ചാലക്കുടി കെ.എസ്.ആർ.ടി.സി ഡിപ്പോയെ ബഡ്ജറ്റ് ടൂറിസം ഹബ്ബാക്കും : മന്ത്രി

Saturday 25 May 2024 1:35 AM IST

ചാലക്കുടി: കെ.എസ്.ആർ.ടി.സിയുടെ ടൂറിസം ബഡ്ജറ്റിന്റെ ഹബ്ബായി ചാലക്കുടി ഡിപ്പോയെ മാറ്റുമെന്ന് മന്ത്രി കെ.ബി.ഗണേഷ്‌കുമാർ. വിവിധ പ്രശ്‌നങ്ങൾ ശ്രദ്ധയിൽപെടുത്തുവാൻ സനീഷ്‌കുമാർ ജോസഫ് എം.എൽ.എ അഭ്യർത്ഥിച്ചതിനെ തുടർന്ന് ഡിപ്പോ സന്ദർശിക്കാനെത്തിയതായിരുന്നു മന്ത്രി. ടൂറിസം പാക്കേജിൽ കൂടുതൽ ബസുകൾ അനുവദിക്കും. വിനോദ സഞ്ചാരത്തിന് അനുകൂല മേഖലയെന്ന പരിഗണനയാണ് ഇതിന് കാരണം. ഇതിന് പുറമേ ഡിപ്പോയിൽ ആധുനിക റെസ്‌റ്റോറന്റും ആരംഭിക്കും. മലക്കപ്പാറയിൽ സ്റ്റേ ചെയ്യുന്ന ബസിലെ ജീവനക്കാർക്ക് രാത്രി താമസം സൗജന്യമാക്കും. ചാലക്കുടിക്ക് ദീർഘദൂര സ്വിഫ്‌റ്റ് സൂപ്പർ ഫാസ്റ്റും പഴനി വഴി പുതിയ ഇന്റർ സ്റ്റേറ്റ് ബസും അനുവദിക്കും. റൂട്ട് ഡിപ്പോ അധികൃതർ രണ്ട് ദിവസത്തിനകം അറിയിക്കണം. ഗ്യാരേജ് നിർമ്മാണം ഉടൻ പുനരാരംഭിക്കും. ചാലക്കുടിയിലെ വാഹന ഡ്രൈവിംഗ് സ്‌കൂൾ ഡിപ്പോയിലെ ഒഴിഞ്ഞ സ്ഥലത്തേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു. എം.എൽ.എയ്ക്ക് പുറമേ നഗരസഭ ചെയർമാൻ എബി ജോർജ്ജും ഒപ്പമുണ്ടായിരുന്നു. എ.ടി.ഒ കെ.ജെ.സുനിൽകുമാർ, ജനറൽ കൺട്രോളിംഗ് ഓഫീസർ കെ.എസ്.ഹരി എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു.

Advertisement
Advertisement