ബംഗാൾ രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള അന്വേഷണത്തിന് സ്റ്റേ

Saturday 25 May 2024 2:22 AM IST

ന്യൂഡൽഹി : ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസിനെതിരെ ലൈംഗിക അതിക്രമ ആരോപണമുന്നയിച്ച മുൻ ജീവനക്കാരിയെ രാജ്ഭവനിലെ ജീവനക്കാർ തടഞ്ഞുവെന്ന കേസിൽ അന്വേഷണം സ്റ്റേ ചെയ്‌ത് കൽക്കട്ട ഹൈക്കോടതി. എഫ്.ഐ.ആറുകളും അന്വേഷണനടപടികളും റദ്ദാക്കണമെന്നാവശ്യപ്പെട്ട് രാജ്ഭവനിലെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടിയായി ജോലി ചെയ്യുന്ന സന്ദീപ് കുമാർ സിംഗാണ് ഹൈക്കോടതിയെ സമീപിച്ചത്. സന്ദീപ് കുമാർ സിംഗ് അടക്കം മൂന്ന് ജീവനക്കാർക്കെതിരെയാണ് മുൻ ജീവനക്കാരി പരാതി നൽകിയതും കൊൽക്കത്ത പൊലീസ് കേസെടുത്തതും. രാജ്ഭവനിലെ ഒരു മുറിയിൽ തടഞ്ഞുവച്ചെന്നും, ബാഗും ഫോണും കൈക്കലാക്കാൻ ശ്രമിച്ചെന്നും, ഗവർണർക്കെതിരെ ശബ്‌ദമുയർത്തരുതെന്ന് ജീവനക്കാർ മുന്നറിയിപ്പ് നൽകിയെന്നുമാണ് മുൻ ജീവനക്കാരിയുടെ ആരോപണം. പ്രതിപട്ടികയിലുള്ള ജീവനക്കാർ കൊൽക്കത്ത കോടതിയിൽ നിന്ന് മുൻകൂർ ജാമ്യം നേടിയിരുന്നു. ഇക്കാര്യം പരിഗണിച്ച കൽക്കട്ട ഹൈക്കോടതി ജഡ്‌ജി അമൃത സിൻഹ, ജൂൺ 17വരെ അന്വേഷണം നിർത്തിവയ്‌ക്കാൻ ഉത്തരവിടുകയായിരുന്നു. ഇതുവരെ നടത്തിയ അന്വേഷണത്തിന്റെ വിവരങ്ങൾ റിപ്പോർട്ടായി ജൂൺ 10നകം കൊൽക്കത്ത പൊലീസ് സമർപ്പിക്കണം.

ചോരക്കളി അവസാനിപ്പിക്കണം:

ഗവർണർ

നന്ദിഗ്രാമിൽ സംഘർഷത്തിനിടെ പട്ടികജാതി വിഭാഗത്തിൽപ്പെട്ട ബി.ജെ.പി പ്രവർത്തക കൊലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രി മമത ബാനർജിയെ രൂക്ഷമായ ഭാഷയിൽ വിമർശിച്ചും, മുന്നറിയിപ്പ് നൽകിയും ബംഗാൾ ഗവർണർ ഡോ. സി.വി. ആനന്ദബോസ്. മമത ചോരക്കളി അവസാനിപ്പിക്കണം. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ പരിധിക്കകത്തു നിന്നുക്കൊണ്ട് നടപടിയെടുക്കണം. സർക്കാർ സ്‌പോൺസേർഡ് അക്രമങ്ങളാണ് നന്ദിഗ്രാമിൽ നടക്കുന്നത്. ഇത് അംഗീകരിക്കാനാകില്ല. ഏത് ഭരണഘടനാ ലംഘനവും ഗൗരവമായി പരിഗണിക്കും. ഉചിതമായ നടപടി പിന്നാലെയുണ്ടാകുമെന്നും മമത സർക്കാരിന് അയച്ച കത്തിൽ ഗവ‌ർണർ വ്യക്തമാക്കി. സംഭവത്തിൽ അടിയന്തിര നടപടിയെടുക്കാനും, ഇതുവരെ സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ആക്ഷൻ ടേക്കൻ റിപ്പോ‌ർട്ട് സമർപ്പിക്കാനും കർശന നിർദ്ദേശം നൽകി.

Advertisement
Advertisement