അരി റോഡിൽ വീണതിന് പിന്നാലെ വാഹനങ്ങൾ തെന്നി വീണു, പത്ത് പേർക്ക് പരിക്ക്

Saturday 25 May 2024 1:28 AM IST

തൃപ്രയാർ: തളിക്കുളം ഹൈസ്‌കൂളിന് മുന്നിൽ ദേശീയപാതയിൽ അരി റോഡിൽ വീണതിനെ തുടർന്ന് ഇരുചക്ര വാഹനങ്ങൾ തെന്നി വീണ് പത്ത് പേർക്ക് പരിക്കേറ്റു. ആരോഗ്യ വിഭാഗം പ്രവർത്തകർ രക്ഷാപ്രവർത്തകരായി. പരിക്കേറ്റവർ തളിക്കുളം കുടുംബാരോഗ്യ കേന്ദ്രത്തിൽ ചികിത്സ തേടി. അരി റോഡിൽ കിടക്കുന്ന വിവരമറിഞ്ഞ് തളിക്കുളം കുടുംബാരോഗ്യ കേന്ദ്രം ഹെൽത്ത് ഇൻസ്‌പെക്ടർ എ.ഐ.മുഹമ്മദ് മുജീബിന്റെ നേതൃത്വത്തിൽ ആരോഗ്യ പ്രവർത്തകർ ദേശീയപാതയിലെ അരി നീക്കം ചെയ്തു.

തളിക്കുളം ഗവ.ഹൈസ്‌കൂളിൽ നിന്ന് പൈപ്പ് ഉപയോഗിച്ച് വെളളമൊഴിച്ച് റോഡ് ക്ലീൻ ചെയ്തു. വാഹനങ്ങൾ നിറുത്തിയ ശേഷം റോഡിൽ കിടന്നിരുന്ന അരി മുഴുവൻ റോഡിൽ നിന്ന് വെള്ളം പമ്പ് ചെയ്ത് നീക്കി. വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ സി.ടി.സുജിത്ത്, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സുമാരായ സീനത്ത് ബീവി, സി.ഐ കെ.ബി രമ്യ, പി.എസ് കാവ്യ എന്നിവരും തളിക്കുളം ഹൈസ്‌കൂളിലെ അദ്ധ്യാപകൻ മൻമോഹിതൻ, സ്‌കൂൾ ജീവനക്കാരായ പവിത്ര, അശ്വതി എന്നിവരും രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി. ജീവൻ രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ തളിക്കുളം സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരെയും ഹൈസ്‌കൂൾ ജീവനക്കാരെയും പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.സജിത അഭിനന്ദിച്ചു.

Advertisement
Advertisement