ക്രിമിനൽ കേസ് പ്രതിയെ കാപ്പ ചുമത്തി ജയിലിലാക്കി

Saturday 25 May 2024 1:31 AM IST

പാലക്കാട്: ഒട്ടേറെ കേസുകളിൽ പ്രതിയായ ചാലിശ്ശേരി തെക്കേവാവന്നൂർ കൊട്ടാരത്തിൽ വീട്ടിൽ ഷമീറിനെ (30) കാപ്പ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കി. ജില്ലാ പോലീസ് മേധാവി ആർ.ആനന്ദിന്റെ ശുപാർശയിൽ ജില്ലാ കളക്ടറുടേതാണ് ഉത്തരവ്. ചാലിശ്ശേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ വി.ആ‌.റെനീഷ് അറസ്റ്റ് ചെയ്ത ഷമീറിനെ കേരള സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമ പ്രകാരം വിയ്യൂർ അതീവ സുരക്ഷാ ജയിലിൽ അടച്ചു. ഗുണ്ടകൾക്കെതിരായ ഓപ്പറേഷൻ ആഗിന്റെ ഭാഗമായി ജില്ലയിൽ നടന്നുവരുന്ന പ്രത്യക ഡ്രൈവിന്റെ ഭാഗമായാണ് നടപടികൾ സ്വീകരിച്ചത്. കഴിഞ്ഞ വർഷം വീട്ടിൽ നിന്ന് കഞ്ചാവ് പിടിച്ച കേസിൽ പ്രതിയായ ഇയാളെ 2016ലും കാപ്പ ചുമത്തി കരുതൽ തടങ്കലിൽ പാർപ്പിച്ചിട്ടുണ്ട്. നിലവിൽ പാലക്കാട് ജില്ലയിലെ ചാലിശ്ശേരി, പാലക്കാട് ടൗൺ സൗത്ത് പോലീസ് സ്റ്റേഷനുകളിൽ കഞ്ചാവും, മറ്റ് ലഹരി മരുന്നുകളും പിടിക്കപ്പെട്ടതിനും ചാലിശ്ശേരി പോലീസ് സ്റ്റേഷൻ പരിധിയിൽ വാവന്നൂർ ചാലിപ്രത്ത് വച്ച് മാരകായുധം ഉപയോഗിച്ച് ആക്രമണം നടത്തി ഗുരുതര പരിക്കേൽപ്പിച്ചതിനും ഇരുമ്പകശ്ശേരി എ.യി.പി സ്‌കൂളിന് സമീപം വച്ച് പരിക്കേൽപ്പിച്ച് പണം കവർച്ച ചെയ്തതിനും ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

Advertisement
Advertisement