറുടമയുടെ ശബ്ദത്തിൽ നിന്ന് മനസിലാക്കുന്നത്. ഈ പണം എവിടെപ്പോയെന്ന് വ്യക്തമാക്കണം. എക്സൈസ് മന്ത്രി എം.ബി. രാജേഷ് രാജിവയ്ക്കണം. നയപരമായ തീരുമാനങ്ങൾ മുഖ്യമന്ത്രി അറിയാതെ നടക്കില്ല. കൈക്കൂലി വാങ്ങിയിട്ടുണ്ടെങ്കിൽ അത് മുഖ്യമന്ത്രി അറിഞ്ഞാണ്. സത്യാവസ്ഥ പുറത്തുവരാൻ അന്വേഷണം കേന്ദ്ര ഏജൻസിയെ ഏൽപ്പിക്കണം.
ബാർകോഴ വൻ അഴിമതി: വേണുഗോപാൽ
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് മദ്യനയത്തിൽ ഇളവ് വരുത്താൻ ബാർ ഉടമകളിൽ നിന്ന് കോടികൾ വാങ്ങിയ ഇടപാടെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാൽ. എക്സൈസ് മന്ത്രിക്ക് ഇതിൽനിന്ന് ഒഴിഞ്ഞുമാറാൻ ആവില്ല. മുഖ്യമന്ത്രി അറിയാതെ ഒന്നും നടക്കില്ല. ഇത്തരമൊരു കേസിന്റെ പേരിലാണ് കെ. എം. മാണിയെ നീചമായി വേട്ടയാടിയത്. ഇപ്പോൾ അദ്ദേഹത്തിന്റെ ആത്മാവ് സന്തോഷിക്കുന്നുണ്ടാവാം.
അനിമോന്റെ ലക്ഷ്യം സമാന്തര സംഘടന: സുനിൽകുമാർ
സംഘടനയെ പിളർത്തി സമാന്തര സംഘടന ഉണ്ടാക്കാൻ ശ്രമിച്ച വ്യക്തിയാണ് വാട്സ് ആപ്പ് സന്ദേശമിട്ട അനിമോനെന്ന് ഫെഡറേഷൻ ഒഫ് കേരള ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് വി.സുനിൽകുമാർ പറഞ്ഞു. മുൻകൂട്ടി ആസൂത്രണം ചെയ്താണ് സന്ദേശം അയച്ചത്. സംഘടന പണപ്പിരിവ് നടത്തുന്നുണ്ടെന്ന് ഇയാൾ നേരത്തെ മുഖ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. ഇത് വിജിലൻസ് അന്വേഷണത്തിന് വിട്ടിട്ടുണ്ട്. സംഘടനയ്ക്ക് തലസ്ഥാനത്ത് ഓഫീസ് സ്ഥാപിക്കാൻ സ്ഥലത്തിനും കെട്ടിടത്തിനുമായി 3.5 കോടി അഡ്വാൻസ് കൊടുത്തു. ഈ മാസം 31ന് മുമ്പ് കരാറെഴുതണം. ഒന്നരക്കോടിയുടെ കുറവുണ്ട്. 2.5 ലക്ഷം വീതം വായ്പ തരണമെന്ന് എല്ലാ അംഗങ്ങളോടും ആവശ്യപ്പെട്ടിരുന്നു. തുക തിരികെ കൊടുക്കുമെന്നും ഉറപ്പുകൊടുത്തു.