95 ാം വയസിലും ചിത്രം വരച്ച് കറുത്തപൗർണ്ണമിയുടെ സംവിധായകൻ

Saturday 25 May 2024 1:30 AM IST

തൃശൂർ: 1968ൽ മധുവിനെയും ശാരദയെയും കേന്ദ്രകഥാപാത്രങ്ങളാക്കി 'കറുത്തപൗർണ്ണമി' എന്ന സിനിമ സംവിധാനം ചെയ്ത വി.ജി.നാരായണൻകുട്ടിയുടെ കലാജീവിതത്തിന് വാർദ്ധക്യമില്ല. നൂറിലേറെ പെയിന്റിംഗുകൾ പൂർത്തിയാക്കി, ചിത്രംവര തുടരുകയാണ് 95-ാം വയസിലും !.
പത്താം ക്‌ളാസിൽ തുടങ്ങിയതാണ് ചിത്രംവര. മുംബയ് ജെ.ജെ.ആർട്‌സിൽ നിന്ന് പരീശീലനവും നേടി. കാൻവാസുകളുടെ ലോകത്ത് നിന്ന് ബിഗ് സ്‌ക്രീനിന്റെ വെളളിവെളിച്ചത്തിലെത്തി. 1952ൽ 'രാരിച്ചൻ എന്ന പൗരനി'ൽ പി.ഭാസ്‌കരന്റെ സംവിധാന സഹായിയായി. 1963ൽ 'ഡോക്ടർ' സിനിമയിലും അസിസ്റ്റന്റായി. അങ്ങനെ വി.ജി.നാരായണൻകുട്ടി, കലാലോകത്ത് വല്ലത്ത് നാരായണൻകുട്ടി എന്ന പേരിൽ അറിയപ്പെട്ടു. തുടർന്നാണ്, 'കറുത്തപൗർണ്ണമി' യിലൂടെ സ്വതന്ത്ര സംവിധായകനാകുന്നത്. ആ സിനിമയിലെ 'ഹൃദയമുരുകി നീ കരയില്ലെങ്കിൽ', 'മാനത്തിൻ മുറ്റത്ത് മഴവില്ലാലഴകെട്ടും...' തുടങ്ങിയ ആറ് ഗാനങ്ങളിലൂടെയാണ് മലയാള സിനിമയിലെ എക്കാലത്തെയും ശ്രദ്ധേയനായ സംഗീത സംവിധായകൻ പിറവികൊള്ളുന്നത്, എം.കെ.അർജ്ജുനൻ!.

ആ രണ്ടു പാട്ടുകൾ യേശുദാസിന്റെയും എസ്.ജാനകിയുടെയും സ്വരമാധുരിയിൽ നിത്യഹരിതങ്ങളായി. ഒരു സിനിമ കൂടി ചെയ്യാൻ നാരായണൻകുട്ടി ശ്രമിച്ചെങ്കിലും വെളിച്ചം കണ്ടില്ല. പിന്നീട്, സിനിമ വിട്ട് ഔദ്യോഗികജീവിതത്തിൽ മുഴുകി. കൊച്ചിൻ നേവൽ ബേസിലായിരിക്കെ, ലണ്ടനിലെ ഹൈക്കമ്മിഷനിലേക്ക് ഡെപ്യൂട്ടേഷൻ കിട്ടി. നിരവധി നിർമ്മാതാക്കൾ സമീപിച്ചെങ്കിലും അവധി കിട്ടാത്തതിനാൽ സിനിമാമോഹം ഉള്ളിലൊതുക്കി ജോലി തുടർന്നു.

ചിത്രം വരച്ച് വിശ്രമജീവിതം

1988 ൽ വിരമിച്ചു. വിശ്രമജീവിതത്തിലേക്ക് കടക്കുമ്പോൾ, സിനിമയുടെ രീതിയും ശൈലിയുമെല്ലാം മാറി. അങ്ങനെ ചിത്രം വരയിൽ സജീവമായി. കഴിഞ്ഞ ദിവസം കേരള ലളിതകലാ അക്കാഡമിയിൽ 60 ചിത്രങ്ങളുമായി പ്രദർശനവും നടത്തി. 50 വർഷം മുമ്പ് വരച്ചതടക്കമുള്ള ചിത്രങ്ങൾ പ്രദർശനത്തിനെത്തിച്ചു. പാരീസിലെ അടക്കം ലോകത്തെ പ്രശസ്തമായ ആർട്ട് ഗാലറികൾ സന്ദർശിച്ച വേളകൾ ഇപ്പോഴും നാരായണൻകുട്ടിയുടെ മനസിലുണ്ട്. ആ ഓർമ്മകൾ വീണ്ടെടുത്ത് ആ ചിത്രങ്ങളെല്ലാം വീണ്ടും വരച്ചു. നേരിയ രക്തസമ്മർദ്ദവും കേൾവിക്കുറവുമുണ്ടെങ്കിലും കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ല. ഗുരുവായൂർ പടിഞ്ഞാറെനടയിൽ വെള്ളാട്ട് വസതിയിലാണ് താമസം. മക്കൾ: അജിത്ത്കുമാർ (ദുബായ്), മാലിനി.

പെയിന്റിംഗും സിനിമയും മാത്രമല്ല, സ്‌കൂൾ പഠനകാലം മുതൽക്കേ ഫോട്ടോഗ്രാഫിയിലും താൽപര്യമുണ്ടായിരുന്നു. നിരവധി ക്യാമറകൾ കൈയിലുണ്ടായിരുന്നു. ചിത്രം വര ഇപ്പോഴും തുടരുന്നു.

വി.ജി.നാരായണൻകുട്ടി

Advertisement
Advertisement