പരിക്കേറ്റ ക്വൊട്ടേഷൻ സംഘാംഗങ്ങൾ ആശുപത്രിയിൽ

Saturday 25 May 2024 1:30 AM IST


പരപ്പനങ്ങാടി: റിമാൻഡിൽ കഴിയുന്ന വൈപ്പിൻ സ്വദേശികളായ രണ്ട് ക്വൊട്ടേഷൻ സംഘാംഗങ്ങളെ പരിക്കുകൾ സാരമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. എറണാകുളം വൈപ്പിൻ സ്വദേശികളായ തിരുന്നില്ലത്ത് ആകാശ് (30), കിഴക്കെ വളപ്പിൽ ഹിമസാഗർ (30) എന്നിവരെയാണ് തിരൂർ സബ് ജയിലിൽ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് .ക്വട്ടേഷൻ സംഘങ്ങളും നാട്ടുകാരും തമ്മിലുണ്ടായ സംഘർഷത്തിൽ പിടിയിലായ രണ്ട് പേർക്കും പരിക്കേറ്റിരുന്നു. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് ജയിലിൽ നിന്ന് ഇരുവർക്കും വേദന കലശമായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. വിദേശത്ത് നിന്ന് സ്വർണവുമായി വന്നവർ ഉടമകൾക്ക് നൽകാതെ കബളിപ്പിച്ച് മുങ്ങിയതിനെ തുടർന്ന് അന്വേഷിച്ചെത്തിയ സംഘങ്ങളാണ് പിടിക്കപെട്ടവർ. സ്വർണവുമായി കടന്ന് കളഞ്ഞ രണ്ട് പേരെയും പിടി കൂടാനെത്തിയതായിരുന്നു വൈപ്പിൻ സ്വദേശികളായ അഞ്ചംഗ ക്വട്ടേഷൻ സംഘം. സ്വർണവുമായി കടന്നുകളഞ്ഞ ചെട്ടിപ്പടി സ്വദേശിക്ക് ഇവരുടെ ആക്രമണത്തിൽ വെട്ടേറ്റതോടെയാണ് നാട്ടുകാർ സംഘത്തെ കൈകാര്യം ചെയ്തതന്ന് പറയപ്പെടുന്നു. പ്രകോപിതരായ നാട്ടുകാരിൽ നിന്ന് ഏറെ പണിപെട്ടാണ് ഇലക്ട്രിക് പോസ്റ്റിൽ കെട്ടിയിട്ട ഇവരെ പരപ്പനങ്ങാടി പൊലീസ് മോചിപ്പിച്ചത്. പിന്നീട് പൊലീസ് തന്നെയാണ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത്.

Advertisement
Advertisement