236 കിലോ ചന്ദനവുമായി രണ്ടു പേർ പിടിയിൽ

Saturday 25 May 2024 1:33 AM IST

ഷൊർണൂർ: 236 കിലോ ചന്ദനവുമായി രണ്ടു പേരെ ഒറ്റപ്പാലം റെയ്ഞ്ച്
വനംവകുപ്പ് പിടികൂടി. ഒരാൾ രക്ഷപ്പെട്ടു. ഒന്നാം പ്രതി കരിമ്പുഴ ആറ്റാശ്ശേരി കുടമല വീട്ടിൽ മുഹമ്മദ് സക്കീർ( 32), മൂന്നാം പ്രതി ശ്രീകൃഷ്ണപുരം പനിയതൊടി വീട്ടിൽ ബാബു(41) എന്നിവരെയാണ് ഒറ്റപ്പാലം വനം റെയിഞ്ച് ഓഫീസർ കെ.പി.ജിനേഷിന്റെ നേതൃത്വത്തിലുളള സംഘം പിടികൂടിയത്. മുഹമ്മദ് സക്കീറിന്റെ സഹോദരൻ മുഹമ്മദ് സജീറാണ് ഓടി രക്ഷപ്പെട്ടത്. കേസിൽ ഇയാൾ രണ്ടാം പ്രതിയാണ്. വനം വകുപ്പിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് വ്യാഴാഴ്ചയാണ് പട്ടാമ്പി മരുതൂരിൽമുഹമ്മദ് സക്കീർ വാടകയ്ക്ക് തമാസിക്കുന്ന വീട്ടിലേക്ക് സംഘം എത്തിയത്. ചന്ദന തടികളും
ചീളുകളുമായി 236 കിലോ ചന്ദനമാണ് പിടികൂടിയത്. വീട്ടിലെ ഒരു മുറിയിലും വീടിനോട് ചേർന്നുള്ള ചായ്പ്പിലും ഓട്ടോറിക്ഷയിലുമായാണ് ചന്ദനം സൂക്ഷിച്ചിരുന്നത്. ചന്ദനം കൊണ്ടുപോകാൻ ഉപയോഗിച്ചിരുന്ന രണ്ട് ഓട്ടോറിക്ഷ, ചന്ദനം വെട്ടാൻ ഉപയോഗിച്ച ആയുധങ്ങളും വനം വകുപ്പ് കസ്റ്റഡിയിലെടുത്തു. ഓടിപ്പോയ മുഹമ്മദ് സജീറിനെ ഉടൻ പിടികൂടുമെന്ന് കെ.പി.ജിനേഷ് പറഞ്ഞു. പ്രതികളെ വെള്ളിയാഴ്ച കോടതിയിൽ ഹാജരാക്കും.

Advertisement
Advertisement