വാർഡ് പുനർവിഭജന ബിൽ: പ്രതിപക്ഷ അഭിപ്രായം മാനിച്ച് മാറ്റം വരുത്തും
തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർവിഭജനം നിയമസഭയിൽ ബില്ലായി കൊണ്ടു വരുന്നതിനുള്ള കരട് ബില്ലിന് ഇന്നലെ ചേർന്ന മന്ത്രിസഭായോഗം അനുമതി നൽകി. നിയമസഭയിലെ ചർച്ചകളിൽ പ്രതിപക്ഷത്തിന്റെ കൂടി അഭിപ്രായത്തിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റം വരുത്താമെന്ന് മന്ത്രിസഭയിൽ ധാരണയായി.
ജനസംഖ്യാനുപാതികമായി തദ്ദേശ സ്ഥാപനങ്ങളിൽ ഒന്നു മുതൽ നാലു വരെ വാർഡുകൾ വർദ്ധിക്കുന്നതാണ് കരടു ബില്ലിൽ നിഷ്‌കർഷിക്കുന്നത്.തദ്ദേശ വാർഡുകളുടെ അതിർത്തിയിൽ മാറ്റം വരുത്തുന്നതിനായി ഡിലിമിറ്റേഷൻ കമ്മിഷനെ നിയോഗിക്കും . തദ്ദേശ വാർഡ് പുനർനിർണയത്തിനായി കഴിഞ്ഞ ദിവസം കൊണ്ടുവന്ന ഓർഡിനൻസ് റദ്ദാക്കിയാണ് നിയമസഭയിൽ അവതരിപ്പിക്കുന്നതിനുള്ള ബില്ലിന്റെ കരട് തദ്ദേശ വകുപ്പ് മന്ത്രിസഭയിൽ വച്ചത്. ഓർഡിനൻസ് ഗവർണറുടെ പരിഗണനയ്ക്ക് അയച്ചപ്പോൾ, പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ തിരഞ്ഞെടുപ്പു കമ്മിഷന്റെ അനുമതി തേടാൻ ഗവർണർ നിർദേശിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി വൈകാൻ സാദ്ധ്യതയുള്ള സാഹചര്യത്തിലാണ് ബില്ല് കൊണ്ടുവരുന്നത്.