സമസ്ത - മുസ്‌ലിം ലീഗ് പോര് : തിരഞ്ഞെടുപ്പ് ഫലം നിർണായകം

Saturday 25 May 2024 1:17 AM IST

മലപ്പുറം: മലപ്പുറം,​ പൊന്നാനി ലോക്‌സഭാ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം മുസ്‌‌ലിം ലീഗ് - സമസ്ത ബന്ധത്തിൽ നിർണ്ണായകമാവും. വോട്ട് ചോർച്ച ഉറപ്പിക്കുന്ന ലീഗ് നേതൃത്വം ഇതിന്റെ ഉത്തരവാദിത്വം സമസ്തയിലെ ലീഗ് വിരുദ്ധരിൽ ഉന്നയിക്കും. ശക്തമായ നടപടിയെന്ന ആവശ്യമുയർത്തി ഇവരെ സമസ്തയിൽ നിന്ന് പുകച്ചുചാടിക്കുകയാണ് ലക്ഷ്യം.

ലീഗ് വിരുദ്ധരെ സംരക്ഷിക്കുന്നത് സമസ്ത പ്രസിഡന്റ് ജിഫ്രി തങ്ങളാണെന്ന വികാരമാണ് ലീഗിന്. ഇതിനാൽ നടപടി എളുപ്പമാവില്ലെന്ന് വിലയിരുത്തുന്ന ലീഗ് നേതൃത്വം, സമ്മർദ്ദം ശക്തമാക്കി തദദേശ,നിയമസഭാ തിരഞ്ഞെടുപ്പുകൾക്ക് മുമ്പേ സമസ്തയിൽ ശുദ്ധീകലശം ഉറപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. ഇതിന് സമസ്ത നേതൃത്വം തയ്യാറാവുമോ എന്നതാണ് പ്രധാനം. സമസ്തയിൽ ചിലർ ഇടതുപക്ഷവുമായി അടുക്കാൻ ശ്രമിക്കുന്നെന്ന തുറന്നു പറച്ചിലിന് പിന്നാലെ ലീഗ് അനുകൂലിയും സമസ്ത കേന്ദ്ര മുഷാവറാംഗവുമായ ബഹാവുദ്ദീൻ നദ്‌വിയോട് സമസ്ത നേതൃത്വം വിശദീകരണം തേടിയത് ലീഗിനെ ഞെട്ടിച്ചിട്ടുണ്ട്. ലീഗിനെതിരെ പരസ്യ നിലപാടെടുത്ത സമസ്ത സെക്രട്ടറി ഉമർ ഫൈസി മുക്കത്തിനെതിരെ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്ന വാദം ലീഗനുകൂലികളും ഉയർത്തിയതോടെ സമസ്തയ്ക്കുള്ളിലും ഭിന്നതയും ചേരിപ്പോരും രൂക്ഷമായി.
തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ ജൂൺ അഞ്ചിന് സമസ്ത മുഷാവറ യോഗം ചേരുന്നുണ്ട്. ഇടതാഭിമുഖ്യം യോഗത്തിൽ ചർച്ചയാക്കി നയം തിരുത്തണമെന്ന് ആവശ്യപ്പെടാനാണ് ലീഗനുകൂലികളുടെ തീരുമാനം. സമസ്തയുടെ മുഖപത്രം സുപ്രഭാതത്തിന്റെ നയം മാറ്റവും ഉന്നയിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പ് സമയത്ത് സി.പി.എം പരസ്യം പ്രസിദ്ധീകരിച്ചതിനെതിരെ ലീഗ് പ്രവർത്തകർ വലിയ വിമർശനം ഉന്നയിച്ചിരുന്നു. ഭിന്നതയെ തുടർന്ന് പത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ അടക്കമുള്ള ലീഗ് നേതാക്കൾ പങ്കെടുത്തിരുന്നില്ല.

ഉറച്ച് നിന്ന് നദ്‌വി

സമസ്തയുടെ കാരണം കാണിക്കൽ നോട്ടീസിന് ബഹാവുദ്ദീൻ നദ്‌വി ഇന്നലെ ഉച്ചയോടെ മറുപടി നൽകി. സമസ്തയിലെ ലീഗനുകൂലികൾ രഹസ്യ യോഗം ചേർന്നാണ് മറുപടിയിൽ തീരുമാനമെടുത്തതെന്നാണ് വിവരം. താൻ ഉന്നയിച്ച കാര്യങ്ങൾ മുഷാവറയിൽ വിശദീകരിക്കുമെന്നും സുപ്രഭാതത്തിന്റെ നയംമാറ്റത്തിൽ വിയോജിപ്പുണ്ടെന്നുമുള്ള കുറിപ്പാണ് ബഹാവുദ്ദീൻ നദ്‌വി നൽകിയത്.

Advertisement
Advertisement