നടി ലൈല ഖാന്റെ കൊലപാതകം: രണ്ടാനച്ഛന് വധശിക്ഷ,

Saturday 25 May 2024 2:12 AM IST

അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി

മുംബയ്: ബോളിവുഡ് നടി ലൈല ഖാനെയും കുടുംബാംഗങ്ങളെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ രണ്ടാനച്ഛൻ പർവേസ് തക്കിന് വധശിക്ഷ. മുംബയ് സെഷൻസ് കോടതിയുടേതാണ് വിധി. സംഭവം നടന്ന് 13 വർഷത്തിനുശേഷമാണ് വിധി വരുന്നത്. കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് നിരീക്ഷിച്ച ജഡ്‌ജി സച്ചിൻ പവാർ പർവേസിനെ തൂക്കിലേറ്റാൻ വിധിക്കുകയായിരുന്നു. തെളിവ് നശിപ്പിച്ചതിന് ഏഴുവർഷത്തെ തടവും അനുഭവിക്കണം. പ്രതി കുറ്റക്കാരനാണെന്ന് മേയ് ഒമ്പതിന് കോടതി കണ്ടെത്തിയിരുന്നു.40 സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു.
ലൈലാ ഖാൻ,​ മാതാവ് സെലീന,​ നാല് സഹോദരങ്ങൾ എന്നിവർ 2011ലാണ് കൊല്ലപ്പെട്ടത്. സെലീനയുടെ മൂന്നാമത്തെ ഭർത്താവാണ് പർവേസ്.

വേലക്കാരനായിട്ടാണ് കുടുംബം തന്നെ കരുതുന്നതെന്ന തോന്നൽ പർവേസിനുണ്ടായിരുന്നുവെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. ഇവർ ദുബായിലേക്ക് താമസം മാറുമ്പോൾ തന്നെ ഇന്ത്യയിൽ ഉപേക്ഷിക്കുമെന്ന് ഇയാൾ ഭയപ്പെട്ടിരുന്നെന്നും പറഞ്ഞു.

ലൈല, മാതാവ് സെലീന, നാലു സഹോദരങ്ങൾ എന്നിവരെ മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലുള്ള ഇഗത്പുരിയിലെ ബംഗ്ലാവിൽ വച്ച് 2011 ഫെബ്രുവരിയിലാണ് പർവേസ് കൊലപ്പെടുത്തിയത്. സെലീനയുടെ സ്വത്തിന്റെ പേരിലുണ്ടായ തർക്കത്തിന് പിന്നാലെയായിരുന്നു കൊല. സെലീനയെ ആദ്യം കൊലപ്പെടുത്തി. പിന്നീട് ലൈലയേയും നാല് സഹോദരങ്ങളെയും കൊലപ്പെടുത്തി.

സംഭവം നടന്ന് മാസങ്ങൾക്കുശേഷം ജമ്മു കാശ്മീരിൽ വച്ച് പർവേസിനെ പൊലീസ് പിടികൂടി. ശേഷമാണ് കൊലപാതക വിവരം അറിയുന്നത്. അഴുകിയ നിലയിൽ മൃതദേഹങ്ങൾ ബംഗ്ലാവിൽ നിന്ന് കണ്ടെത്തുകയായിരുന്നു.

Advertisement
Advertisement