നിനോ മാത്യുവിന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി

Saturday 25 May 2024 3:44 AM IST

കൊച്ചി: ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസിൽ ഒന്നാം പ്രതി ആറ്റിപ്ര മാഗി ഗാർഡൻസിൽ നിനോ മാത്യുവിന് വിചാരണക്കോടതി വിധിച്ച വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമാക്കി കുറച്ചു. രണ്ടാം പ്രതിയും നിനോയുടെ കാമുകിയുമായ ആലംകോട് തുഷാരത്തിൽ അനുശാന്തിയുടെ ഇരട്ടജീവപര്യന്തം ശരിവച്ചു.

അനുശാന്തിയുടെ മകൾ സ്വസ്തിക (4), ഭർത്തൃമാതാവ് ഓമന (67) എന്നിവരെ അനുശാന്തിയുടെ ഒത്താശയോടെ നിനോ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്തിയതാണ് കേസ്. നിനോ 25 വർഷം പരോളില്ലാതെ കഠിനതടവ് അനുഭവിക്കണമെന്നും ജസ്റ്റിസ് പി.ബി. സുരേഷ്‌കുമാറും ജസ്റ്റിസ് ജോൺസൺ ജോണും ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് വിധിച്ചു.

കുറ്റകൃത്യം അപൂർവങ്ങളിൽ അത്യപൂ‌ർവമായി കണക്കാക്കാനാകില്ല. നിഷ്കളങ്കയായ കുഞ്ഞിനെയും നിസ്സഹായയായ വയോധികയെയും കൊലപ്പെടുത്തിയ പ്രതിക്ക് 14 വർഷത്തെ തടവ് അപര്യാപ്തമാണെന്ന് വിലയിരുത്തിയാണ് 25 വർഷമായി നീട്ടിയത്. നിനോ സ്വയം നവീകരിക്കാൻ ഇടയുണ്ടെന്ന മിറ്റിഗേഷൻ അന്വേഷണ റിപ്പോർട്ടും പരിഗണിച്ചു.

2014 ഏപ്രിൽ 16നായിരുന്നു ഇരട്ടക്കൊലപാതകം. അനുശാന്തിയുടെ ഭർത്താവ് ലിജീഷിനും ഗുരുതര പരുക്കേറ്റിരുന്നു. ടെക്‌നോപാർക്കിൽ ജോലിചെയ്തിരുന്ന നിനോയും അനുശാന്തിയും വഴിവിട്ട ബന്ധം തുടർന്നിരുന്നു. ഒരുമിച്ചു ജീവിക്കാൻ ഇരുവരും നടത്തിയ ഗൂഢാലോചനയാണ് ഇരട്ടക്കൊലയിലേക്ക് നയിച്ചത്.

ലിജീഷും നാട്ടുകാരും പ്രതിയെ നേരിൽക്കണ്ടത് നിർണായകമായി. ആയുധങ്ങളും രക്തം പുരണ്ട വസ്ത്രങ്ങളും കണ്ടെടുത്തു. മൊബൈൽ ഫോൺ വഴി നിനോയും അനുശാന്തിയും അയച്ച സന്ദേശങ്ങളും സ്വകാര്യചിത്രങ്ങളും തെളിവായി.

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി വിധിക്കെതിരേ നിനോയും അനുശാന്തിയും നൽകിയ അപ്പീലുകളും ഒന്നാംപ്രതിയുടെ വധശിക്ഷ നടപ്പാക്കണമെന്ന സർക്കാരിന്റെ ഹർജിയുമാണ് ഹൈക്കോടതി പരിഗണിച്ചത്.

കളമൊരുക്കി

അനുശാന്തി

രാവിലെ പത്തുമണിയോടെ അനുശാന്തിയുടെ ഭർത്തൃവീട്ടിലെത്തിയ നിനോ മാത്യു, ലീജീഷിന്റെ സുഹൃത്താണെന്നും വിവാഹംക്ഷണിക്കാൻ വന്നതാണെന്നും പറഞ്ഞു. ലിജീഷിനെ കാണണമെന്ന് കാണണമെന്ന് ആവശ്യപ്പെട്ടു. ലിജീഷിനെ ഓമന ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ലിജീഷ് എത്തുംമുമ്പേ കുഞ്ഞിനെയും ഓമനയെയും പ്രതി കൊലപ്പെടുത്തി. വാതിലിനു പിന്നിൽ പതിയിരുന്ന നിനോ വന്നുകയറിയ ലിജീഷിനെ ആക്രമിച്ചു.വലത് ചെവിയുടെ മുകളിൽ വെട്ടേറ്റെങ്കിലും ലിജീഷ് ചെറുത്ത് നിന്നതോടെ നിനോ മാത്യൂ ഓടി രക്ഷപ്പെട്ടു. വീടിന്റെയും വഴിയുടെയും ഫോട്ടോകളും വീഡിയോയും നിനോയ്ക്ക് അയച്ചുകൊടുത്ത അനുശാന്തി ബോധപൂർവം മാറിനിന്നു.

Advertisement
Advertisement