ചുഴറ്റിയെറിയാൻ കാറ്റും ; മരങ്ങൾ ഇനിയും കടപുഴകും

Saturday 25 May 2024 1:39 AM IST

തൃശൂർ: മേഘവിസ്‌ഫോടനം മൂലമുണ്ടാകുന്ന അതിതീവ്ര മഴയ്ക്ക് സമാനമായ പെയ്ത്ത് ഇനിയുമുണ്ടാകാമെന്നും പെട്ടെന്നുള്ള അതിശക്തമായ കാറ്റ് മരങ്ങളെ കടപുഴക്കുമെന്നും കാലാവസ്ഥാ ഗവേഷകർ. വേനൽമഴയിലും തുലാമഴയിലും ഉണ്ടാകാറുള്ള ആഞ്ഞടിക്കുന്ന കാറ്റാണ് കഴിഞ്ഞ ദിവസമുണ്ടായത്. പ്രത്യേക മേഖലകളിലെ ഇടിമേഘങ്ങൾ അതിതീവ്ര മഴ പെയ്യിക്കുമ്പോൾ കാറ്റും ശക്തമാകും.

കഴിഞ്ഞ കുറെക്കാലമായി പുത്തൂർ, കല്ലൂർ ഭാഗങ്ങളിൽ കാറ്റുവീശി മരങ്ങൾ കടപുഴകിയതും ഇത്തരം സാദ്ധ്യത കൊണ്ടാണ്. തൃശൂർ നഗരത്തിലും കാറ്റ് ശക്തമായി. അറബിക്കടലിൽ രൂപപ്പെട്ട ചക്രവാതച്ചുഴിയും ബംഗാൾ ഉൾക്കടലിലെ മിന്നൽച്ചുഴലിയുമാണ് പെട്ടെന്നുള്ള അതിതീവ്രമഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുമ്പോഴും ഇനി മഴ എങ്ങനെ വഴിമാറുമെന്ന് കൃത്യമായി പ്രവചിക്കാനാവില്ല. അറബിക്കടലിൽ കേരളതീരത്തോട് ചേർന്ന് രൂപപ്പെട്ട ന്യൂനമർദ്ദത്തിന്റെ പ്രഭാവത്തിൽ തുടർന്നുള്ള ദിവസങ്ങളിലും പരക്കെ മഴ ലഭിക്കുമെന്നാണ് കരുതുന്നത്.

വീണ്ടും മരങ്ങൾ വീണു, ഓട്ടോ തകർന്നു

ശക്തമായ മഴയിൽ തൃശൂർ നഗരത്തിൽ രണ്ടിടങ്ങളിൽ വീണ്ടും വൻമരം കടപുഴകി വീണു. ജനറൽ ആശുപത്രിക്ക് സമീപം കോളേജ് റോഡിലാണ് രാവിലെ മരം വീണത്. മരത്തിനടിയിൽപെട്ട് ഗുഡ്‌സ് ഓട്ടോ തകർന്നു. ഒരു ഓട്ടോ പൂർണമായും ഒരെണ്ണം ഭാഗികമായും തകർന്നു. മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. മരം വീഴുന്നതിന് തൊട്ടു മുമ്പ് നിറയെ യാത്രക്കാരുമായി ബസും ഇതുവഴി കടന്നിരുന്നു. തൃശൂർ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ മരങ്ങൾ മുറിച്ച് മാറ്റി. മരം വീണതിനെ തുടർന്ന് വൈദ്യുതി ലൈനുകൾ പൊട്ടിയതോടെ വൈദ്യുതി വിതരണവും താറുമാറായി. പടിഞ്ഞാറെക്കോട്ടയിൽ കവിത ബാറിന് സമീപം വൈദ്യുതി ലൈനിലേക്ക് മരം കടപുഴകി വീണു. അഗ്‌നിശമന സേനയെത്തി മരം മുറിച്ചുമാറ്റി. കഴിഞ്ഞദിവസം സ്വരാജ് റൗണ്ടിൽ തേക്കിൻകാട്ടിൽ നിന്നിരുന്ന മരം കടപുഴകി ഓടിക്കൊണ്ടിരുന്ന കാറിന് മുകളിൽ വീണു. കളക്ടറേറ്റിന് സമീപവും കൂറ്റൻ മരം കടപുഴകി വീണ് വെസ്റ്റ് സ്റ്റേഷന്റെ മതിലും സമീപത്തെ കെട്ടിടവും തകർന്നു. ചേറ്റുപുഴ റോഡിലും മരം വീണ് ഗതാഗതം തടസപ്പെട്ടിരുന്നു.

വിദ്യാർത്ഥി കോർണർ ഇടിഞ്ഞു

ചരിത്ര പ്രാധാന്യമുള്ള വിദ്യാർത്ഥി കോർണർ കനത്ത മഴയിൽ ഇടിഞ്ഞുവീണു. ഇന്നലെ രാവിലെയാണ് വടക്കുന്നാഥ ക്ഷേത്രമതിലിനോട് ചേർന്നുള്ള വിദ്യാർത്ഥി കോർണറിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണത്. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എം.കെ.സുദർശൻ, സെക്രട്ടറി പി.ബിന്ദു, ഡെപ്യൂട്ടി കമ്മിഷണർ സുനിൽ കർത്താ, ഡെപ്യൂട്ടി സെക്രട്ടറി എം.മനോജ് കുമാർ, വടക്കുന്നാഥ ക്ഷേത്രം മാനേജർ സരിത എന്നിവർ സ്ഥലത്തെത്തി.

മലയോരവും തീരദേശവും ഗുരുതരമായ പ്രത്യാഘാതങ്ങളാണ് നേരിടുന്നത്. പ്രവചനാതീതമായി കാറ്റും മഴയും ഇനിയും തുടരും.

ഡോ.വേണു ജി.നായർ,
സെന്റർ ഫോർ എർത്ത് റിസർച്ച്
ആൻഡ് എൻവയോൺമെന്റ് മാനേജ്‌മെന്റ്.

Advertisement
Advertisement